Society Today
Breaking News

ആലപ്പുഴ: തീരദേശമേഖലയിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരില്‍ കേട്ട് മനസ്സിലാക്കി പരിഹരിക്കുന്നതിന് മന്ത്രിമാരുടെ സാന്നിധ്യത്തില്‍ തീരസദസ്സ് സംഘടിപ്പിക്കാന്‍ തീരുമാനിച്ച് സര്‍ക്കാര്‍. ജനങ്ങളോട് നേരിട്ട് സംസാരിച്ച് അവര്‍ നേടിരുന്ന പ്രശ്‌നങ്ങള്‍ മനസ്സിലാക്കി പരിഹാര നടപടികള്‍ സ്വീകരിക്കുകയും സര്‍ക്കാരിന്റെ വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ അവരിലേക്ക് എത്തിക്കുകയും ചെയ്യുന്നതാണ് തീരസദസ്സ്. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചാണ് തീരസദസ്സ് സംഘടിപ്പിക്കുന്നത്. എം.എല്‍.എ.മാര്‍ സദസ്സിന് അധ്യക്ഷത വഹിക്കും. ജില്ലയിലെ തീരദേശ മണ്ഡലങ്ങളായ ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, അരൂര്‍ എന്നിവടങ്ങളാണ് സദസ്സ് ചേരുന്നത്.ഒരു ദിവസം രണ്ട് മണ്ഡലങ്ങളില്‍ സദസ്സ് സംഘടിപ്പിക്കും.

രാവിലെ ഒമ്പതു മുതല്‍ ഉച്ചക്ക് ഒന്നു വരെ ഒരു മണ്ഡലത്തിലും ഉച്ചക്ക് മൂന്നു മണി മുതല്‍ വൈകിട്ട് ഏഴു വരെ അടുത്ത മണ്ഡലത്തിലും എന്ന രീതിയിലാണ് സമയം ക്രമീകരിച്ചിട്ടുള്ളത്. ആദ്യത്തെ രണ്ടു മണിക്കൂര്‍ ജനപ്രതിനിധികളുമായുള്ള ചര്‍ച്ചയും അടുത്ത രണ്ടു മണിക്കൂര്‍ മത്സ്യത്തൊഴിലാളികളുടെ പരാതി പരിഹാരവും നടക്കും. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങയിവരും പരിപാടിയില്‍ പങ്കെടുക്കും. മത്സ്യത്തൊഴിലാളികളുടെ പാരമ്പര്യ അറിവ് പ്രയോജനപ്പെുടുത്തി പ്രാദേശികമായ പരിഗണന നല്‍കി നൂതന പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിനുള്ള ഒരു ചുവടുവെപ്പ് കൂടിയാണിത്.സദസ്സില്‍ പങ്കെടുക്കാനായി മത്സ്യത്തൊഴിലാളികള്‍ പരാതികളും അപേക്ഷകളും www.fisheries.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നേരിട്ടോ അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയോ ഓണ്‍ലൈനായോ മത്സ്യഭവനുകള്‍ മുഖേന നേരിട്ടോ നല്‍കണം. പരാതികള്‍/അപേക്ഷകള്‍ ഏപ്രില്‍ 15 നകം നല്‍കണം. ഇങ്ങനെ ലഭിക്കുന്ന പരാതികളും അപേക്ഷകളും മാത്രമേ തീരസദസ്സ് പരിപാടിയിലൂടെ തീര്‍പ്പാക്കുവാന്‍ സാധിക്കുകയുള്ളു.
 

Top