Society Today
Breaking News

കൊച്ചി:  സംവരണം മതങ്ങള്‍ക്കല്ല നല്‍കേണ്ടതെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഭരണഘടന അനുശാസിക്കുന്ന സംവരണ നയങ്ങളില്‍ വെള്ളം ചേര്‍ത്ത നടപടി  അംഗീകരിക്കാന്‍ കഴിയില്ലെന്നും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന വാര്‍ഷിക യോഗം പ്രമേയത്തിലൂടെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. സംവരണം ഹിന്ദു മതത്തിലെ പിന്നാക്ക ജാതി വിഭാഗങ്ങള്‍ക്ക് തന്നെ നിലനിര്‍ത്താനുള്ള നടപടികള്‍ തുടരണം. മുസ്ലിം, പരിവര്‍ത്തിത ക്രൈസ്തവ വിഭാഗങ്ങളിലുള്ളവര്‍ക്ക് സംവരണം നല്‍കുന്ന നടപടി അടയന്തിരമായി അവസാനിപ്പിക്കണം. അംബേദ്കറുടെ നേതൃത്വത്തില്‍ രൂപം കൊടുത്ത ഭാരതത്തിന്റെ ഭരണഘടന തത്വങ്ങള്‍ക്ക് ഈ നയം എതിരാണ്. ഇനിയും ഇത്തരത്തിലുള്ള മതപരമായ സംവരണ ആനുകൂല്യങ്ങള്‍ തുടരരുതെന്നും യോഗം ആവശ്യപ്പെട്ടു.

ന്യൂനപക്ഷ വിഭാഗങ്ങള്‍ അവരുടെ രാഷ്ട്രീയ സമ്മര്‍ദ്ധം കൊണ്ട് അനര്‍ഹമായ സംവരണ ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്ന പ്രവണതയാണ് നിലവിലുള്ളത്. ഇത്തരത്തിലുള്ള സാഹചര്യങ്ങള്‍  അവസാനിപ്പിച്ച് ഹൈന്ദവ വിഭാഗത്തിലെ പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഭരണഘടനാനുസൃതമായ സംവരണം ഉറപ്പുവരുത്തി അവരെ ശാക്തീകരിക്കാനുള്ള നടപടികള്‍ക്ക് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. ബംഗ്ലാദേശിലെ ഹൈന്ദവ സമൂഹം നേരിടുന്ന പീഢനങ്ങള്‍ക്ക് ശാശ്വതമായ അവസാനവും പരിഹാരവും ഉടന്‍ കണ്ടെത്താന്‍ ലോകരാഷ്ട്രങ്ങളും ഐക്യരാഷ്ട്ര സംഘടനയും നടപടികള്‍ സ്വീകരിക്കണമെന്നും  പ്രമേയത്തിലൂടെ യാഗം ആവശ്യപ്പെട്ടു.

നാമജപ ഘോഷയാത്രയോടു കൂടിയാണ് സമ്മേളനത്തിന് തുടക്കമായത് തുടര്‍ന്നു ഗുരുവായൂര്‍ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന വിശ്വ ഹിന്ദു പരിഷത്ത് ഷഷ്ടിപൂര്‍ത്തി സമ്മേളനം സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്തു. സ്വാമി വിവിക്താനന്ദ സരസ്വതി,സ്വാമി സദ് സ്വരൂപാനന്ദ സരസ്വതി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. വിശ്വ ഹിന്ദു പരിഷത്ത് ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറി സ്ഥാണുമാലയന്‍, ദേശീയ ജോയിന്റ്് സെക്രട്ടറിമാരായ നാഗരാജ് , വെങ്കിടേഷ് ,ക്ഷേത്രീയ സംഘടന സെക്രട്ടറി കേശവരാജു, സംസ്ഥാന പ്രസിഡണ്ട് വിജി തമ്പി, സംസ്ഥാന ജനറല്‍ സെക്രട്ടറി വി ആര്‍ രാജശേഖരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.വിവിധ ജില്ലകളില്‍ നിന്നുള്ള അഞ്ഞൂറോളം പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു

Top