Society Today
Breaking News

കൊച്ചി: കൊച്ചി മെട്രോ രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിന് മുന്നോടിയായി മെട്രോ അലൈന്‍മെന്റ് വരുന്ന റൂട്ടില്‍ കുരുക്ക് ഒഴിവാക്കുവാനും ഗതാഗതം സുഗമമാക്കുവാനുമായുള്ള ബദല്‍ റൂട്ടുകള്‍ നിശ്ചയിക്കുന്നതിന് ജനപ്രതിനിധികളുമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും കെഎംആര്‍എല്‍ ചര്‍ച്ച നടത്തി.  കെഎംആര്‍എല്‍ ആസ്ഥാനത്ത് ലോക്‌നാഥ് ബെഹ്‌റയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ മെട്രോ അലൈന്‍മെന്റ് വരുന്ന റൂട്ടിലെ ജനപ്രതിനിധികളും പൊലീസ്, മോട്ടോര്‍വാഹന വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, ജിസിഡിഎ, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരും പങ്കെടുത്തു. മെട്രോ ഉദ്യോഗസ്ഥരും മറ്റ് ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്‌മെന്റുകളും ചേര്‍ന്ന് പരിശോധന നടത്തി തയ്യാറാക്കിയ ബദല്‍ റൂട്ടുകളുടെ പട്ടിക ജനപ്രതിനിധികള്‍ക്ക് മുന്‍പാകെ സമര്‍പ്പിച്ച് നിര്‍ദ്ദേശങ്ങള്‍ തേടി. ബദല്‍ റൂട്ടുകള്‍ സൂചിപ്പിക്കുന്ന ദിശാസൂചികകള്‍ സ്ഥാപിക്കണെമന്നും പൊതുജനങ്ങളെ സഹായിക്കുന്നതിന് ട്രാഫിക് വാര്‍ഡന്‍മാരെ നിയോഗിക്കണമെന്നും ജനപ്രതിനിധികള്‍ നിര്‍ദ്ദേശിച്ചു. നിരത്തുകളില്‍ പൊതുജനങ്ങളുടെ സുഗമമായ യാത്രയ്ക്ക് തടസ്സമുണ്ടാക്കുന്ന പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ജനപ്രതിനിധികള്‍ മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി ബദല്‍ റൂട്ടുകള്‍ അന്തിമമായി നിശ്ചയിക്കുമെന്ന് കെഎംആര്‍എല്‍ അറിയിച്ചു.


വൈറ്റില മെട്രോ സ്‌റ്റേഷനില്‍ മെട്രോ മഹിളാ മാര്‍ക്കറ്റ്

വനിതാ സംരംഭകര്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്കും കൈത്താങ്ങാവുക എന്ന ഉദ്ദേശത്തോടെ കൊച്ചി മെട്രോ സ്‌റ്റേഷനില്‍ പ്രദര്‍ശന വില്‍പ്പന മേള. മെട്രോ മഹിളാ മാര്‍ക്കറ്റ് എന്ന് പേരിട്ടിരിക്കുന്ന വനിതാ സംരംഭകരുടെ പ്രദര്‍ശന വില്‍പ്പന മേള ഈ മാസം 25, 26 തീയതികളില്‍ നടക്കും. വൈറ്റില മെട്രോ സ്‌റ്റേഷനിലാണ് രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന മെട്രോ മഹിളാ മാര്‍ക്കറ്റ് നടക്കുക. മെട്രോ മഹിളാ മാര്‍ക്കറ്റിന്റെ ഭാഗമാകുന്നതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി വനിതകള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വസ്ത്രങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍, കരകൌശല വസ്തുക്കള്‍ എന്നിവ വില്‍ക്കാന്‍ അവസരമുണ്ട്. ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്കും അവര്‍ നിര്‍മ്മിക്കുന്ന ഉത്പനങ്ങള്‍ മെട്രോ സ്‌റ്റേഷനില്‍ ഈ ദിവസങ്ങളില്‍ വില്‍ക്കാം. ഭീമമായ വാടക തുകകള്‍ താങ്ങാനാകാതെ വിഷമിക്കുന്ന ചെറുകിട സംരംഭകര്‍ക്ക് മെട്രോ മഹിളാ മാര്‍ക്കറ്റ് സഹായകരമാകുമെന്നാണ് കെഎംആര്‍എല്‍ പ്രതീക്ഷിക്കുന്നത്. വനിതാ സംരംഭകര്‍ക്ക് ഇന്ന് വൈകിട്ട് 6 മണി വരെയാണ് രജിസ്റ്റര്‍ ചെയ്യാന്‍ അവസരം ലഭിക്കുക. കൊച്ചി മെട്രോ യാത്രക്കാരെയും പൊതുജനങ്ങളെയും മെട്രോ മഹിളാ മാര്‍ക്കറ്റിലേക്ക് സ്വാഗതം ചെയ്യുന്നു. മെട്രോ മഹിളാ മാര്‍ക്കറ്റ് സന്ദര്‍ശിക്കുന്നതിന് പ്രവേശനം സൗജന്യമായിരിക്കും.


 

Top