Society Today
Breaking News

കൊച്ചി :  കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ (സിഒഎ) ദക്ഷിണ മേഖല ആര്‍ക്കിടെക്ചര്‍ തീസീസ് എക്‌സിബിഷനില്‍ തൃശൂര്‍ ഗവ.എന്‍ജിനിയറിംഗ് കോളജ് സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ച്ചറിലെ ജോഷിം കുര്യന്‍ ജേക്കബ്ബും, കൊല്ലം  ടികെഎം എന്‍ജിനീയറിംഗ് കോളജ് സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ച്ചറിലെ  മരിയ ജോയിയും ജേതാക്കളായി. 'എക്‌സലന്‍സ് ഇന്‍ ആര്‍ക്കിടെക്ചറല്‍ തീസീസില്‍ സോഷ്യല്‍ കണ്‍സേണ്‍ വിഭാഗത്തിലാണ് മരിയ ജോയി ജേതാവായത്.ആര്‍ക്കിടെക്ച്ചര്‍ പ്രോജക്ട് കാറ്റഗറിയിലാണ് ജോഷിം കുര്യന്‍ ജേക്കബ്ബ് ജേതാവായത്. വിദഗ്ദരായ ആര്‍ക്കിടെക്ടുകള്‍ അടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയം നടത്തിയത്.ദേശീയ തലത്തില്‍ നടക്കുന്ന എക്‌സിബിഷനിലേക്കും ഇരുവരും തിരഞ്ഞെടുക്കപ്പെട്ടു.

78 കോളജുകളില്‍ നിന്നുളള ആര്‍ക്കിടെക്ച്ചര്‍ വിദ്യാര്‍ഥികളാണ് കഴിഞ്ഞ രണ്ട് ദിവസമായി വൈറ്റില സില്‍വര്‍ സാന്റ് ഐലന്റിലെ  ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്‍ ഇന്നൊവേഷന്‍സ് (ആസാദി)യില്‍ നടന്നുവന്ന ദക്ഷിണ മേഖല ആര്‍ക്കിടെക്ചര്‍ തീസീസ് എക്‌സിബിഷനില്‍ പങ്കെടുത്ത് ആര്‍ക്കിടെക്ച്ചറല്‍ സൃഷ്ടികള്‍ അവതരിപ്പിച്ചത്. ഇവരില്‍ നിന്നും മികച്ച പത്തു സൃഷ്ടികള്‍ ജൂറി തിരഞ്ഞെടുത്തു. ഇവര്‍ നടത്തിയ പ്രസന്റേഷനില്‍ നിന്നാണ് ഏറ്റവും മികച്ച രണ്ടു പേരെ തിരഞ്ഞെടുത്തത്.

സമാപന സമ്മേളനത്തില്‍ സിഒഎ വൈസ് പ്രസിഡന്റ് ആര്‍ക്കിടെക്റ്റ് ഗജാനന്ദ് റാം, സിഒഎടിആര്‍സി ഡയറക്ടര്‍ ആര്‍ക്കിടെക്റ്റ് ജയശ്രീ ദേശ്പാണ്ഡെ എന്നിവര്‍ വിജയികള്‍ക്ക് അവാര്‍ഡ് സമ്മാനിച്ചു. ആസാദി ചെയര്‍മാന്‍ ആര്‍ക്കിടെക്റ്റ് പ്രൊഫ.ബി. ആര്‍ അജിത് അധ്യക്ഷത വഹിച്ചു. എക്‌സിബിഷനില്‍ പങ്കെടുത്ത മുഴുന്‍ വിദ്യാര്‍ഥികള്‍ക്കും  ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ആര്‍ക്കിടെക്റ്റ് ധനകോടി, ആര്‍ക്കിടെക്റ്റ് നഹീമാ ഷാനവാസ്, ആര്‍ക്കിടെക്റ്റ് തൗഹിദ് ഹുസൈന്‍ ഖാന്‍,ആര്‍ക്കിടെക്റ്റ് മുഹമ്മദ് അനിസ്, ആര്‍ക്കിടെക്റ്റ് അനിരുദ്ധാ പോള്‍, ആസാദി സി.ഇ.ഒ അമ്മു അജിത്, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ.ബാബു രാജേശ്വരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Top