Society Today
Breaking News

ആലപ്പുഴ: ആലപ്പുഴ കൈരളി, ശ്രീ തീയറ്ററുകളിലായി 17,18,19 തിയതികളില്‍ നടക്കുന്ന നാലമത് വനിതാ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഒരുക്കങ്ങളായി.  ഇന്റര്‍നാഷണല്‍, ഇന്ത്യന്‍, മലയാളം വിഭാഗങ്ങളിലായി 25 ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന മേളയില്‍ ആയിരത്തിലേറെ പ്രതിനിധികളെയാണ് പ്രതീക്ഷിക്കുന്നത്. മേളയുടെ ലോഗോ പ്രകാശനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരിക്ക് നല്‍കി സംവിധായകന്‍ ഫാസില്‍ നിര്‍വഹിച്ചു. 
ചലച്ചിത്ര മേളയില്‍ വിദ്യാര്‍ഥികളുടെ പങ്കാളിത്തം ഉറപ്പു വരുത്തണമെന്ന് സിനിമ സംവിധായകന്‍ ഫാസില്‍ ലോഗോ പ്രകാശിപ്പിച്ച് പറഞ്ഞു.  വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ആലപ്പുഴയില്‍ നടന്ന ചലച്ചിത്ര മേളയുടെ ഓര്‍മകളും അദ്ദേഹം പങ്കുവച്ചു. തന്റെ വിദ്യാര്‍ഥി ജീവിതത്തിനിടെ മേളയില്‍ കണ്ട ദി ബലാഡ് ഓഫ് എ സോള്‍ജിയര്‍ എന്ന സിനിമ ഇപ്പോഴും ഓര്‍മകളുടെ ഫ്രയിമില്‍ നിറഞ്ഞുനില്‍ക്കുന്നതായി അദ്ദേഹം പറഞ്ഞു. ആ മേളയാണ് തന്നില്‍ തീക്ഷ്ണമായ സിനിമാ മോഹം നിറച്ചതെന്നും ഫാസില്‍ പറഞ്ഞു.

 ജെന്‍ഡര്‍ കൗണ്‍സില്‍ അംഗം  ബിച്ചു എക്‌സ് മലയില്‍ അധ്യക്ഷയായി. മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യ രക്ഷാധികാരിയായും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, കൃഷി മന്ത്രി പി.പ്രസാദ്, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ് എന്നിവര്‍ സഹരക്ഷാധികാരികളായും ജില്ലയിലെ എം.പി.മാരും എം.എല്‍.എമാരും രക്ഷാധികാരികളായും സംഘാടക സമിതി രൂപവത്കരിച്ചു. മേളയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ മാര്‍ച്ച് 10 മുതല്‍ ആരംഭിക്കും. https://registration.iffk.in/ സൈറ്റിലൂടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. പൊതുജനങ്ങള്‍ക്ക് 300 രൂപയും വിദ്യാര്‍ഥികള്‍ക്ക് 150 രൂപയുമാണ് രജിസ്റ്ററേഷന്‍ ഫീസ്. രജിസ്‌ട്രേഷന്‍ ചെയ്യുന്നവര്‍ക്ക് എല്ലാ സിനിമകളും കാണുന്നതിന് അവസരമുണ്ട്.അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബ രാഗേഷ്,  നടി ഉഷ ഹസീന, കയര്‍ ക്ഷേമനിധി ബോര്‍ഡ് സി.ഇ.ഓ എം.മഞ്ജു, കൈരളി ശ്രീ തീയറ്റര്‍ മാനേജര്‍ ടി.പ്രീതി, സി.ഡബ്ല്യൂ.സി അംഗം ഗീത തങ്കമണി, വിജയ ലക്ഷ്മി, അമൃതം ഗോപിനാഥ്, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ്,  ഡെപ്യൂട്ടി ഡയറക്ടര്‍ (ഫെസ്റ്റിവല്‍) എച്ച്.ഷാജി എന്നിവര്‍ സംസാരിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി സംഘാടക സമിതിയുടെ ചെയര്‍പേഴ്‌സണും  നഗരസഭാധ്യക്ഷ സൗമ്യരാജ് കോ ചെയര്‍പേഴ്‌സണുമായി പ്രവര്‍ത്തിക്കും.

Top