19-November-2024 -
By. health desk
കൊച്ചി: രോഗം വന്നതിനു ശേഷം ചികില്സിക്കുന്നതിനേക്കാള് പ്രാമുഖ്യം നല്‍കേണ്ടത് രോഗം വരാതിരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണെന്ന് കേന്ദ്ര പെട്രോളിയം, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. എറണാകുളം കച്ചേരിപ്പടി ശ്രീസുധീന്ദ്ര മെഡിക്കല്‍ മിഷന് ആശുപത്രിയിലെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സി ടി സ്കാനിംഗ് സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെളിച്ചെണ്ണ മനുഷ്യന്റെ ഹൃദയത്തിന് നല്ലതല്ല എന്ന പ്രചാരണത്തോടെ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ പ്രധാന ഘടകമായിരുന്ന നാളികേര ഉല്‍പ്പാദനമാണ് പ്രതിസന്ധിയിലായത്.
കേരളത്തിലെ നാളികേരം നാരുകളാല്‍ സമ്പുഷ്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി. ആശുപത്രിയിലെ സ്പെഷ്യല്‍ കെയര്‍ ഐസിയുവും നവീകരിച്ച ലേബര്‍ സ്യൂട്ടും ചടങ്ങില്‍ കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തു. ആശുപത്രി പ്രസിഡന്റ് ആര് രത്നാകര ഷേണായ് അധ്യക്ഷത വഹിച്ചു. ബി.പി.സി.എല്‍ എന്‍ജിനീയറിംഗ് ആന്റ് കണ്‍സ്ട്രക്ഷന്‍ ചീഫ് ജനറല്‍ മാനേജര്‍ ടി. വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. വിവിഡ് സ്കാന്‍ സെന്റര്‍ സി.ഇ.ഒ ലിജോ ജോര്‍ജ്,ആശുപത്രി ജനറല്‍ സെക്രട്ടറി വി. മനോഹര പ്രഭു, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. എം.ഐ ജുനൈദ് റഹ്മാന്, ഡോ.സച്ചിന് സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.