7-October-2024 -
By. news desk
കൊച്ചി: കേസുകളില്‍ സാക്ഷികളാകമ്പോള്‍ ഡോക്ടര്‍മാര്‍ കോടതികളില്‍ വന്ന് അനാവശ്യമായി കാത്തിരിക്കേണ്ടതില്ലെന്ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് പറഞ്ഞു. കലൂര്‍ ഐ.എം.എ ഹൗസില്‍ നടന്ന ഐ.എം.എ കൊച്ചിയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൂടാതെ കോടതികളില്‍ നേരിട്ട് ഹാജരാകാതെ തന്നെ ഡോക്ടര്‍മാര്‍ക്ക് അവര്‍ ജോലി ചെയ്യുന്ന ആരോഗ്യസ്ഥാപനത്തില്‍ നിന്ന് വീഡിയോ കോണ്‍ഫ്രന്‍സ് സംവിധാനം വഴിയും ഹാജരാകാന്‍ സാധിക്കും. ഡോക്ടര്‍മാര്‍ സാക്ഷികളായി കോടതികളില്‍ നേരിട്ടെത്തിയാല്‍ അഭിഭാഷകന് മുഖേന ജഡ്ജിയെ വിവരം ധരിപ്പിച്ചാല്‍ ആദ്യം തന്നെ കേസ് പരിഗണിക്കുമെന്നും ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് പറഞ്ഞു.
ഡോക്ടര്‍മാര്‍ അടക്കമുളള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ഒരുകാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. ഇതിനെതിരെ ശക്തമായ നിയമനടപടികളുമായി ഐഎംഎ അടക്കമുള്ള സംഘടനകള്‍ മുന്നോട്ടു പോകണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ പ്രസിഡന്റ് ഡോ. എം.എം ഹനീഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. ജോര്‍ജ്ജ് തുകലന്‍ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡോ. ജോസ് ചാക്കോ പെരിയപ്പുറം പുതിയ പ്രസിഡന്റ് ഡോ. ജേക്കബ്ബ് എബ്രഹാമിനെ പരിചയപ്പെടുത്തി. മുന്‍ പ്രസിഡന്റ് ഡോ. സുനില്‍ കെ. മത്തായി പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് പ്രസിഡന്റായി സ്ഥാനം ഏറ്റെടുത്ത ഡോ. ജേക്കബ്ബ് എബ്രഹാം 202425 വര്‍ഷത്തെ പദ്ധതികള്‍ അവതരിപ്പിച്ചു.
ഐ.എം.എ ഹൗസ് ചെയര്മാന് ഡോ. വി.പി കുരൈ്യയ്പ്പ്, മുന്‍ പ്രസിഡന്റ് ഡോ. എം. വേണുഗോപാല്‍, ഐ.എം.എ ബ്ലഡ് ബാങ്ക് ചെയര്മാന് ഡോ. കെ. നാരായണന്‍കുട്ടി, ഐ.എം.എ ഹൗസ് കണ്‍വീനര്‍ ഡോ. സച്ചിദാനന്ദ കമ്മത്ത്, ഡബ്ല്യു.ഡി.ഡബ്ല്യു ചെയര്‍പേഴ്സണ്‍ ഡോ. മാരി സൈമണ്‍, ഐ.ഡി.എ കൊച്ചിന് വൈസ് പ്രസിഡന്റ് ഡോ. മീരാ ഗോപാലകൃഷ്ണന്. എം.എം.എ കൊച്ചിയുടെ പുതിയ സെക്രട്ടറി ഡോ.സച്ചിന് സുരേഷ്, ട്രഷറര്‍ ഡോ. ബെന്‍സിര്‍ ഹുസൈന് തുടങ്ങിയവര്‍ സംസാരിച്ചു.