Society Today
Breaking News

കൊച്ചി: ആധുനിക വൈദ്യശാസ്ത്രം, ആയുര്‍വേദം, വിനോദസഞ്ചാരം എന്നിവയിലൂന്നി കേരളത്തെ ലോകത്തെ മികച്ച രോഗശാന്തി ലക്ഷ്യസ്ഥാനമായി മാറ്റുന്നതിന് വേണ്ടുന്ന ശ്രമങ്ങള്‍ നടത്തണമെന്ന് ആഗോള ആയുര്‍വേദ ഉച്ചകോടിയും കേരള ഹെല്‍ത്ത് കെയര്‍ ടൂറിസവും ആവശ്യപ്പെട്ടു.സമഗ്രമായ ആരോഗ്യ പരിപാലന അന്തരീക്ഷം സുഗമമാക്കുന്നതിനുള്ള നയപരമായ സംരംഭങ്ങളിലാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍  ഉച്ചകോടി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. പരമ്പരാഗത ആയുര്‍വേദ സമ്പ്രദായത്തെ അത്യാധുനിക വൈദ്യശാസ്ത്രവുമായി സമന്വയിപ്പിക്കുന്നതാണ് കേരളത്തിന്റെ ശക്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആയുര്‍വേദ റിസര്‍ച്ചും ഇടുക്കി ജില്ലയിലെ പുതിയ ആയുര്‍വേദ മെഡിക്കല്‍ കോളേജും ഉള്‍പ്പെടെ സംസ്ഥാനത്ത് ആയുഷ് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സംസ്ഥാന സര്‍ക്കാര്‍ 1000 കോടി രൂപ നിക്ഷേപിച്ചതായി അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ആയുഷ് വിപണി 2030 ഓടെ നിലവിലെ 43.3 ബില്യണ്‍ ഡോളറില്‍ നിന്ന് 200 ബില്യണ്‍ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഉദ്ഘാടന സെഷനില്‍ മുഖ്യപ്രഭാഷണം നടത്തിയ ആയുഷ് മന്ത്രാലയം സെക്രട്ടറി രാജേഷ് കോടെച്ച പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ എട്ട് മടങ്ങ് വളര്‍ച്ചയാണ് ഈ മേഖല സാക്ഷ്യം വഹിച്ചത്. രാജ്യത്തെ ആയുഷ് വ്യവസായം 2014ല്‍ 2.85 ബില്യണ്‍ ഡോളറില്‍ നിന്ന് 2024ല്‍ 24 ബില്യണ്‍ ഡോളറായി വളര്‍ന്നു.

 ജാംനഗറില്‍ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ ഗ്ലോബല്‍ ട്രഡീഷണല്‍ മെഡിസിന്‍ സെന്റര്‍ സ്ഥാപിക്കുന്നതിലൂടെയും 24 രാജ്യങ്ങള്‍ തമ്മിലുള്ള ധാരണാപത്രങ്ങള്‍ സ്ഥാപിച്ച് തന്ത്രപരമായ പങ്കാളിത്തത്തിലൂടെയും ആയുര്‍വേദത്തെ ആഗോള ആരോഗ്യപരിരക്ഷ പരിഹാരമായി മാറ്റുന്നതിന് മന്ത്രാലയം സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആയുഷ് ഉടന്‍ തന്നെ പ്രധാനമന്ത്രിയുടെ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമാകുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.കേരളത്തിലെ ടൂറിസത്തിനൊപ്പം ആധുനികവും പരമ്പരാഗതവുമായ വൈദ്യശാസ്ത്ര സമ്പ്രദായങ്ങള്‍ തമ്മിലുള്ള സമന്വയം കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസ്ഥാന  ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് ആവശ്യപ്പെട്ടു.

