26-February-2023 -
By. sports desk
കൊച്ചി: റുപേ പ്രൈം വോളിലീഗില്‍ കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനെ തകര്‍ത്ത് അഹമ്മദാബാദ് ഡിഫന്‍ഡേഴ്സ് ജൈത്രയാത്ര തുടര്‍ന്നു. രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച സെറ്റ് ത്രില്ലറിനൊടുവിലാണ് 3-2ന് ഡിഫന്‍ഡേഴ്സിന്റെ വിജയം. സ്കോര്‍: 15-5, 11-15, 9-15, 15-12, 15-14. ജയത്തോടെ അഹമ്മദാബാദ് സെമിഫൈനല്‍ ഉറപ്പാക്കി. ആറ് മത്സരങ്ങളില്‍ അഞ്ചും ജയിച്ച ഡിഫന്‍ഡേഴ്സ് 11 പോയിന്റുമായി ടേബിളിലും അപ്രമാദിത്യം തുടര്‍ന്നു. ആറ് മത്സരം പൂര്‍ത്തിയാക്കിയ കൊച്ചിയുടെ അഞ്ചാം തോല്‍വിയാണിത്. നന്ദഗോപാല്‍ കളിയിലെ താരമായി.
സ്പൈക്കിലൂടെ അഹമ്മദാബാദാണ് സ്കോര്‍ പട്ടിക തുറന്നത്. ശക്തമായ ബ്ലോക്കിങ് അവരുടെ ലീഡ് കൂട്ടി. സന്തോഷിന്റെ സൂപ്പര്‍ സെര്‍വില്‍ അവര്‍ കുതിച്ചു. 15-5ന് ആദ്യ സെറ്റ് അഹമ്മദാബാദ് നേടി.മനോജിലൂടെ രണ്ടാം സെറ്റിലും ഡിഫന്‍ഡേഴ്സ് ലീഡെടുത്തു. എന്നാല്‍ സ്കോര്‍ എട്ടില്‍ നില്‍ക്കേ കൊച്ചി ഒപ്പം പിടിച്ചു. എന്‍.കെ ഫായിസിന്റെ സൂപ്പര്‍ സെര്‍വിലൂടെ കൊച്ചി മുന്നിലെത്തി. 15-11ന് ബ്ലൂ സ്പൈക്കേഴ്സിന് രണ്ടാം സെറ്റ് എടുത്തു.അഹമ്മദാബാദ് ആദ്യം പോയിന്റ് നേടിയ മൂന്നാം സെറ്റില്‍ തുടക്കം മുതല്‍ കളി ഒപ്പത്തിനൊപ്പമായി. സ്മാഷുതിര്‍ത്തും തടയിട്ടും ടീമുകള്‍ മുന്നേറി. ഗാലറിയുടെ ആവേശത്തില്‍ കൊച്ചി കരുത്തരായതോടെ അഹമ്മദാബാദിന് സമ്മര്‍ദമേറി. 15-9ന് അധികം വിയര്‍ക്കാതെ മൂന്നാം സെറ്റും കൊച്ചി നേടി.
നാലാം സെറ്റിന്റെ തുടക്കം മുതല്‍ കടുത്ത പോരാട്ടമായിരുന്നു.ആദ്യ എട്ടുപോയിന്റില്‍ ഒരുഘട്ടത്തിലും ഇരുടീമിനും അപ്രമാദിത്യം നേടാനായില്ല. ഒടുവില്‍ 15-12ന് സെറ്റ് നേടിയ അഹമ്മദാബാദ് വിജയനിര്‍ണയം അഞ്ചാം സെറ്റിലേക്ക് നീട്ടി.അഞ്ചാം സെറ്റില്‍ കൊച്ചി അടവുമാറ്റി, അഹമ്മദാബാദിന് അധികം അവസരം നല്‍കാതെ കുതിച്ചു. 12-9ന് പിന്നില്‍ നില്‍ക്കേ അഹമ്മദാബാദ് സൂപ്പര്‍ പോയിന്റ് നേടി മത്സരത്തിന്റെ വീര്യം കൂട്ടി. ജിബിന്റെ സ്പൈക്കിന് തടയിട്ട് അഹമ്മദാബാദ് ഒപ്പമെത്തിയതോടെ കൊച്ചിക്ക് സമ്മര്‍ദ്ദമായി.ഡിഫന്‍ഡേഴ്സിന്റെ പിഴവില്‍ കൊച്ചി വീണ്ടും മുന്നിലെത്തിയെങ്കിലും ഡാനിയേലിന്റെ ബ്ലോക്കിങില്‍ സ്കോര്‍ വീണ്ടും തുല്യനിലയിലായി. സെറ്റ് പോയിന്റില്‍ നില്‍ക്കെ കൊച്ചിയെ വീണ്ടും ഡിഫന്‍ഡേഴ്സ് ഒപ്പം പിടിച്ചു. ആവേശം നിറഞ്ഞ അവസാന പോയിന്റ് അംഗമുത്തുവിന്റെ കിടിലന്‍ സ്മാഷില്‍ അഹമ്മദാബാദ് സ്വന്തമാക്കിയതോടെ കൊച്ചി വീണ്ടും പരാജയമറിഞ്ഞു.