31-August-2024 -
By. entertainement desk
'നിങ്ങള്‍ ഒരു കാര്യം അതിതീവ്രമായി ആഗ്രഹിച്ചാല്‍ അത് നിങ്ങള്‍ക്ക് നേടിത്തരാന്‍ ഈ പ്രപഞ്ചം മുഴുവന്‍ ഗൂഢാലോചന നടത്തും' - പൗലോ കൊയ്‌ലോ
'ആല്‍കെമിസ്റ്റ്' എന്ന നോവലിലൂടെ ലോകം ഏറ്റെടുത്ത ആശയമാണിത്. സ്വപ്നത്തെ അനുഗമിച്ച് നിധിതേടിപ്പോയ സാന്റിയാഗോയുടെ തിരിച്ചറിവാണ് പൗലോ കൊയ്‌ലോയുടെ 'ആല്‍ക്കെമിസ്റ്റ്' പറയുന്നത്. മികച്ചൊരു നര്‍ത്തകനാകണമെന്ന് ചെറുപ്പകാലം മുതല്‍ താന്‍ നിധിപോലെ മനസില്‍ കൊണ്ടുനടന്ന സ്വപ്‌നം എത്തിപ്പിടിച്ച കഥയാണ് പള്ളുരുത്തി തച്ചോടത്ത് പറമ്പില്‍ രാജേഷ് കൗസല്യ വാസു എന്ന കെ.വി രാജേഷിന്റേത്. ജീവിത പ്രാരാബ്ധങ്ങള്‍ക്ക് നടുവില്‍ ഉപജീവനത്തിനായി ചുമട്ട് തൊഴിലാളിയുടേതടക്കമുള്ള പല പല വേഷങ്ങളും രാജേഷിന് അണിയേണ്ടിവന്നു. കയ്‌പേറിയ ദുരനുഭവങ്ങള്‍ക്ക് നടുവിലും നൃത്തമെന്ന സ്വപ്‌നത്തിന്റെ തീജ്ജ്വാല മനസില്‍ കെടാതെ സൂക്ഷിച്ച രാജേഷ് ഇന്ന് ചലച്ചിത്രതാരംവും നര്‍ത്തകിയുമായ ആശാ ശരത്തിന്റെ ദുബായിലെ ഡാന്‍സ് സ്‌കൂളിലെ ഭരതനാട്യം അധ്യാപകനാണ്. താന്‍ പിന്നിട്ട വഴികളെക്കുറിച്ചും തന്നെ കൈപിടിച്ചു നടത്തിയ ഗുരുകരങ്ങളെക്കുറിച്ചും രാജേഷ് സൊസൈറ്റി ടുഡേയുമായി പങ്കുവെയ്ക്കുകയാണ്
ചെറുപ്പം മുതലേ നൃത്തത്തിനോട് ഇഷ്ടം
കുഞ്ഞുനാള്‍ മുതലേ നൃത്തത്തിനോട് തനിക്ക് വല്ലാത്ത ഇഷ്ടമായിരുന്നുവെന്ന് രാജേഷ് പറയുന്നു. ആര് നൃത്തം ചെയ്യുന്നത് കണ്ടാലും താന്‍ നോക്കി നില്‍ക്കുകമായിരുന്നു. എന്നാല്‍ വീട്ടിലെ ദാരിദ്യവും മറ്റും മൂലം നൃത്തം പഠിക്കാനുളള സൗകര്യമുണ്ടായിരുന്നില്ല. പിതാവ് വാസു ചെറുപ്പത്തിലേ തന്നെ മരിച്ചു പോയിരുന്നു. പത്താം ക്ലാസില്‍ തോറ്റതോടെ പഠനം നിര്‍ത്തി ജോലി തേടിയിറങ്ങി. വര്‍ക്ക് ഷോപ്പിലായിരുന്നു ആദ്യം പോയത്. പിന്നീട് പല പല ജോലികള്‍ ചെയ്തു. അപ്പോഴും മനസില്‍ ഉണ്ടായിരുന്ന നൃത്തമെന്ന സ്വപ്‌നത്തിന്റെ കനല്‍ ജ്വലിച്ചുകൊണ്ടേയിരുന്നു.