24-April-2023 -
By. health desk
കൊച്ചി: മസ്തിഷ്‌ക ശസ്ത്രക്രിയയിലെ സുപ്രധാന വിഭാഗമായ സ്‌കള്‍ ബേസ് സര്‍ജറി വിദഗ്ദ്ധരുടെ സംഘടനയായ സ്‌കള്‍ ബേസ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ ദേശീയ സമ്മേളനം കൊച്ചിയില്‍ ആരംഭിച്ചു.രാജ്യത്തുടനീളമുള്ള ന്യൂറോ സര്‍ജന്‍മാരും വിദഗ്ധരും അണിനിരക്കുന്ന രണ്ട് ദിവസത്തെ സമ്മേളനത്തില്‍ തലയോട്ടിയുടെ അടിവശത്തെ ശസ്ത്രക്രിയകള്‍ നടത്തുന്നതിനാവശ്യമായ നൂതന ശാസ്ത്ര സാങ്കേതിക വിദ്യകളും ഉയര്‍ന്ന വൈദഗ്ധ്യവും ചര്‍ച്ചാ വിഷയമാവും. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ പ്രമുഖ ന്യൂറോ സര്‍ജന്‍ ഡോ.ശ്യാം സുന്ദര്‍ എസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.ഘടനാപരമായ സവിശേഷത കൊണ്ടുതന്നെ കണ്ണിനും മൂക്കിനും പിന്നില്‍ സ്ഥിതി ചെയ്യുന്ന തലയോട്ടിയുടെ അടിഭാഗം ശസ്ത്രക്രിയകള്‍ക്ക് പ്രയാസമേറിയതാണ്. മസ്തിഷ്‌ക കാണ്ഡം, സുപ്രധാന ഞരമ്പുകള്‍, സങ്കീര്‍ണ്ണമായ രക്തക്കുഴലുകള്‍ തുടങ്ങിയവ തിങ്ങിനിറഞ്ഞ തലച്ചോറിന്റെ സുപ്രധാന ഭാഗമാണിതെന്ന് അദ്ദേഹം പറഞ്ഞു.തലയോട്ടി തുറക്കാതെയുള്ള എന്‍ഡോസ്‌കോപ്പിക് ഇന്റര്‍വെന്‍ഷന്‍ വഴിയുള്ള തലച്ചോറിന്റെ അടിവശത്തെ ശസ്ത്രക്രിയകള്‍ ഇന്ന് വിവിധ സ്‌പെഷ്യലിറ്റി വിഭാഗങ്ങളുടെ കൂട്ടായ്മയായി രാജ്യത്ത് വളര്‍ന്നു
കഴിഞ്ഞു. തലച്ചോറിന്റെ അടിഭാഗത്തും നട്ടെല്ലിന്റെ ഏറ്റവും മുകള്‍ ഭാഗത്തും രൂപപ്പെടുന്ന മുഴകളും, അര്‍ബുദങ്ങളും , രൂപ വൈകൃതങ്ങളും ക്രമക്കേടുകളും നീക്കം ചെയ്യുന്ന ചികിത്സാ രീതിയാണിത് , ഡോ. ശ്യാം സുന്ദര്‍ എസ് പറഞ്ഞു,തലയ്ക്കുള്ളിലെ ശസ്ത്രക്രിയക്കായി തലയോട്ടിയും മുഖ ഭാഗവും തുറക്കുന്ന പരമ്പരാഗത രീതിയല്ല ഇത്. മുറിവുണ്ടാക്കാതെ മൂക്കിലൂടെയും വായിലൂടെയും ശസ്ത്രക്രിയാ ഉപകരണങ്ങള്‍ കടത്തിവിടുകയാണ് ചെയ്യുന്നത്. പുരികത്തിന് മുകളിലുള്ള ഒരു ചെറിയ ദ്വാരം ഉണ്ടാക്കിയും ശസ്ത്രക്രിയ ചെയ്യാം, ഓര്‍ഗനൈസിങ് ചെയര്‍മാന്‍ ഡോ. ദിലീപ് പണിക്കര്‍ പറഞ്ഞു. നാഡീക്ഷതം, മുഖത്തെ രൂപ വൈകൃതങ്ങള്‍, ശാസ്ത്രക്രിയക്ക് ശേഷമുള്ള പ്രശ്‌നങ്ങള്‍, അണുബാധ മസ്തിഷ്‌ക ഘടനയ്ക്കും ഞരമ്പുകള്‍ക്കും കേടുപാടുകള്‍, ശസ്ത്രക്രിയയ്ക്കു ശേഷമുള്ള സങ്കീര്‍ണതകള്‍, അണുബാധകള്‍ എന്നിവ പരമാവധി കുറയ്ക്കാന്‍ ഇതുവഴി സാധിക്കുമെന്ന് ഡോ. ദിലീപ് പണിക്കര്‍ പറഞ്ഞു.സ്‌കള്‍ ബേസ് സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോ.മനസ് പാണിഗ്രഹി, സെക്രട്ടറി ഡോ.രൂപേഷ് കുമാര്‍ ട്രഷറര്‍ എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പ്രസംഗിച്ചു.വിവിധ രീതിയിലുള്ള സ്‌കള്‍ ബേസ് സര്‍ജറികള്‍ വിശദീകരിക്കുന്ന ശാസ്ത്ര സെഷനുകള്‍ക്ക് പുറമേ പന്ത്രണ്ട് ലൈവ് സര്‍ജറി ശില്‍പശാലകളും , ട്യൂമറും മറ്റു സങ്കീര്‍ണ്ണ പ്രശ്‌നങ്ങളും കൈകാര്യം ചെയ്യുന്ന പ്രത്യേക ശാസ്ത്ര പരിപാടികളും സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്നു. കൊച്ചിന്‍ ന്യൂറോളജിക്കല്‍ സൊസൈറ്റിയുടെ പിന്തുണയോടെയാണ് സമ്മേളനം നടക്കുന്നത്.