Society Today
Breaking News

തിരുവനന്തപുരം: അത്യപൂര്‍വ്വ രോഗം ബാധിച്ച 68 വയസ്സുകാരിയുടെ ശ്വാസകോശം സലൈന്‍ ഫഌയിഡ് ഉപയോഗിച്ച് കഴുകി കിംസ്‌ഹെല്‍ത്തിലെ വിദഗ്ദ്ധ മെഡിക്കല്‍ സംഘം. ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജി യൂണിറ്റ് റെസ്പിറേറ്ററി മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റ്, അനസ്‌തേഷ്യ വിഭാഗം എന്നിവയുടെ സംയോജിത പരിശ്രമത്തിലൂടെ ഹോള്‍ ലംഗ് ലവാജ് (WLL) എന്ന സങ്കീര്‍ണ്ണമായ ചികിത്സാ പ്രക്രിയയിലൂടെയാണ് ശ്വാസകോശത്തിലെ പ്രോട്ടീന്‍ നിക്ഷേപങ്ങള്‍ നീക്കം ചെയ്തത്. 'പള്‍മണറി അല്‍വിയോളാര്‍ പ്രോട്ടീനോസിസ്' (PAP) എന്ന അപൂര്‍വ രോഗാവസ്ഥ മൂലം ശ്വാസതടസം നേരിട്ടിരുന്ന രോഗി കഴിഞ്ഞ കുറച്ച് മാസങ്ങളായി ഓക്‌സിജന്‍ സപ്പോര്‍ട്ടിലായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നതെന്നും ഇന്ത്യയില്‍ ഇത്തരം കേസുകള്‍ അത്യപൂര്‍വമായി മാത്രമാണ് റിപ്പോട്ട് ചെയ്തിരിക്കുന്നതെന്നും കണ്‍സള്‍ട്ടന്റ് ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജിസ്റ്റ് ഡോ. അജയ് രവി പറഞ്ഞു. ലക്ഷത്തില്‍ ഒരു വ്യക്തിയില്‍ മാത്രം കണ്ടുവരുന്ന, 30 നും 60 നും ഇടയില്‍ പ്രായമുള്ളവരില്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു അപൂര്‍വ അവസ്ഥയാണ് പിഎപി (PAP).

 രോഗിയില്‍ നടത്തിയ വിശദമായ ബ്രോങ്കോസ്‌കോപ്പിക് പരിശോധനയിലാണ് ശ്വാസകോശത്തില്‍ ഈ രോഗാവസ്ഥ ഉണ്ടായിരുന്നതായി കണ്ടെത്തുന്നത്, ഇത് ശ്വാസകോശത്തിലെ വായു സഞ്ചികളില്‍ പ്രോട്ടീന്‍ പോലുള്ള ഒരു പദാര്‍ത്ഥം അടിഞ്ഞുകൂടി ഓക്‌സിജന്‍ കൈമാറ്റം കുറയുന്നതിന് കാരണമാകുകയും കഠിനമായ ശ്വാസതടസത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ജനിതക വൈകല്യങ്ങളും മറ്റ് ചില കാരണങ്ങളാലും കണ്ടു വരുന്ന ഒരു അപൂര്‍വ രോഗമാണിത്, സാധാരണയായി ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം നിലനിര്‍ത്താന്‍ ആവശ്യമായ സര്‍ഫക്ടന്റ് പ്രോട്ടീന്‍, ശ്വാസകോശത്തിനുള്ളില്‍ അമിതമായി അടിഞ്ഞുകൂടുകയും ഗുരുതരമായ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നുവെന്നും ഡോ. അജയ് രവി പറഞ്ഞു. അനസ്‌തേഷ്യയുടെ സഹായത്തോടെ ഗുരുതരാവസ്ഥയിലുണ്ടായിരുന്ന ശ്വാസകോശത്തെ ഒരു സര്‍ക്യൂട്ടുമായി ബന്ധിപ്പിക്കുയും കഴുകാന്‍ സഹായിക്കുന്ന സലൈന്‍ ഫ്‌ലൂയ്ഡ് പമ്പ് ചെയ്യുകയും ചെയ്യുന്നു.

അതേസമയം രോഗി വെന്റിലേറ്റര്‍ സഹായത്തോടെ മറ്റേ ശ്വാസകോശത്തിലൂടെ ജീവന്‍ നിലനിര്‍ത്തുന്നു. സലൈന്‍ ഫ്‌ലൂയ്ഡ് സര്‍ക്യൂട്ട് വഴി ശ്വാസകോശത്തിലേക്ക് പമ്പ് ചെയ്യുകയും ശ്വാസകോശം കഴുകിയ ശേഷം തിരികെ ശേഖരിക്കുകയും ചെയ്യുന്നു. തിരികെ വരുന്ന ഫ്‌ലൂയ്ഡ് പ്രോട്ടീന്‍ നിക്ഷേപങ്ങളില്‍ നിന്ന് മുക്തമാകുന്നതുവരെ, 10 ലിറ്ററിലധികം സലൈന്‍ ഫ്‌ലൂയ്ഡ് ഉപയോഗിച്ച് ഈ സൈക്കിള്‍ ആവര്‍ത്തിക്കുന്നു. 'പ്രക്രിയയ്ക്ക് ശേഷം രോഗിക്ക് ഓക്‌സിജന്‍ സപ്പോര്‍ട്ട് ഇല്ലാതെ തന്നെ സുഖമായി ശ്വസിക്കാന്‍ കഴിയുന്നു. 23 ആഴ്ചകളുടെ ഇടവേളയ്ക്ക് ശേഷം അടുത്ത ശ്വാസകോശത്തിലും അതേ നടപടിക്രമം ആവര്‍ത്തിക്കുന്നതോടെ ഇരുശ്വാസകോശങ്ങളും പൂര്‍ണ്ണമായും ആരോഗ്യമുള്ളതായിത്തീരും' ഡോ. അജയ് രവി കൂട്ടിച്ചേര്‍ത്തു. റെസ്പിറേറ്ററി മെഡിസിന്‍ വിഭാഗത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. അമീര്‍ കെ.എ, കാര്‍ഡിയാക് അനസ്‌തെറ്റിസ്റ്റുകളായ ഡോ. എസ്. സുബാഷ്, ഡോ. സ്വപ്‌ന ശശിധരന്‍ എന്നിവരും ചികില്‍സാ സംഘത്തിലുണ്ടായിരുന്നു
 

Top