Society Today
Breaking News

കൊച്ചി: വേമ്പനാട്ട് കായല്‍ നശീകരണത്തെ കുറിച്ചും കായലിന്റെ ജൈവപരമായ ഉല്‍പ്പാദനക്ഷമത വീണ്ടെടുക്കാന്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും കേരള ഫിഷറീസ് സമുദ്രപഠന സര്‍വ്വകലാശാല (കുഫോസ്) തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇന്ന്‌സര്‍ക്കാറിന് സമര്‍പ്പിക്കും. രാവിലെ 10 മണിക്ക് തണ്ണീര്‍മുക്കം കെ.ടി.ഡി.സി റിസോര്‍ട്ടില്‍ നടക്കുന്ന ചടങ്ങില്‍ കുഫോസ് വൈസ് ചാന്‍സലര്‍ ഡോ.റോസലിന്റ് ജോര്‍ജ് മന്ത്രി വി.എന്‍.വാസവന് റിപ്പോര്‍ട്ട് കൈമാറും. എം.പി.മാരായ എ.എം.ആരിഫ്, ഹൈബി ഈഡന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം കുഫോസിലെ സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ഇന്‍ അക്വാറ്റിക് റിസോഴ്‌സസ് മാനേജ്‌മെന്റ് ആന്റ് കണ്‍സര്‍വേഷന്‍ ആണ് അഞ്ച്  വര്‍ഷം നീണ്ട പഠനം പൂര്‍ത്തിയാക്കിയത്.

 വേമ്പനാട്ട് കായലിന്റെ അടിതട്ടില്‍ ഒരു മീറ്റര്‍ കനത്തില്‍ മുവ്വായിരത്തിലേറെ ടണ്‍ പ് ളാസ്റ്റിക് മാലിന്യം അടിഞ്ഞ് കൂടിയിട്ടുണ്ടെന്ന റിപ്പോര്‍ട്ട്  പഠനത്തിന്റെ ആദ്യഘട്ടത്തില്‍ ( 2019 ഒക്ടോബറില്‍) കുഫോസ് പുറത്ത് വിട്ടിരുന്നു. ഓരോ ചതുരശ്ര കിലോമീറ്ററിലും 55.9 ടണ്‍ പ് ളാസ്റ്റിക് മാലിന്യം വേമ്പനാട്ട് കായലിന്റെ അടിത്തട്ടിലുണ്ട് എന്നാണ് കണ്ടെത്തല്‍. ഇത് ഉള്‍പ്പടെയുള്ള കായല്‍ നശീകരണത്തിന്റെയും കായല്‍ കയ്യേറ്റത്തിന്റെയും വിശദമായ രേഖ കുഫോസ് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിലുണ്ട്. വേമ്പനാട്ട് കായലില്‍ വന്ന് ചേരുന്ന മീനച്ചല്‍, പമ്പ, അച്ചന്‍കോവില്‍ നദീത്തടങ്ങളിലും  കായലിന്റെ ഭാഗമായ കുട്ടനാടിലും നിലനില്‍ക്കുന്ന പ്രളയ സാദ്ധ്യതകളെ കുറിച്ചും തടയാന്‍ സ്വീകരിക്കേണ്ട മാര്‍ഗ്ഗങ്ങളെ കുറിച്ചും റിപ്പോര്‍ട്ട് പ്രതിബാധിക്കുന്നുണ്ട്.

ഇതേ കുറിച്ചെല്ലാമുള്ള വിശദമായ അവതരണം യോഗത്തില്‍ കുഫോസിലെ ശാസ്ത്രജ്ഞര്‍ നടത്തും.കുഫോസ് ഗവേഷണ വിഭാഗം മേധാവി ഡോ.ദേവിക പിള്ള, കുഫോസ് ഭരണസമിതി അംഗം ശ്രീകുമാര്‍ ഉണ്ണിത്താന്‍, കായല്‍ തീരത്തുള്ള പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍, കര്‍ഷക പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. ഞായറാഴ്ച വേമ്പനാട്ട് കായലുമായി ബന്ധപ്പെട്ട് ജീവിക്കുന്ന വിവിധ ജനവിഭാഗങ്ങളുടെ പ്രതിനിധികളുയി കായല്‍ സംരക്ഷണ രേഖ കുഫോസിലെ ശാസ്ത്രജ്ഞര്‍ ചര്‍ച്ച ചെയ്യും.
 

Top