23-August-2024 -
By. entertainment desk
കൊച്ചി: മോസ്‌കോയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഫിലിം വീക്കില്‍ ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ വ്യക്തികള്‍ക്കും സിനിമകള്‍ക്കും ലഭിക്കുന്ന പ്രാധാന്യം ഇന്ത്യന്‍ ചലച്ചിത്ര വ്യവസായത്തിന് വന്‍ പ്രതീക്ഷ നല്‍കുന്നു.മോസ്‌കോ സാംസ്‌കാരിക വകുപ്പും ക്രിയേറ്റീവ് ഇന്റസ്ട്രീസും ചേര്‍ന്ന് സംഘടിപ്പിച്ചിരിക്കുന്ന മേളയില്‍ 18 ഇന്ത്യന്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖരായ നിരവധി ഇന്ത്യന്‍ പ്രതിനിധികളുടെ സാന്നിധ്യവും ഇന്ത്യന്‍ ചലച്ചിത്ര വ്യവസായത്തിന് ലഭിച്ച വലിയ അംഗീകാരമാണ്. ഇന്ത്യന്‍ സിനിമകള്‍ക്ക് പുറമേ 300 ല്‍ അധികം റഷ്യന്‍ സിനിമകളും 70 ല്‍പരം അന്താരാഷ്ട്ര സിനിമകളും ഫിലിം വീക്കില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇന്ത്യ, ചൈന, തുര്‍ക്കി, ഇറാന്‍, തായ്‌ലാന്റ്, സിഐഎസ് രാജ്യങ്ങള്‍ തുടങ്ങിയ 40 ല്‍പരം രാജ്യങ്ങളില്‍ നിന്നുള്ള വിശിഷ്ട വ്യക്തിത്വങ്ങളുടെ സാന്നിധ്യം മോസ്‌കോയെ വലിയൊരു അന്താരാഷ്ട്ര സിനിമാറ്റിക് ഹബ്ബായി മാറ്റി.
മഹാരാഷ്ട്ര സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പ് മന്ത്രി സുധീര്‍ എസ്. മുന്‍ഗന്തിവാര്‍, മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും സാംസ്‌കാരിക വകുപ്പിന്റെയും സെക്രട്ടറിയായ വികാസ് ഖരാഗെ, തെലുങ്ക് ഫിലിം ചേംബര്‍ ഓഫ് കോമേഴ് സ് പ്രസിഡന്റ് ദില്‍ രാജു, ചലച്ചിത്ര മാധ്യമ വ്യവസായ രംഗത്തെ പ്രമുഖരായ നോയിഡ ഫിലിം സിറ്റി സ്ഥാപകന്‍ സന്ദീപ് മര്‍വ, ഇന്‍വെസ്റ്റ്‌മെന്റ് ഇന്ത്യ വൈസ് പ്രസിഡന്റും എഫ് എഫ് ഒ മേധാവിയുമായ ശ്രുധി രാജകുമാര്‍, ഗ്രീന്‍ഗോള്‍ഡ് സ്റ്റുഡിയോ സി ഇ ഒ രാജീവ് ചിലക്, മീഡിയ ആന്റ് എന്റര്‍ടൈന്‍മെന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ സി ഇ ഒ അങ്കുര്‍ ഭാസിന്‍, ടൂണ്‍സ് മീഡിയ ഗ്ലോബല്‍ പ്രൊഡക്ഷന്‍ ഹെഡ് രത്തന്‍ ശാം ജോര്‍ജ്, ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ പ്രൊഡക്ഷന്‍ തലവന്‍ മരിജ്‌കെ ഡി സൂസ, വിയാകോം 18 സ്റ്റുഡിയോ സീനിയര്‍ വൈസ് പ്രസിഡന്റ് ഗായത്രി ഗുലാത്തി, വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഇന്ത്യയില്‍ നിന്നും പരിപാടിയില്‍ പങ്കെടുക്കുന്ന പ്രമുഖരില്‍ ചിലരാണ്. ചലച്ചിത്ര വ്യവസായത്തിലെ ഇന്ത്യന്‍ പ്രതിനിധികളുടെ പങ്കാളിത്തം മൂലം ഭാവിയില്‍ ഈ മേഖലയില്‍ ഉണ്ടാകാവുന്ന സഹകരണത്തിന്റെയും പരിവര്‍ത്തനത്തിന്റെയും പാതലേക്കുള്ള തുടക്കമാണ് മേളയുടെ ഏറ്റവും വലിയ വിജയം.