10-April-2023 -
By. news desk
കൊച്ചി: കൊച്ചി നഗരസഭയില്‍ വികേന്ദ്രീകൃതവും സംയോജിതവുമായ മാലിന്യ സംസ്‌കരണ സംവിധാനം കൊണ്ടുവരുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെയും ശുചിത്വ മിഷന്റെയും കൊച്ചി നഗരസഭയുടെയും നേതൃത്വത്തില്‍ സീറോ വേസ്റ്റ് അറ്റ് കൊച്ചി എന്ന പേരില്‍ എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നു. പനമ്പിള്ളി നഗറിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ ഇന്നു മുതല്‍ 13 വരെയാണ് എക്‌സിബിഷന്‍ നടത്തുന്നത്. ഇന്ന് വകുന്നേരം ആറിന് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്യും. പനമ്പിള്ളി റെസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജോര്‍ജ് കോര ചടങ്ങില്‍ അധ്യക്ഷത വഹിക്കും. മാലിന്യ സംസ്‌കരണത്തിന്റെ സന്ദേശം പുതിയ തലമുറയിലേക്ക് കൈമാറുന്നതിന്റെ സൂചകമായി പനമ്പിള്ളി നഗറിലെ ഗ്രീന്‍ വോളന്റിയര്‍ ദീപം കൊളുത്തും.എക്‌സിബിഷനുകളില്‍ ഉറവിട മാലിന്യ സംസ്‌കരണത്തിനാവശ്യമായ സാങ്കേതിക ഉപകരണങ്ങള്‍ പരിചയപ്പെടുത്തുകയും വേണ്ട സാങ്കേതിക പരിശീലനം നല്‍കുകയും ചെയ്യും.
റെസിഡന്റ്‌സ് അസോസിയേഷനുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന ഈ എക്‌സിബിഷനില്‍
നഗരസഭയിലെ 54 മുതല്‍ 63 വരെയുള്ള ഡിവിഷനുകളിലെ റെസിഡന്റ്‌സ് അസോസിയേഷനുകളാണ് പങ്കെടുക്കുന്നത്. എക്‌സിബിഷന്‍ സ്റ്റാള്‍, സെമിനാറുകള്‍,ഫുഡ് സ്റ്റാള്‍, കുട്ടികളുടെ ചിത്രപ്രദര്‍ശനം, കലാപരിപാടികള്‍ എന്നിവ ഉള്‍പ്പെടെ നാലു ദിവസം പ്രദര്‍ശനമുണ്ടാകും. കലാപരിപാടികളില്‍ എറണാകുളം ഓള്‍ ഇന്ത്യ റേഡിയോ എഫ്.എം കൊച്ചിയുടെയും റെസിഡന്റ്‌സ് അസോസിഷനുകളുടെയും കലാകാരന്മാര്‍ പങ്കെടുക്കും.
നഗരസഭ ഹെല്‍ത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ അഷറഫ്, ഡെപ്യൂട്ടി കളക്ടര്‍ ഉഷ ബിന്ദുമോള്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. കൗണ്‍സിലര്‍മാരായ അഞ്ജന ടീച്ചര്‍, മാലിനി കുറുപ്പ് , ശശികല, ബിന്ദു ശിവ, പത്മജ എസ് മേനോന്‍, ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ ധന്യ റോയ്, റെസിഡന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി മീന ബെഞ്ചമിന്‍ എന്നിവര്‍ പങ്കെടുക്കും.ഏപ്രില്‍ 11 ,12 തീയതികളില്‍ വൈകുന്നേരം ആറു മുതല്‍ ഏഴ് വരെ നടക്കുന്ന സെമിനാറില്‍ കൊച്ചി നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ.ആന്റണി കുരിത്തറ മുഖ്യാതിഥിയായിരിക്കും. ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റ് ഡോ.ഷാജി, ജോസ് മൂഞ്ഞേലി, ഡോ.അനില്‍, അമീര്‍ഷാ, ഡോ. സി.എന്‍ മനോജ്, സക്കറിയ എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും.ഏപ്രില്‍ 13ന് വൈകുന്നേരം അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം ഉമാ തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ആര്‍ റനീഷ് മുഖ്യാതിഥിയായിരിക്കും. കൗണ്‍സിലര്‍മാരായ ആന്റണി പയിനുതുറ, ലതിക ടീച്ചര്‍, സുജ ലോനപ്പന്‍, ബെന്‍സി ബെന്നി, ശുചിത്വ മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ പി.എച്ച് ഷൈന്‍, മീന ബെഞ്ചമിന്‍ എന്നിവര്‍ പങ്കെടുക്കും.