Society Today
Breaking News

കൊച്ചി:  വാടകയ്ക്ക് മേല്‍ 18 ശതമാനം ജി.എസ്.ടി ഏര്‍പ്പെടുത്തിയ ജി.എസ്.ടി കൗണ്‍സിലിന്റെ ഉത്തരവിനെതിരെ  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രക്ഷോഭത്തിലേക്ക്്. നവംബര്‍ ഏഴിന് ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജ് ഭവന്‍ മാര്‍ച്ച് നടത്തും. സൂചന സമരത്തില്‍ ഏകോപന സമിതി എറണാകുളം ജില്ലയില്‍ നിന്നും മുഴുവന്‍ അംഗങ്ങളും അണി ചേരുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റും എറണാകുളം ജില്ലാ പ്രസിഡന്റുമായ പി. സി ജേക്കബ്ബ്, എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. എ.ജെ റിയാസ്, ട്രഷറര്‍ സി. എസ് അജ്മല്‍, വര്‍ക്കിംഗ് പ്രസിഡന്റ് ജിമ്മി ചക്യത്ത് എന്നിവര്‍ പറഞ്ഞു.

വാടക കെട്ടിടങ്ങളില്‍ കട നടത്തുന്ന വ്യാപാരികളുടെ മേല്‍ വാടകയുടെ നികുതി ബാധ്യത കെട്ടിവെച്ച് ദ്രോഹിക്കുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിലപാട് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഏകോപന സമിതി നേതാക്കള്‍ വ്യക്തമാക്കി. കെട്ടിട ഉടമയ്ക്ക് ജി.എസ്.ടി രജിസ്‌ട്രേഷന്‍ ഇല്ലെങ്കില്‍ വാടകക്കാരായ വ്യാപാരികള്‍ വാടകയ്ക്ക് 18 ശതമാനം ജി.എസ്.ടി നല്‍കണമെന്നാണ് ജി.എസ്.ടി കൗണ്‍സിലിന്റെ പുതിയ തീരുമാനം. ഇത് ഏറ്റവും അധികം ബാധിക്കുക ചെറുകിട വ്യാപാരികളെയായിരിക്കുമെന്നും  ഒരു കാരണവശാലും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഏകോപന സമിതി നേതാക്കള്‍ വ്യക്തമാക്കി. ചെറുകിട വ്യാപാരികളെ ഇല്ലായ്മ ചെയ്ത് കോര്‍പ്പറേറ്റുകളെ സഹായിക്കുന്ന തീരുമാനത്തില്‍ നിന്നും സര്‍ക്കാരുകള്‍ പിന്തിരിയണമെന്നും അല്ലാത്ത പക്ഷം രാജ്യവ്യാപകമായി ശക്തമായ സമരവുമായി വ്യാപാരികള്‍ രംഗത്തിറങ്ങുമെന്നും നേതാക്കള്‍ വ്യക്തമാക്കി.

Top