Society Today
Breaking News

ആലപ്പുഴ: നാലാമത് വനിതാ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക്  ആലപ്പുഴയില്‍ തുടക്കമായി.ആലപ്പുഴ കൈരളി തിയേറ്ററില്‍ നടന്ന ചടങ്ങില്‍ അമ്പലപ്പുഴ എം.എല്‍.എ എച്ച് സലാം മേള ഉദ്ഘാടനം ചെയ്തു.ആശയ സംവേദനത്തിനുള്ള ഏറ്റവും പ്രധാന മാധ്യമമാണ് ചലച്ചിത്രമെന്ന് എച്ച്. സലാം എം.എല്‍.എ. പറഞ്ഞു.മനുഷ്യന്‍ നേടുന്ന അറിവും വിജ്ഞാനവും വ്യത്യസ്തമായ നിലയില്‍ ആശയവിനിമയം ചെയ്യുക എന്ന കാര്യം വളരെ പ്രധാനപ്പെട്ടതാണ്. നേടുന്ന അറിവുകളും വികാരങ്ങളും കൈമാറ്റം ചെയ്യപ്പെടുന്നതിലൂടെയാണ് മനുഷ്യ വികാസം  ശക്തമാക്കുന്നത്. ഒന്നോ ഒന്നിലധികമോ പേരുടെ ചിന്തയില്‍ ഉടലെടുക്കുന്ന ആശയം സ്വതന്ത്ര സ്വഭാവത്തോടുകൂടി ആവിഷ്‌കരിക്കാന്‍ കഴിയാത്ത കാലമാണിത്. ആവിഷ്‌കരിച്ചാലും അത് പ്രദര്‍ശിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാകുന്നു. അത്തരം  കാലത്താണ് 25 വനിതാ സംവിധായകരുടെ സിനിമകള്‍  മേളയിലൂടെ പ്രദര്‍ശിപ്പിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി അധ്യക്ഷയായി. ഫെസ്റ്റിവല്‍ ബുക്ക് പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. പ്രകാശനം ചെയ്തു. ഡെയിലി ബുള്ളറ്റിന്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം കുക്കു പരമേശ്വന് നല്‍കി പ്രകാശനം ചെയ്തു. ആദ്യ വനിത വോളണ്ടിയര്‍ പാസിന്റെ വിതരണം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സൗമ്യരാജ് നിര്‍വഹിച്ചു. വിപ്ലവ ഗായിക പി.കെ. മേദിനിയെ ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ ആദരിച്ചു. ജൂലാ ശാരംഗപാണി എഴുതിയ ശാരംഗം പാണിനീയം എന്ന പുസ്തകം പി. കെ മേദിനിക്ക് നല്‍കി പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. പ്രകാശനം ചെയ്തു. ദലീമ ജോജോ എം.എല്‍.എ., ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ചലച്ചിത്രങ്ങളുടെ സംവിധായകരായ ഇന്ദു വി.എസ്., ഗീതിക നാരംങ് അബ്ബാസ്, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, ജൂല ശാരംഗപാണി തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ഉദ്ഘാടന ചിത്രമായ ബ്ലൂ കാഫ്താന്‍ പ്രദര്‍ശിപ്പിച്ചു. 

Top