ഏതെങ്കിലും ഒരു ഗുരുവിന്റെ കീഴില്‍ നൃത്തം അഭ്യസിക്കാന്‍ തക്കവിധം സാമ്പത്തിക ശേഷിയില്ലാതിരുന്നതിനെ തുടര്‍ന്ന് മറ്റുള്ളവര്‍ ചെയ്യുന്നത് കണ്ട് പാട്ടുകള്‍ക്കൊപ്പം സ്വന്തമായി ചുവടുകള്‍ ചിട്ടപ്പെടുത്തി രാജേഷ് നൃത്തം ചെയ്യാന്‍ തുടങ്ങി. തുടക്കത്തില്‍ സിനിമാറ്റിക് ഡാന്‍സാണ് ചെയ്തിരുന്നത്. രാജേഷിന്റെ മെയ് വഴക്കവും ചുവടുകളും കണ്ട് പലരും അഭിനന്ദിക്കുകയും നൃത്തത്തില്‍ നല്ല ഭാവിയുണ്ടെന്ന് പറയുകയും ചെയ്തിരുന്നു. ഇതോടെ ആത്മ വിശ്വാസം കൂടി. നാട്ടുമ്പുറത്ത് ഉള്‍പ്പെടെ എവിടെയെങ്കിലും നൃത്തം അവതരിപ്പിക്കാന്‍ വേദി തേടി രാജേഷ് അലഞ്ഞു. കിട്ടിയിടത്തെല്ലാം മികച്ച പ്രകടനം നടത്താനും കൈയ്യടി നേടാനും രാജേഷിന് കഴിഞ്ഞു.
ഡോ.രമ വഴിത്തിരിവായി
ഡോ. രമയാണ് തന്റെ സ്വപ്‌നത്തിലേക്കുള്ള ആദ്യ പടിയിലേക്ക് കൈപിടിച്ചു കയറ്റിയതെന്ന് രാജേഷ് പറഞ്ഞു. ഒരു ദിവസം എറണാകുളം മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിച്ച നൃത്ത മല്‍സരത്തില്‍ രാജേഷ് പങ്കെടുത്ത് നൃത്തം അവതരിപ്പിക്കുന്നത് ഡോ.രമ അവിചാരിതമായി കണ്ടു. ജി.സി.ഡി. എ കോംപ്ലക്‌സില്‍ ഷോപ്പിംഗിനായി എത്തിയതായിരുന്നു ഡോക്ടര്‍.ആ മല്‍സരത്തില്‍ രാജേഷ് ഒന്നാം സമ്മാനം നേടുകയും ചെയ്തു. സ്വന്തമായി അഭ്യസിച്ചായിരുന്നു രാജേഷ് ഡാന്‍സ് അവതരിപ്പിച്ചത്. രാജേഷിന്റെ നൃത്തം കണ്ട് ഡോക്ടര്‍ തങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്ന ബോധവല്‍ക്കരണ പരിപാടിയില്‍ നൃത്തം അവതരിപ്പിക്കാന്‍ ക്ഷണിച്ചു. ചെന്നൈയിലായിരുന്നു പ്രോഗ്രാം. കേട്ടപ്പോള്‍ വലിയ സന്തോഷം തോന്നിയെങ്കിലും താന്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്നും കൂടുതല്‍ ദിവസം അവധിയെടുക്കാന്‍ അനുമതി ലഭിക്കില്ലെന്ന തന്റെ നിസ്സഹായവസ്ഥ രജേഷ് ഡോ. രമയെ അറിയിച്ചു. തുടര്‍ന്ന് ഡോ. രമ നേരിട്ട് കമ്പനിയിലെത്തി രാജേഷിന്റെ മേലുദ്യോഗസ്ഥനായ ജോണ്‍സണുമായി സംസാരിച്ചു. നൃത്തത്തിനോടുള്ള രാജേഷിന്റെ അഭിനിവേശം അറിയാവുന്ന ജോണ്‍സണ്‍ സമ്മതിച്ചുവെന്നു മാത്രമല്ല വണ്ടിക്കൂലിക്കടക്കമുള്ള ചിലവിന് പണവും നല്‍കി.അങ്ങനെ രാജേഷ് അവര്‍ക്കൊപ്പം ചെന്നൈയിലെത്തി നൃത്തം അവതരിപ്പിച്ചു.
