Society Today
Breaking News

വയസ്സായവര്‍ക്കെന്ത് ഹൈപ്പര്‍ ടെന്‍ഷന്‍ അത് ചെറുപ്പക്കാര്‍ക്കല്ലേ എന്ന് പറഞ്ഞ് തള്ളാന്‍ വരട്ടെ, ഈ കാലഘട്ടത്തില്‍ ചെറുപ്പമെന്നോ പ്രായമായവര്‍ക്കെന്നോ വ്യത്യാസമില്ലാതെ ടെന്‍ഷനും വര്‍ധിച്ചു കൊണ്ടിരിക്കുന്നു. നിശ്ശബ്ദനായ കൊലയാളി എന്ന് വിശേഷിപ്പിക്കപ്പെടുന്ന അവസ്ഥകളില്‍ പ്രധാനപ്പെട്ട ഒന്നാണ് രക്താതിമര്‍ദ്ദം അഥവാ ഹൈപ്പര്‍ ടെന്‍ഷന്‍ എന്നത്.രക്തം രക്തക്കുഴലുകളിലേയ്ക്ക് ഒഴുകുമ്പോള്‍ അവയുടെ ഭിത്തികളില്‍ ഉണ്ടാകുന്ന അമിത മര്‍ദ്ദത്തെയാണ് ഹൈപ്പര്‍ ടെന്‍ഷന്‍ അഥവാ രക്താതിമര്‍ദ്ദം എന്ന് പറയുന്നത്.പൊതുവേ തലവേദന , തലകറക്കം , മനം പൊരുട്ടല്‍ , ഇരുട്ടു കയറല്‍, കണ്ണുമങ്ങുക എന്നിങ്ങനെ ഹൈപ്പര്‍ടെന്‍ഷന്‍ ലക്ഷണങ്ങളായി കാണാറുണ്ട്. ചിലര്‍ക്ക് രക്തസമ്മര്‍ദ്ദം അധികം കൂടിക്കഴിഞ്ഞാല്‍ അത് മറ്റ് അവയവങ്ങളെയും ബാധിച്ചേക്കാം.

സങ്കീര്‍ണതകള്‍

രക്തസമ്മര്‍ദ്ദത്തിന്റെ സങ്കീര്‍ണതകള്‍ പൊതുവേ മൂന്ന് അവയവങ്ങളിലാണ് ബാധിക്കാറുള്ളത്. ഹൃദയം , വൃക്ക ,തലച്ചോറ് .രക്തസമ്മര്‍ദ്ദം ക്രമാതീതമായി കൂടിക്കഴിഞ്ഞാല്‍ തലച്ചോറില്‍ രക്തം കട്ട പിടിക്കാനും ബ്ലീഡിങ് പോലുള്ള അപകടങ്ങള്‍ ഉണ്ടാവാനും സാധ്യതയുണ്ട് . പുതിയ പഠനങ്ങള്‍ പ്രകാരം ഹൈപ്പര്‍ടെന്‍ഷന്‍ നിയന്ത്രണമില്ലാത്ത ആള്‍ക്കാര്‍ക്ക് ഓര്‍മ്മക്കുറവും, ബോധ നിലവാരത്തിലുള്ള കുറവ് വരാനുള്ള ( കോഗ്‌നിടിവ് ഡിക്ലൈന്‍) സാധ്യതകള്‍ ഏറെ കാണാറുണ്ട് .നിയന്ത്രണമില്ലാത്ത രക്തസമ്മര്‍ദ്ദം കാരണം വൃക്കകളിലെ അരിപ്പകളിലേക്കുള്ള രക്തയോട്ടം കുറയുകയും വൃക്കയുടെ വലിപ്പം കുറയുകയും ,തുടര്‍ന്ന് കിഡ്‌നിയുടെ പ്രവര്‍ത്തനം നടക്കാതെ വരികയും ഡയാലിസിലേക്ക് വരെ പോകാന്‍ സാധ്യതയുണ്ട്.ഹൃദയത്തിലെ രക്തക്കുഴലുകളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുകയും, ബിപി കൂടുകയും ചെയ്യുമ്പോള്‍ ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയുകയും ഹൃദയസ്തംഭനം, ഹാര്‍ട്ട് ഫെയിലിയര്‍ പോലുള്ളവ ഉണ്ടാക്കാന്‍ ഉള്ള സാധ്യതകളും ഏറെയാണ് . കൂടാതെ ഹാര്‍ട്ട് ഫെയിലിയര്‍ മൂലം രക്തയോട്ടം ശരിയായ രീതിയില്‍ നടക്കാതിരിക്കുന്നത് വഴി കാലുകളില്‍ നീര് വെക്കുകയും ചെയ്യുന്നു.

