22-February-2023 -
By. news desk
കൊച്ചി: മത്സ്യമേഖലയില്‍ ആന്റിബയോട്ടിക് ഉള്‍പ്പെടെയുള്ള രാസപദാര്‍ത്ഥങ്ങളുടെ ദുരുപയോഗം തടയുന്നതിന് മത്സ്യഡോക്ടര്‍മാരെ നിയമിക്കണമെന്ന് ശില്പശാല. യുകെ ഗവണ്മെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ എണ്‍വയണ്‍മെന്റ്, ഫുഡ് ആന്റ് റൂറല്‍ അഫയേഴ്സും (സിഫാസ്) കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനവും (സിഎംഎഫ്ആര്‍ഐ) സംയുക്തമായി സംഘടിപ്പിച്ച വണ്‍ ഹെല്‍ത് അക്വാകള്‍ച്ചര്‍ ഇന്ത്യ ശില്പശാലയിലാണ് ഈ നിര്‍ദേശം. മീനിന്റെയും മീന്‍ കഴിക്കുന്നവരുടെയും ആരോഗ്യസംരക്ഷണത്തിനും മത്സ്യഡോക്ടറുടെ സേവനം സഹായകരമാകുമെന്ന് ശില്പശാലയില് പ്രബന്ധമവതരിപ്പിച്ച സിഎംഎഫ്ആര്‍ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ സി രാമചന്ദ്രന് പറഞ്ഞു.
ഇന്ത്യയിലെ അക്വാകള്‍ച്ചര്‍ (ജലകൃഷി) മേഖലയില്‍ സമഗ്ര ആരോഗ്യ സമീപനം കൊണ്ട് വരുന്നതിന് ഇന്തോയുകെ ഗവേഷണ സഹകരണം വേണമെന്നും ശില്പശാല നിര്‍ദേശിച്ചു. കൃഷി ചെയ്യുന്ന മത്സ്യത്തിന്റെയും മീന്‍ കഴിക്കുന്നവരുടെയും പരിസ്ഥിതിയുടെയും ആരോഗ്യസംരക്ഷണമാണ് ഈ സമീപനം.സുസ്ഥിര മത്സ്യോല്പാദനം കൂട്ടാനും രോഗബാധയടക്കമുള്ള പ്രതിസന്ധികള്‍ തടയാനും ഉപജീവനം മെച്ചപ്പെടുത്താനും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന് സാധിക്കുമെന്ന് ബ്രിട്ടീഷ് ഹൈകമ്മീഷനിലെ സാലി ടെയ്ലര് പറഞ്ഞു.മത്സ്യകൃഷിയിടത്തു നിന്നും തീന്‍മേശയിലെത്തുന്നതുവരെ മത്സ്യോല്പാദനത്തെ ബ്ലോക് ചെയിന്‍ സംവിധാനമുപയോഗിച്ച് നിരീക്ഷിക്കാനുള്ള സംവിധാനമേര്‍പ്പെടുത്തണം.
പൊക്കാളി കൃഷി പോലെയുള്ള പരമ്പരാഗത കൃഷിരീതികളെ കൂടുതല്‍ ഊര്‍ജിതമാക്കുന്നതിന് ഗവേഷണസഹകരണം ആവശ്യമാണ്. ആരോഗ്യസംരക്ഷണത്തിന് മനുഷ്യരിലും മൃഗങ്ങളിലും മത്സ്യങ്ങളിലുമുള്ള മരുന്നുപയോഗം നിയന്ത്രണവിധേയമാക്കുന്നതിനും, ജനിതകമാറ്റം വരുതിയ പുതിയ മത്സ്യയിനങ്ങളെ വികസിപ്പിക്കുന്നതിനും നയരൂപീകരണം ആവശ്യമാണെന്നും ശില്പശാല ആവശ്യപ്പെട്ടു.ഇന്ത്യന്‍ മത്സ്യമേഖലയെ സമഗ്രആരോഗ്യസ്ഥിതിയിലേക്ക് എത്തിക്കുന്നതിനുള്ള വിവിധ പദ്ധതികള്‍ രാജ്യത്ത് നിലവിലുണ്ടെങ്കിലും ഇവ ഏകോപിപ്പിക്കുന്നതിന് ദേശീയതലത്തില്‍ ഏജന്‍സി സ്ഥാപിക്കണമെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ എ ഗോപാലകൃഷ്ണന് പറഞ്ഞു.ഇന്ത്യയില്‍ നിന്നും യുകെയില്‍ നിന്നുമായി 50 ഓളം ശാസ്ത്രജ്ഞര്‍ ശില്പശാലയില് പങ്കെടുത്തു. ഡോ പി കെ പാണ്ഡെ, ഡോ പി കൃഷ്ണന്, പ്രൊഫ. ഡേവിഡ് ബാസ്, ഡോ ടോംസ് സി ജോസഫ് എന്നിവരും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.