Society Today
Breaking News

തിരുവനന്തപുരം: തലച്ചോറിലെ അപകടകരമായ ട്യൂമര്‍ ആറ് മണിക്കൂറോളം നീണ്ട് നിന്ന ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. തിരുവനന്തപുരം സ്വദേശിയായ 53 കാരനിലാണ് അമിതമായി രക്തം നഷ്ടപ്പെടുന്നത് ഒഴിവാക്കിക്കൊണ്ട് ശസ്ത്രക്രിയ വിജയമകരമായി പൂര്‍ത്തിയാക്കിയത്. ട്യൂമറിലേക്ക് നയിക്കുന്ന രക്തക്കുഴലുകള്‍ തിരഞ്ഞെടുത്ത് എംബോളൈസ് ചെയ്യുന്നത് വഴിയാണ് അമിതമായ രക്തപ്രവാഹം നിയന്ത്രിക്കാനായതെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ന്യൂറോ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.സന്തോഷ് ജോസഫ് പറഞ്ഞു. ഒരാഴ്ചയിലേറെയായി നീണ്ടുനിന്ന കടുത്ത തലവേദനയെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. രോഗിയില്‍ നടത്തിയ സിടി, എംആര്‍ഐ പരിശോധനകളില്‍ തലച്ചോറിലെ ട്യൂമറും അവിടേക്കുള്ള അമിതമായ രക്തപ്രവാഹവും കണ്ടെതുകയായിരുന്നു ഇത്തരം രക്തപ്രവാഹം ശസ്ത്രക്രിയയ്ക്കിടെയുള്ള ഗുരുതരമായ രക്തസ്രാവത്തിന് കാരണമായേക്കാം.

ഗുരുതരാവസ്ഥ കണക്കിലെടുത്ത് ശസ്ത്രക്രിയയിലൂടെ എത്രയും വേഗം ട്യൂമര്‍ നീക്കം ചെയ്യാന്‍ മെഡിക്കല്‍ സംഘം തീരുമാനിക്കുകയായിരുന്നു.ശസ്ത്രക്രിയയ്ക്ക് മുന്‍പായി ട്യൂമറിന്റെ ഫീഡിങ് വെസ്സലുകള്‍ തിരഞ്ഞെടുത്ത് എംബോളിസ് ചെയ്യുകയും അതിലൂടെ രക്തം നഷ്ടപ്പെടാതെ ട്യൂമര്‍ സുരക്ഷിതമായി നീക്കം ചെയ്യുകയുമായിരുന്നു. ട്യൂമര്‍ എംബോളൈസ് ചെയ്തില്ലായിരുന്നെങ്കില്‍ കുറഞ്ഞത് അഞ്ച് യൂണിറ്റ് രക്തമെങ്കിലും നഷ്ടപ്പെട്ട് രോഗിയുടെ ജീവന്‍ തന്നെ അപകടത്തിലാകുമായിരുന്നുവെന്നും   ഡോ.സന്തോഷ് ജോസഫ് പറഞ്ഞു. ന്യൂറോ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി ഇമേജിംഗ് വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. മനീഷ് കുമാര്‍ യാദവ്, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി ഡോ. ശാലിനി വര്‍മ്മ എന്നിവരും ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കി.ശസ്ത്രക്രിയയ്ക്കിടെ, തലച്ചോറിലെ വെന്‍ട്രിക്കിളുകള്‍ക്കിടയിലായി രക്തക്കുഴലുകള്‍ നിറഞ്ഞ നിലയിലായിരുന്നു ട്യൂമര്‍. എന്നിരുന്നാലും, രക്തസ്രാവം ഒഴിവാക്കി ട്യൂമര്‍ നീക്കം ചെയ്യുകയായിരുന്നു. ട്യൂമര്‍ ബാധിത പ്രദേശത്തേക്ക് അനാവശ്യ രക്തപ്രവാഹം തടയുന്നതില്‍ എംബോളൈസേഷന്‍ നിര്‍ണായക ഘടകമായിരുന്നുവെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ന്യൂറോ സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. അജിത് ആര്‍ കൂട്ടിച്ചേര്‍ത്തു. ന്യൂറോസര്‍ജറി വിഭാഗം കണ്‍സള്‍ട്ടന്റുമാരായ ഡോ. അബു മദന്‍, ഡോ. നവാസ് എന്‍.എസ്, ഡോ. ബോബി ഐപ്പ്, ന്യൂറോ അനസ്‌തെറ്റിസ്റ്റ് കണ്‍സള്‍ട്ടന്റ് ഡോ. സുശാന്ത് .ബി, എന്നിവരും സങ്കീര്‍ണ്ണമായ ശസ്ത്രക്രിയാ നടപടിക്രമങ്ങളുടെ ഭാഗമായിരുന്നു.
 

Top