കൈപിടിച്ചുയര്‍ത്തിയത് ധരണി
ചെന്നൈയിലെ പ്രോഗ്രാമിനു ശേഷം ഡോ.രമ രാജേഷിനോട് ശാസ്ത്രീയമായി നൃത്തം അഭ്യസിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ അതിനുള്ള സാമ്പത്തിക സ്ഥിതിയില്ലെന്ന് രാജേഷ് പറഞ്ഞതോടെ ഡോ. രമ തന്നെ രാജേഷിനെ എറണാകുളത്തെ ശ്യാമള സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള ഡാന്‍സ് ഇന്‍സ്റ്റിറ്റിയൂട്ടായ ധരണിയില്‍ എത്തിച്ചു. രാജേഷിന്റെ നൃത്ത പഠനത്തിനുള്ള ചിലവ് ഡോ. രമ വഹിക്കാമെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും രാജേഷിന്റെ നൃത്തത്തിലെ കഴിവ് കണ്ട് സൗജന്യമായി പഠിപ്പിക്കാമെന്ന് ശ്യാമള ഡോ.രമയോട് പറഞ്ഞു. തുടര്‍ന്ന് അന്നുമുതല്‍ ജോലി ഉപേക്ഷിച്ച രാജേഷ് മുഴുവന്‍ സമയവും നൃത്ത പഠനത്തിനായി ചേര്‍ന്നു. രാജേഷിന്റെ അവസ്ഥ മനസിലാക്കിയ ശ്യാമള ധരണിയില്‍ നിന്നും രാജേഷിന് സ്റ്റൈപ്പന്റ് അനുവദിച്ചു നല്‍കി. ഇത് വലിയ ആശ്വാസമായി ഈ പണം രാജേഷ് വിട്ടില്‍ നല്‍കിക്കൊണ്ടിരുന്നു. രാജേഷ് നൃത്തം പഠിക്കാനാണ് ദിവസവും പോകുന്നതെന്ന് വീട്ടില്‍ അറിയില്ലായിരുന്നു. വീട്ടുകാര്‍ വിചാരിച്ചിരുന്നത് ജോലിക്കു പോകുകയാണെന്നായിരുന്നു. മുഴുവന്‍ സമയവും കഠിനാധ്വാനം ചെയ്ത് രണ്ടു വര്‍ഷം കൊണ്ട് ഭരതനാട്യം പഠിച്ച് രാജേഷ് 2002 ല്‍ അരങ്ങേറ്റം നടത്തി. ചുമട്ടു തൊഴില്‍ അടക്കമെടുത്തിരുന്ന രാജേഷിന്റെ അരങ്ങേറ്റം പത്രങ്ങള്‍ വാര്‍ത്തയാക്കിയതോടെയാണ് രാജേഷ് നൃത്തം പഠിച്ചിരുന്ന വിവരം വീട്ടുകാര്‍ അറിയുന്നത്. അരങ്ങേറ്റത്തിനു ശേഷം വീണ്ടും ധരണിയില്‍ തുടര്‍ന്ന രാജേഷ് ശ്യാമളയുടെ നിര്‍ദ്ദേശ പ്രകാരം പത്താംക്ലാസ് പരീക്ഷ വീണ്ടും എഴുതി പാസായി. തുര്‍ന്ന് പ്ലസ്ടുവും എഴുതി വിജയിച്ചു. ശേഷം ആര്‍എല്‍വി കോളജില്‍ ഡിഗ്രി ഭരത നാട്യത്തിനു ചേര്‍ന്നു.
