26-September-2024 -
By. health desk
കൊച്ചി: മകന് പകുത്തു നല്കിയ കരളിന്റെ ബലത്തില്‍ പുതു ജീവിതവുമായി സ്കറിയ നാട്ടിലേക്ക് മടങ്ങി. കാസര്‍ഗോട് സ്വദേശിയായ സ്കറിയ (51) ഗുരുതരമായ കരള്‍ രോഗത്തെ തുടര്‍ന്ന് പല ആശുപത്രികളിലും ചികിത്സതേടി എങ്കിലും ചികിത്സാചെലവ് താങ്ങാവുന്നതിലുമപ്പുറമായതിനാല് ലിസി ആശുപത്രിയിലേക്ക് എത്തുകയായിരുന്നു. അനുയോജ്യമായ അവയവ ദാതാവിനെ കണ്ടെണ്ടത്തുക എന്നതായിരുന്നു സ്കറിയ നേരിട്ട അടുത്ത വെല്ലുവിളി. ഈ സാഹചര്യത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയും മകനുമായ എഡിസണ് കരള്‍ പകുത്ത് നല്കുവാന് സ്വയം തയ്യാറായി മുന്നോട്ട് വരികയായിരുന്നു. എന്നാല്‍ അവയവദാന നിയമ പ്രകാരം പ്രായപൂര്‍ത്തിയാകാത്ത ദാതാവിന് കരള്‍ പകുത്ത് നല്കുവാന് സാധ്യമല്ല. തുടര്‍ന്ന് ഹൈക്കോടതിയില്‍ നിന്നും പ്രത്യേക അനുമതി നേടിയശേഷം കരള്‍ പകുത്തുനല്കുകയായിരുന്നു. അതിസങ്കീര്‍ണമായ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വളരെ വിജയകരമായിരുന്നു.
ഇതിന് നേത്യത്വം നല്‍കിയത് ഡോ. വേണുഗോപാല്‍ ബി, ഡോ. ഷാജി പൊന്നമ്പത്തയില്‍, ഡോ. പ്രമില്‍ കെ, ഡോ.രാഹുല്‍ ഡി കുഞ്ഞ്, ഡോ.രാജീവ് കടുങ്ങപുരം, ഡോ.വിഷ്ണു ദാസ് കെ. ആര്, ഡോ. ദീപക് വി, ഡോ. ലിജേഷ് കുമാര്‍, ഡോ.വിഷ്ണു എ. കെ, ഡോ. ജോഷി രാജീവ് ശ്രീനിവാസ്, ഡോ. ഗജേന്ദ്ര ദണ്ഡോടിയ, ഡോ. എന്‍ ജോഷ്വ, ഡോ. അഫ്സല് അഹമ്മദ് എന്നിവരായിരുന്നു. ശസ്ത്രക്രിയക്കുശേഷം എഡിസണ് ഒരാഴ്ചയോടെ പരിപൂര്‍ണ സൗഖ്യം പ്രാപിക്കുകയും ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആവുകയും ചെയ്തു. സ്വീകര്‍ത്താവായ സ്കറിയ വളരെ വേഗം ആരോഗ്യസ്ഥിതി വീണ്ടെടുത്ത് ആശുപത്രി വിടുകയായിരുന്നു. പൂര്‍ണ ആരോഗ്യം വീണ്ടെണ്ടടുത്തു അച്ഛനും മകനും സ്വദേശത്തേക്ക് മടങ്ങുകയാണ്. ഈ സന്തോഷം പങ്കുവച്ചുകൊണ്ടണ്ട് ലിസി ആശുപത്രി ഡയറക്ടര്‍ റവ. ഫാ. പോള്‍ കരേടന്, ജോ. ഡയറക്ടര്‍മാരയ ഫാ.റോജന്‍ നങ്ങേലിമാലില്‍, ഫാ. റെജു കണ്ണമ്പുഴ, അസി.ഡയറക്ടര്‍മാരായ ഫാ. ഡേവിസ് പടന്നക്കല്‍, ഫാ. ജെറ്റോ തോട്ടുങ്കല്‍ എന്നിവരുടെ നേത്യത്വത്തില്‍ ട്രാന്‍സ്പ്ലാന്റ് വിഭാഗവുമായി ചേര്‍ന്ന് സന്തോഷകരമായ യാത്രയയപ്പ് നല്കി.