Society Today
Breaking News

ചിരിയും ചിന്തയും സമ്മാനിക്കുന്ന' പാലും പഴവും'. വി കെ പ്രകാശ് സംവിധാനം ചെയ്ത് മലയാളികളുടെ എക്കാലത്തെയും പ്രിയ നടി മീരാ ജാസ്മിനും യുവനടന്മാരില്‍ ശ്രദ്ധേയനായി മാറുന്ന അശ്വിനും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ' പാലും പഴവും' എന്ന ചിത്രത്തെക്കുറിച്ച് ഒറ്റവാചകത്തില്‍ പറയാന്‍ കഴിയുന്നത് ഇങ്ങനെയാണ്. മലയാളികളുടെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളായ വികെപി എന്ന് മുന്നക്ഷരത്തില്‍ അറിയപ്പെടുന്ന വി.കെ പ്രകാശിന്റെ സംവിധാന മികവിന്റെ മറ്റൊരു ഉദാഹരണമാണ് ' പാലും പഴവും ' . പേരില്‍ നിന്നു തന്നെ ചിത്രം എങ്ങനെയുള്ളതാണെന്ന് ഏകദേശ രൂപം ലഭിക്കും.  

ഏതു പ്രായത്തില്‍പ്പെട്ടവരും ചിന്തിക്കേണ്ട ഗൗരവമായ ഒരു വിഷയത്തെ നര്‍മ്മത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്ന  ചിത്രമാണ് പാലും പഴവും.  ഇന്‍സ്റ്റാം ഗ്രാം ഉള്‍പ്പെടെയുള്ള മറ്റു നവമാധ്യമങ്ങള്‍ മലയാളികള്‍ക്കിടയില്‍ പ്രചാരത്തിലാകുന്നതിനു മുമ്പ് ഏവരുടെയും ഹരമായിരുന്ന ഫേസ് ബുക്കാണ് ചിത്രത്തിലെ ഒരു പ്രധാന ഘടകം. ഫ്രീക്കായി  പ്രത്യേകിച്ച് വലിയ ലക്ഷ്യങ്ങളൊന്നുമില്ലാതെ നടക്കുന്ന  അമ്മയുടെ വാവയായ 23 കാരന്‍ സുനിലും (അശ്വിന്‍), ഒട്ടേറെ മാനസിക സംഘര്‍ഷങ്ങളിലൂടെ കടന്നു പോകുന്ന 33 വയസുകാരി സുമി(മീരാ ജാസ്മിന്‍)യും അപ്രതീക്ഷിതമായി ഫേസ് ബുക്കിലൂടെ പരിചയപ്പെടുന്നതും തങ്ങളുടെ പ്രായം പരസ്പരം അറിയാതെ അവര്‍ പ്രണയിക്കുകയും പെട്ടെന്നൊരുനാള്‍ വീട്ടുകാര്‍ അറിയാതെ  രജിസ്റ്റര്‍ വിവാഹം കഴിക്കുന്നതും  തുടര്‍ന്നുള്ള അവരുടെ ജീവിതത്തിനു അവരുടെ പ്രായം വെല്ലുവിളിയാകുകയും ചെയ്യുന്നതിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.

കുസൃതിയും ഒപ്പം ആഴത്തില്‍ ഹൃദയത്തില്‍ സ്പര്‍ശിക്കുന്ന കഥാപാത്രവുമായി മീരാ ജാസ്മിന്‍ വീണ്ടും മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ തനിക്കുള്ള സ്ഥാനം ഊട്ടി ഉറപ്പിച്ചു. യുവനടന്മാരില്‍ ശ്രദ്ധേയനായി മാറുന്ന അശ്വിനും സുനില്‍ എന്ന കഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിച്ചിട്ടുണ്ട്. നര്‍മ്മം വിതറുന്ന സംഭാഷണങ്ങളും രംഗങ്ങളുമായി അശോകന്റെ ബാങ്ക് മാനേജറും,  സുമേഷ് ചന്ദ്രന്റെ പ്യൂണും തീയ്യറ്ററില്‍ പൊട്ടിച്ചിരി ഉയര്‍ത്തുന്നുണ്ട്. ഇവരെ കൂടാതെ മണിയന്‍പിള്ള രാജു, ശാന്തികൃഷ്ണ, രചന നാരായണന്‍കുട്ടി,നിഷ സാരംഗ്,മിഥുന്‍ രമേഷ്,ആദില്‍ ഇബ്രാഹിം, രഞ്ജിത് മണമ്പ്രക്കാട്ട് എന്നിവരും മികച്ച അഭിനയമാണ് ചിത്രത്തില്‍ നടത്തിയിരിക്കുന്നത്.

ടു ക്രിയേറ്റീവ് മൈന്‍ഡ്‌സിന്റെ ബാനറില്‍ വിനോദ് ഉണ്ണിത്താനും സമീര്‍ സേട്ടും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ആഷിഷ് രജനി ഉണ്ണികൃഷ്ണന്‍ ആണ് നിര്‍വ്വഹിച്ചിരിക്കുന്നത്.ഛായാഗ്രഹണം രാഹുല്‍ ദീപ്. എഡിറ്റര്‍ പ്രവീണ്‍ പ്രഭാകര്‍. സംഗീതം ഗോപി സുന്ദര്‍, സച്ചിന്‍ ബാലു, ജോയല്‍ ജോണ്‍സ് , ജസ്റ്റിന്‍  ഉദയ്.  വരികള്‍ സുഹൈല്‍ കോയ,നിതീഷ് നടേരി, വിവേക് മുഴക്കുന്ന് ,  ടിറ്റോ പി തങ്കച്ചന്‍.പശ്ചാത്തല സംഗീതം ഗോപി സുന്ദര്‍,  സൗണ്ട് ഡിസൈനര്‍ & മിക്‌സിങ് സിനോയ് ജോസഫ്.പ്രൊഡക്ഷന്‍ ഡിസൈനര്‍ സാബു മോഹന്‍,മേക്കപ്പ് ജിത്തു പയ്യന്നൂര്‍,കോസ്റ്റ്യൂം ആദിത്യ നാനു.ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ആശിഷ് രജനി ഉണ്ണികൃഷ്ണന്‍, അസോസിയേറ്റ് ഡയറക്ടര്‍സ് ബിബിന്‍ ബാലചന്ദ്രന്‍ , അമല്‍രാജ് ആര്‍.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നന്ദു പൊതുവാള്‍,എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ശീതള്‍ സിംഗ്.ലൈന്‍ പ്രൊഡ്യൂസര്‍ സുഭാഷ് ചന്ദ്രന്‍ പ്രൊജക്റ്റ് ഡിസൈനര്‍ ബാബു മുരുഗന്‍, പി ആര്‍ ഓ മഞ്ജു ഗോപിനാഥ്.സ്റ്റില്‍സ് അജി മസ്‌കറ്റ്. 

Top