സിനിമയിലേക്കും അവസരം തേടിയെത്തി
രാജേഷ് അരങ്ങേറ്റത്തിനായി ഒരുങ്ങുന്ന വാര്‍ത്ത മാധ്യമങ്ങളില്‍ വന്നതോടെ സിനിമയില്‍ അഭിനയിക്കാനും രാജേഷിന് ക്ഷണം ലഭിച്ചിരുന്നു. സംവിധായകനും എഴുത്തുകാരനുമായിരുന്ന ലോഹിതദാസായിരുന്നു രാജേഷിനെ അന്ന് ക്ഷണിച്ചത്. എന്നാല്‍ അരങ്ങേറ്റത്തിന് ധാരാളം ഒരുക്കങ്ങള്‍ വേണ്ടിയിരുന്നതിനാല്‍ രാജേഷ് ക്ഷണം നിരസിക്കുകയായിരുന്നു.
ഗുഡ്‌ഷെപ്പേര്‍ഡില്‍ തുടങ്ങി കൈരളി കലാകേന്ദ്രത്തില്‍ എത്തി
ആര്‍എല്‍വിയില്‍ നിന്നും ഡിഗ്രി പാസായതിനു ശേഷം ഊട്ടി ഗുഡ് ഷെപ്പേര്‍ഡ് സ്‌കൂളില്‍ രാജേഷ് നൃത്ത അധ്യാപകനായി ജോലിയില്‍ കയറി. അവിടെ ജോലി ചെയ്യുന്നതിനിടയില്‍ ഗള്‍ഫില്‍ ഡാന്‍സ് സ്‌കൂളില്‍ അധ്യാപകന്റെ ജോലി ലഭിച്ചതോടെ രാജേഷ് കടല്‍ കടന്നു. ഇതിനിടയില്‍ രാജേഷിന്റെ വിവാഹവും കഴിഞ്ഞു. ഗല്‍ഫില്‍ വലിയ കുഴപ്പമില്ലാതെ മുന്നോട്ടു പോകുന്നതിനിടയിലാണ് വില്ലന്റെ രൂപത്തില്‍ കോവിഡിന്റെ വരവ്. ഇതോടെ സ്ഥാപനം പൂട്ടി. രാജേഷിന് മടങ്ങേണ്ടി വന്നു. ഇതിനിടയില്‍ രാജേഷിനെ അലട്ടിയിരുന്ന ഇയര്‍ബാലന്‍സിന്റെ പ്രശ്‌നം ഗുരുതരമായതിനെ തുടര്‍ന്ന് കിടപ്പിലായി. താന്‍ നെഞ്ചിലേറ്റിയ നൃത്തം രോഗം മൂലം ഉപേക്ഷിക്കേണ്ടിവരുമെന്ന അവസ്ഥ വരെയത്തിയെങ്കിലും നൃത്തത്തോടുള്ള അടങ്ങാത്ത ആഗ്രഹവും പരിശ്രമവും മൂലം രോഗത്തെ കീഴ്‌പ്പെടുത്തി രാജേഷ് വീണ്ടും നൃത്ത ലോകത്തിലേക്ക് മടങ്ങിയെത്തി. തുടര്‍ന്ന് വീണ്ടും ഗള്‍ഫിലേക്ക് വിമാനം കയറി. അവിടെ മുദ്രാഞ്ജലി ഡാന്‍സ് സ്‌കൂളില്‍ അധ്യാപകനായി ജോലിയില്‍ കയറി. എന്നാല്‍ ഇവിടെയും വിടാതെ പിന്തുടര്‍ന്ന പ്രതിസന്ധിമൂലം വീണ്ടും നാട്ടിലേക്ക് മടങ്ങിയ രാജേഷ് തളരാന്‍ തയ്യാറായിരുന്നില്ല. നൃത്തവും പരിശ്രമവും തുടരുന്നതിനിടയില്‍ രാജേഷിന് ആശാ ശരത്തിന്റെ വിദേശത്തെ കൈരളി കലാകേന്ദ്രത്തില്‍ നൃത്ത അധ്യാപകനായി നിയമനം ലഭിച്ചു. വീണ്ടും വിദേശത്തേയ്ക്ക് പറന്നു.നിലവില്‍ കൈരളിയിലെ നൃത്താധ്യപകനായി തുടരുകയാണ് രാജേഷ്.