 മാലിദ്വീപില്‍ നിന്നുള്ള ഒരു നല്ല ശതമാനം ആളുകള്‍ ആരോഗ്യ സംരക്ഷണ ആവശ്യങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ തിരഞ്ഞെടുക്കുന്നത് കേരളമാണെന്ന് റിപ്പബ്ലിക് ഓഫ് മാലിദ്വീപിലെ ആരോഗ്യ സഹമന്ത്രി അഹമ്മദ് ഗാസിം പറഞ്ഞു. വിവിധ സേവന   ദാതാക്കള്‍ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുന്നതിലൂടെ കേരളത്തിന് കൂടുതല്‍ മെച്ചപ്പെടാന്‍ കഴിയുമെന്ന് സംസ്ഥാനത്തെ ആരോഗ്യ സംരക്ഷണ സൗകര്യങ്ങളെ അഭിനന്ദിച്ചുകൊണ്ട് ഗാസിം പറഞ്ഞു. ഉത്തരവാദിത്തം, ഡാറ്റ സംരക്ഷണം, സുരക്ഷ തുടങ്ങിയ മേഖലകളില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് അദ്ദേഹം പറഞ്ഞു. സേവനങ്ങളുടെ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ ഈ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 കേരളത്തിന്റെ ആരോഗ്യമേഖലയെക്കുറിച്ചുള്ള സിഐഐകെപിഎംജി റിപ്പോര്‍ട്ട് ഉദ്ഘാടന സെഷനില്‍ പ്രകാശനം ചെയ്തു. ഡോ.എം.എസ്.വലിയത്താന്റെ സ്മരണാര്‍ഥം ഔഷധം മാസികയുടെ പ്രത്യേക പതിപ്പും സെഷനില്‍ പ്രകാശനം ചെയ്തു.ആയുഷ് മന്ത്രാലയത്തിന്റെയും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെയും പിന്തുണയോടെ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയാണ് രണ്ട് ദിവസത്തെ ഉച്ചകോടിക്ക് നേതൃത്വം നല്‍കുന്നത്.

 സിഐഐ കേരള ചെയര്‍മാന്‍ വിനോദ് മഞ്ഞില, സിഐഐ ഗ്ലോബല്‍ ആയുര്‍വേദ സമ്മിറ്റ് ചെയര്‍മാന്‍ ഡോ.എസ്.സജികുമാര്‍, സിഐഐ കേരള ആയുര്‍വേദ പാനല്‍ കണ്‍വീനറും കോട്ടക്കല്‍ ആര്യ വൈദ്യശാല ചീഫ് ഫിസിഷ്യനുമായ ഡോ.പി.എം.വാരിയര്‍, കെഇഎഫ് ഹോള്‍ഡിംഗ്‌സ് സ്ഥാപകനും ചെയര്‍മാനുമായ ഫൈസല്‍ ഇ കൊട്ടിക്കൊല്ലന്‍, സിഐഐ ദേശീയ കോചെയര്‍മാന്‍, ആയുഷ്, അപ്പോളോ ആയുര്‍വൈദ് ഹോസ്പിറ്റല്‍സ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ രാജീവ് വാസുദേവന്‍, സിഐഐ സതേണ്‍ റീജിയന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. ആര്‍ നന്ദിനി, സിഐഐ കേരള ഹെല്‍ത്ത് കെയര്‍ പാനല്‍ കോ കണ്‍വീനറും മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ എംഡി ഡോ. പി.വി ലൂയിസ്, ആയുര്‍വേദ പാനല്‍ കോ കണ്‍വീനറും വൈദ്യരത്‌നം ഔഷധശാല എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. യദു നാരായണന്‍ മൂസ്സ്,  സിഐഐ ഡയറക്ടറും കേരള സ്‌റ്റേറ്റ് മേധാവിയുമായ ജയ്കൃഷ്ണന്‍ എന്നിവരും ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിച്ചു.രണ്ട് ദിവസത്തെ പരിപാടിയില്‍ 1000 പ്രതിനിധികളും  2000 ത്തോളം കാഴ്ചക്കാരും ആദ്യ ദിനത്തില്‍ ഉച്ചക്കോടിയിലെത്തി. 82 പ്രദര്‍ശനങ്ങളും ഉണ്ട്. 18 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

 
 

Top