Society Today
Breaking News

കൊച്ചി:  അന്തരീക്ഷമലിനീകരണവും ഗാര്‍ഹിക മലിനീകരണവും നിയന്ത്രിച്ചും കൃത്യമായ വ്യായാമത്തിലൂടെയും ശ്വാസകോശ രോഗങ്ങളെ അകറ്റി നിര്‍ത്താന്‍ സാധിക്കുമെന്ന് ശ്വാസകോശ രോഗ വിദഗ്ദര്‍. അക്കാദമി ഓഫ് പള്‍മണറി ആന്റ് ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍(എപിസിസിഎം) ദേശീയ രജത ജൂബിലി സമ്മേളനം 'പള്‍മോകോണ്‍ സില്‍വര്‍ 2024 ' ന്റെ ഭാഗമായി എപിസിസിഎംന്റെയും  കൊച്ചിന്‍ തൊറാസിക് സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ 'ശ്വാസകോശ രോഗങ്ങള്‍  നേരറിയാം നേരിടാം ' എന്ന വിഷയത്തില്‍  കലൂര്‍ ഐ.എം.എ ഹൗസില്‍ സംഘടിപ്പിച്ച പൊതുജനാരോഗ്യ അവബോധന പരിപാടിയിലാണ് ശ്വാസകോശ രോഗ വിദഗ്ദര്‍ ഇക്കാര്യം വ്യക്തമാക്കിയത്.  അവബോധന പരിപാടി  ഹൈബി ഇഡന്‍ എം.പി  ഉദ്ഘാടനം ചെയ്തു. ഡോ.എം.ജെ തോമസ് അധ്യക്ഷത വഹിച്ചു. 'പള്‍മോകോണ്‍ സില്‍വര്‍ 2024 ' സംഘാടക സമിതി ചെയര്‍മാന്‍ ഡോ. സണ്ണി പി.ഓരത്തേല്‍ മുഖ്യപ്രഭാഷണം നടത്തി.


ശ്വാസകോശ രോഗങ്ങള്‍ സംബന്ധിച്ച് ഒട്ടേറ മിഥ്യാധാരണകള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. ഇതില്‍ വീഴാതെ യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിഞ്ഞ് അതിനെ പ്രതിരോധിക്കാനുള്ള നടപടികള്‍ വേണം. ശ്വാസകോശരോഗികള്‍ കൃത്യമായ ചികില്‍സ തേടണം. പുകവലി രോഗത്തിന്റെ പ്രധാനകാരണമാണ്. പുകവലിക്കുന്നവര്‍ തന്നെ മാത്രമല്ല  ചുറ്റുമുള്ളവരെയും രോഗികളാക്കുകയാണ്. വാക്‌സിനേഷന്‍ നടത്തുന്നത് ശ്വാസകോശ രോഗം തടയാന്‍ സാധിക്കും. ഇതിനൊപ്പം കൃത്യമായ വ്യായാമവും പഴം, പച്ചക്കറി വര്‍ഗ്ഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന ഭക്ഷണശീലവും ശ്വാസകോശ രോഗങ്ങളെ അകറ്റി നിര്‍ത്താന്‍ സാധിക്കുമെന്നും ആരോഗ്യവിദഗ്ദര്‍ വ്യക്തമാക്കി.വിജയകരമായി ശ്വാസകോശം മാറ്റിവെച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്ന അനിസാം സലീമിനെ ചടങ്ങില്‍ ആദരിച്ചു. കൂടാതെ അദ്ദേഹത്തിന്റെ അനുഭവം പങ്കുവെക്കുകയും ചെയ്തു. സംസ്ഥാനത്ത് അവയവദാനം പ്രോത്സാഹിപ്പിക്കുവാനുള്ള നടപടികള്‍ ധൃതഗതിയില്‍ ആക്കണമെന്നും യോഗം ആവശ്യവും ഉന്നയിച്ചു.

ആലപ്പുഴ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് പ്രൊഫസര്‍.ഡോ. പി. എസ് ഷാജഹാന്‍, അവബോധന പരിപാടി ചെയര്‍മാന്മാരായ  ഡോ.കെ. അഖിലേഷ്, ഡോ. അനിതാ തിലകന്‍, സെക്രട്ടറി ഡോ. കെ. മധുകുമാര്‍, എപിസിസിഎം പബ്ലിക് ഹെല്‍ത്ത് വിംഗ് കോര്‍ഡിനേറ്റര്‍ ഡോ.തോമസ് വടക്കന്‍, കൊച്ചിന്‍ തൊറാസിക് സൊസൈറ്റി പ്രസിഡന്റ് ഡോ. പ്രവീണ്‍ വല്‍സലന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡോ. പി.ഹരിലക്ഷമണ്‍, ഡോ.എലിസബത്ത് സുനില, ഡോ. കെ. അഖിലേഷ്, ഡോ.നിത്യ ഹരിദാസ്, ഡോ. അനിതാ തിലകന്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങില്‍ ക്ലാസുകള്‍ നയിച്ചു. കേള്‍ക്കാത്ത ശബ്ദം കേള്‍ക്കേണ്ട ശബ്ദം എന്ന തീം അടിസ്ഥാനമാക്കി നടന്ന പാനല്‍ ഡിസ്‌ക്കഷനില്‍ ഗായത്രി ജയരാജ്, ഡോ. നീതു തമ്പി, വിപിന്‍ പോള്‍, രംഗദാസ പ്രഭു തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് രോഗികള്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്ന സെഷനും നടന്നു.


 

Top