10-April-2023 -
By. news desk
കൊച്ചി:അപാര്‍ട്ട്‌മെന്റുകളിലും ഓഫീസുകളിലും ഉറവിടമാലിന്യ സംസ്‌കരണം എത്രയും പെട്ടെന്ന് യാഥാര്‍ത്ഥ്യമാക്കണമെന്ന് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്. പനമ്പിള്ളി നഗറിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച സീറോ വേസ്റ്റ് അറ്റ് കൊച്ചി എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശുചിത്വ മിഷന്റെയും കൊച്ചി നഗരസഭയുടെയും പനമ്പിളി നഗര്‍ വെല്‍ഫയര്‍ അസോസിയേഷന്റേയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന എക്‌സിബിഷന്‍ ഏപ്രില്‍ 10 മുതല്‍ 13 വരെയാണ് നടക്കുന്നത്.മാലിന്യപ്രശ്‌നത്തില്‍ റെസിഡന്‍സ് അസോസിയേഷനുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണം, നോട്ടീസുകള്‍ പ്രസിദ്ധീകരിച്ച് ജനങ്ങള്‍ക്കിടയില്‍ തുടര്‍ച്ചയായി ബോധവത്കരണം നടത്തണം. ആറ് മാസത്തിനുള്ളില്‍ മാലിന്യ സംസ്‌കരണത്തിന് ശാശ്വത പരിഹാരം കാണുമെന്നും മെച്ചപ്പെട്ട ജീവിതനിലവാരമുള്ള മികച്ച നഗരമാക്കി കൊച്ചിയെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
പനമ്പിള്ളി നഗര്‍ വെല്‍ഫയര്‍ അസോസിയേഷന്‍ പ്രസിഡന്റ് ജോര്‍ജ് കോര അധ്യക്ഷത വഹിച്ച ചടങ്ങില്‍ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ഉഷ ബിന്ദുമോള്‍, പനമ്പിള്ളി നഗര്‍ കൗണ്‍സിലര്‍ അഞ്ജന ടീച്ചര്‍, ഗിരിനഗര്‍ കൗണ്‍സിലര്‍ മാലിനി കുറുപ്പ്, എറണാകുളം സൗത്ത് കൗണ്‍സിലര്‍ പത്മജ എസ് മേനോന്‍, ശുചിത്വമിഷന്‍ സ്‌റ്റേറ്റ് പോഗ്രാം ഓഫീസര്‍ അമീര്‍ഷാ, എറണാകുളം ജില്ലാ റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് രംഗദാസപ്രഭു എന്നിവര്‍ പങ്കെടുത്തു. മാലിന്യ സംസ്‌കരണത്തിന്റെ സന്ദേശം പുതിയ തലമുറയിലേക്ക് കൈമാറുന്നതിന്റെ സൂചകമായി പനമ്പിള്ളി നഗറിലെ ഗ്രീന്‍ വോളന്റിയര്‍മാര്‍ ദീപം കൊളുത്തി.കൊച്ചി നഗരസഭയില്‍ വികേന്ദ്രീകൃതവും സംയോജിതവുമായ മാലിന്യ സംസ്‌കരണ സംവിധാനം കൊണ്ടുവരുന്നതിനായാണ് പ്രദര്‍ശന മേള സംഘടിപ്പിക്കുന്നത്.
കൊച്ചി നഗരസഭയുടെ 74 ഡിവിഷനുകളിലുള്ള ജനങ്ങള്‍ക്ക് ഉറവിട മാലിന്യ സംസ്‌കരണത്തിനാവശ്യമായ സാങ്കേതിക ഉപകരണങ്ങള്‍ പരിചയപ്പെടുത്തുകയും പ്രയോഗത്തില്‍ വരുന്നതിനുവേണ്ട സാങ്കേതിക പരിശീലനവും എക്‌സിബിഷനില്‍ നല്‍കും. റെസിഡന്റ്‌സ് അസോസിയേഷനുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന ഈ എക്‌സിബിഷനില്‍ നഗരസഭയിലെ 54 മുതല്‍ 63 വരെയുള്ള ഡിവിഷനുകളിലെ റെസിഡന്റ്‌സ് അസോസിയേഷനുകളാണ് പങ്കെടുക്കുന്നത്. എക്‌സിബിഷന്‍ സ്റ്റാള്‍, സെമിനാറുകള്‍, ഫുഡ് സ്റ്റാള്‍, കുട്ടികളുടെ ചിത്രപ്രദര്‍ശനം, കലാപരിപാടികള്‍ എന്നിവ ഉള്‍പ്പെടെ നാലു ദിവസം പ്രദര്‍ശനമുണ്ടാകും.