ഇനി മോഹിനിയാട്ടവും
നൃത്തമാണ് തന്റെ എല്ലാമെന്നാണ് രാജേഷിന്റെ പക്ഷം. ഒന്നിനു പിറകെ ഒന്നായി പ്രതിസന്ധികളുണ്ടായപ്പോഴും തനിക്ക് പിടുച്ചു നില്‍ക്കാന്‍ സാധിച്ചത് നൃത്തമെന്ന കലാരൂപത്തിനോടുള്ള അടങ്ങാത്ത പ്രണയമാണ്. എന്നെ കൈപിടിച്ചു നടത്തിയ ഡോ. രമാ, ധരണിയിലെ തന്റെ എല്ലാമെല്ലാമായ പ്രിയ ഗുരു ശ്യാമള സുരേന്ദ്രന്‍ എന്നിവരോടുള്ള കടപ്പാട് പറഞ്ഞറിയിക്കാന്‍ കഴിയില്ല. എപ്പോള്‍ നാട്ടില്‍ വന്നാലും ധരണിയിലെത്തി ഗുരു ശ്യാമളയെ കാണുകയും നൃത്തം പരിശീലിക്കുകയും പുതിയ പാഠങ്ങള്‍ പഠിക്കുകയും ചെയ്യും. മോഹിനിയാട്ടവും പഠിക്കണമെന്ന് തനിക്ക് വലിയ ആഗ്രമാണ്.ഇത്തവണ നാട്ടില്‍ വന്നപ്പോള്‍ തന്റെ ആഗ്രഹം ഗുരു ശ്യാമളയെ അറിയിച്ചു. സമ്മതം കിട്ടിയതോടെ പഠനത്തിന് തുടക്കമിട്ടു. ഒരു മാസമായി മോഹിനിയാട്ടം അഭ്യസിക്കു്ന്നുണ്ട്.
അഭിമാനവും സന്തോഷവും
ഇത്രയും കാലത്തിനിടയില്‍ താന്‍ പിന്നിട്ട വഴിയിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ വലിയ സന്തോഷവും അതിലേറെ അഭിമാനവും തോന്നുന്നുവെന്ന് രാജേഷ് പറയുന്നു. ഒട്ടേറെ ദുരിതക്കയങ്ങള്‍ താണ്ടിയാണ് ഇവിടെ വരെയെത്തിയത്. ഇതുവരെയുളള ജീവിത യാത്രയില്‍ തനിക്ക് പിന്തുണയായി ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി. മരണം വരെ നൃത്തം തന്റെ നെഞ്ചിലുണ്ടാകുമെന്നും രാജേഷ് പറഞ്ഞു.സ്വകാര്യ ധനകാര്യ സ്ഥാപനത്തല്‍ സിഇഒയായി ജോലി ചെയ്യുന്ന നീതുവാണ് രാജേഷിന്റെ ഭര്യ. മകള്‍ ശിവാനി വല്ലാര്‍പാടം സെന്റ് മേരീസ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.