Society Today
Breaking News

കൊച്ചി :  ഇറക്കുമതി ചെയ്യുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ക്കുള്ള ഉയര്‍ന്ന ജി.എസ്.ടി. നിരക്ക് കുറയ്ക്കണമെന്ന് ഹൈബി ഈഡന്‍ എം.പി ആവശ്യപ്പെട്ടു.  ആരോഗ്യമേഖലയിലെ പുത്തന്‍ സാങ്കേതിക വിദ്യ, സാങ്കേതിക വിദ്യാധിഷ്ഠിത ഉപകരണങ്ങള്‍, മെഡിക്കല്‍ ടൂറിസം, ചിലവ്കുറഞ്ഞ ആരോഗ്യപരിപാലനം എന്നിവ പരിചയപ്പെടുത്തുന്നതിനായി സംഘടിപ്പിച്ചിരിക്കുന്ന  'ഹോസ്‌പെക്‌സ് ഹെല്‍ത്ത് കെയര്‍ എക്‌സ്‌പോ കാക്കനാട് കിന്‍ഫ്ര ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍  സെന്ററില്‍  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഹൈബി ഈഡന്‍.

മെഡിക്കല്‍ ഉപകരണങ്ങളുടെ ജി.എസ്.ടി കുറയ്ക്കണമെന്ന് പാര്‍ലമെന്റിലും ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നും, മികച്ച ആരോഗ്യ പരിപാലന സംവിധാനം ഒരുക്കുന്നതിലൂടെ കേരളം മെഡിക്കല്‍ ടൂറിസം ഹബ്ബായി മാറുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കൊച്ചിന്‍ ഐ.എം.എ മുന്‍ പ്രസിഡന്റ് ഡോ.മരിയ വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ചു.

ഹോസ്‌പെക്‌സ് ഡയറക്ടര്‍മാരായ ഡോ. ജെ.എസ്.നിവിന്‍, ഡോ. അരുണ്‍ കൃഷ്ണ, രക്ഷാധികാരി രമാ വേണുഗോപാല്‍, ഏഷ്യ വെല്‍നെസ്സ് ഫോറം ചെയര്‍മാനും ശ്രീലങ്കന്‍ സ്വദേശിയുമായ അമല്‍ ഹര്‍ഷ, കിംസ് ഹോസ്പിറ്റല്‍സ് സി.ഇ.ഒ രശ്മി ഐഷ, എത്യോപ്യന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍ എലുബാബോര്‍ ബുനൊ ടോക്കോ, കിന്‍ഫ്ര ഡെപ്യൂട്ടി മാനേജര്‍ ഷൈല വേലായുധന്‍ എന്നിവര്‍ പ്രസംഗിച്ചു. മെഡിക്കല്‍ വാല്യു ട്രാവല്‍, സ്മാര്‍ട്ട് ഹോസ്പിറ്റല്‍ കോണ്‍ഫറന്‍സുകളും, സ്മാര്‍ട് ഡയഗ്‌നോസ്റ്റിക് വര്‍ക്ക്‌ഷോപ്പും ഇന്ന് നടക്കും. ഹോസ്‌പെക്‌സ് ഹെല്‍ത്ത് കെയര്‍ എക്‌സ്‌പോ നാളെ  (ഞായറാഴ്ച്ച)സമാപിക്കും.

Top