Society Today
Breaking News

കൊച്ചി: മലയാള സിനിമയില്‍ അമ്മ വേഷങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയ കവിയൂര്‍ പൊന്നമ്മ (80) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ദീര്‍ഘ നാളായി ചികില്‍സയിലായിരുന്ന കവിയൂര്‍ പൊന്നമ്മ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അന്തരിച്ചത്. ആറു പതിറ്റാണ്ടായി മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്ന കവിയൂര്‍ പൊന്നമ്മ ആയിരത്തലധികം ചിത്രങ്ങളില്‍ വിവിധ കഥാപാത്രങ്ങളായി വേഷമിട്ടു. നാടകത്തിലൂടെയാണ് കവിയൂര്‍ പൊന്നമ്മ സിനിമയില്‍ എത്തുന്നത്. സത്യന്‍, മധു, പ്രേം നസീര്‍,സോമന്‍, സുകുമാരന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് അടക്കമുള്ള നടന്മാരുടെ അമ്മ വേഷങ്ങളിലൂടെയാണ് പ്രേക്ഷകരുടെ മനം കവര്‍ന്നത്. മോഹന്‍ലാലിന്റെ അമ്മയായുള്ള വേഷങ്ങള്‍ എറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.മികച്ച സഹനടിക്കുള്ള സംസ്ഥാന അവാര്‍ഡ് നാലു തവണ കവിയൂര്‍ പൊന്നമ്മയെ തേടിയെത്തിയിരുന്നു.1971, 1972, 1973, 1994 എന്നീ വര്‍ഷങ്ങളിലാണ് അവാര്‍ഡ് നേടിയത്.

പത്തനംതിട്ട ജില്ലയിലെ കവിയൂര്‍ ആണ് പൊന്നമ്മ ജനിച്ചത്. ടി.പി ദാമോദരന്റെയും ഗൗരിയുടെയും മൂത്തമകളായിരുന്നു. പതിനാലാമത്തെ വയസ്സില്‍ അന്നത്തെ പ്രമുഖ നാടകക്കമ്പനിയായ പ്രതിഭ ആര്‍ട്ട്‌സിന്റെ നാടകങ്ങളില്‍ ഗായികയായാണ് കലാരംഗത്തു വരുന്നത്. കെ പി എ സിയുടെ മൂലധനം എന്ന നാടകത്തിലൂടെ നാടകരംഗത്തെത്തി.1962 ല്‍ ജി. കെ രാമു സംവിധാനം ചെയ്ത് ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയില്‍ ആണ് കവിയൂര്‍ പൊന്നമ്മ ആദ്യമായി കാമറക്കു മുമ്പില്‍ എത്തുന്നത്. രാവണനായി കൊട്ടാരക്കര ശ്രീധരന്‍ നായരെത്തിയപ്പോള്‍ സുന്ദരിയായ മണ്ഡോദരിയായത് കവിയൂര്‍ പൊന്നമ്മയായിരുന്നു.

1964ല്‍ കുടുംബിനി എന്ന ചിത്രത്തിലാണ് കവിയൂര്‍ പൊന്നമ്മ ആദ്യമായി അമ്മ വേഷം ചെയ്തത്.1973 ല്‍ പെരിയാര്‍ എന്ന ചിത്രത്തില്‍ മകനായി അഭിനയിച്ച തിലകന്‍ പില്‍ക്കാലത്ത് കവിയൂര്‍ പൊന്നമ്മയുടെ ഭര്‍ത്താവ് വേഷം ചെയ്ത്  നല്ല താര ജോടി ആയി ഖ്യാതി നേടി. 1965 ല്‍ ഓടയില്‍നിന്നില്‍ സത്യന്റെ നായികാകഥാപാത്രമായി 'അമ്പലക്കുളങ്ങരെ' എന്ന മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ഗാനമുള്‍പ്പടെയുള്ള രംഗങ്ങളില്‍ കവിയൂര്‍ പൊന്നമ്മയെ കാണാം. ആ വര്‍ഷം തന്നെ സത്യന്റെ അമ്മവേഷവും ചെയ്തു എന്നത് ആ അഭിനേത്രിയുടെ കഴിവിന്റെ സാക്ഷ്യപത്രം തന്നെയാണ്. നെല്ല് (1974)എന്ന ചിത്രത്തിലെ സാവിത്രി എന്ന കഥാപാത്രമാണ് അമ്മവേഷങ്ങളില്‍ നിന്ന് വേറിട്ട് കാണാവുന്ന പൊന്നമ്മയുടെ മറ്റൊരു കഥാപാത്രം. സിനികള്‍ കൂടാതെ നിരവധി ടെലിവിഷന്‍ സീരിയലുകളിലും കവിയൂര്‍ പൊന്നമ്മ അഭിനയിച്ചിട്ടുണ്ട്.2021 ല്‍ റിലീസ് ചെയ്ത ആണും പെണ്ണും എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്.
 

Top