കാരണങ്ങള്‍

രോഗത്തിന്റെ സ്വഭാവമനുസരിച്ച് രണ്ട് ഗണങ്ങളിലേക്ക് രക്താതിമര്‍ദത്തെ തരം തിരിച്ചിട്ടുണ്ട്. ഇതില്‍ ആദ്യത്തേത് പ്രാഥമിക രക്താതിമര്‍ദ്ദവും (െ്രെപമറി ഹൈപ്പര്‍ടെന്‍ഷന്‍) രണ്ടാമത്തേത് ദ്വിതീയ രക്താതിമര്‍ദ്ദവും (സെക്കണ്ടറി ഹൈപ്പര്‍ ടെന്‍ഷന്‍) ആണ്. പാരമ്പര്യം, ഉപ്പിന്റെ അമിത ഉപയോഗം, വ്യായാമത്തിന്റെ കുറവ്, മാനസിക സമ്മര്‍ദ്ദം തുടങ്ങിയ പൊതുവായ കാരണങ്ങള്‍ മൂലമോ പ്രത്യക്ഷത്തില്‍ വലിയ കാരണങ്ങളൊന്നും ഇല്ലാതെയോ കാണപ്പെടുന്ന രോഗാവസ്ഥയാണ് പ്രാഥമിക രക്താതിമര്‍ദ്ദം. എന്നാല്‍ മറ്റേതെങ്കിലും രോഗത്തിന്റെ ഭാഗമായി പ്രത്യക്ഷപ്പെടുന്ന രക്താതിമര്‍ദ്ദത്തെ ദ്വിതീയ രക്താതിമര്‍ദ്ദം എന്ന ശ്രേണിയില്‍ ഉള്‍പ്പെടുത്തുന്നു. തൈറോയിഡിന്റെ പ്രവര്‍ത്തന വൈകല്യങ്ങള്‍, ഹൃദയസംബന്ധമായ രോഗങ്ങള്‍, വൃക്ക സംബന്ധമായ രോഗങ്ങള്‍, സ്റ്റിറോയിഡ് മരുന്നുകളുടെ സ്ഥിരമായ ഉപയോഗം, അഡ്രിനൈല്‍ ഗ്രന്ഥിയെ ബാധിക്കുന്ന ചില അസുഖങ്ങല്‍, വേദന സംഹാരികളുടെ സ്ഥിരമായ ഉപയോഗം തുടങ്ങിയ നിരവധിയായ കാരണങ്ങള്‍ മൂലം ദ്വിതീയ രക്താതിമര്‍ദ്ദം കാണപ്പെടാം.

രക്തസമ്മര്‍ദ്ദം എങ്ങനെ നിര്‍ണയിക്കാം

ബി പി നോക്കുന്നതിനു മുന്നേ ചായ , കാപ്പി എന്നിവ കുടിക്കാനോ, പുകവലിക്കാനോ പാടില്ല . ഒരിക്കലും ധൃതിയില്‍ ഓടിയെത്തിയും ബിപി നോക്കാന്‍ പാടില്ല . ഒന്നിലധികം തവണ ബിപി പരിശോധന നടത്തുന്നതിലൂടെയാണ് ഡോക്ടര്‍മാര്‍ ഒരാളുടെ കൃത്യമായ ബി പി വാല്യൂവില്‍ എത്തുന്നത്.

ചികിത്സാരീതി

ഒന്നിലധികം തവണ പരിശോധിച്ചിട്ടും തുടര്‍ച്ചയായി ബി പി ഉയര്‍ന്നുനില്‍ക്കുകയാണെങ്കില്‍ , ആദ്യം നോണ്‍ ഫാര്‍മോളജി അതായത് മരുന്നുകള്‍ ഒന്നുമില്ലാത്ത ട്രീറ്റ്‌മെന്റ് ആണ് പൊതുവേ നിര്‍ദേശിക്കുന്നത് . പക്ഷേ അമിതമായ രക്തസമ്മര്‍ദ്ദം കാണുകയാണെങ്കില്‍ മരുന്നുകള്‍ ഉപയോഗിക്കുകയും ചെയ്യും.
ഉപ്പ് കൂടുതലുള്ള ഭക്ഷ്യവസ്തുക്കളായ പപ്പടം, അച്ചാറ്, ബേക്കറി ബിസ്‌കറ്റുകളും എന്നിവ ഒഴിവാക്കുക, വ്യായാമം ചെയ്യുക , അമിത ഭാരം നിയന്ത്രിക്കുക തുടങ്ങിയവയെല്ലാം ചെയ്ത ശേഷവും ബിപി കുറയുന്നില്ല എന്ന് കാണുമ്പോഴാണ് മെഡിക്കല്‍ ട്രീറ്റ്‌മെന്റിലേക്ക് പോകുന്നത്. ബിപിക്കായി നിരവധി മരുന്നുകള്‍ ലഭ്യമാണെങ്കിലും പ്രായമായവരില്‍ മറ്റുള്ളവരെ പോലെ എല്ലാ മരുന്നുകളും ഫലപ്രദമാകണെമെന്നില്ല. കാരണം അവര്‍ മറ്റു പല മരുന്നുകള്‍ കഴിക്കുന്നതിനാല്‍ വേറെയും സങ്കീര്‍ണ്ണതകളിലേക്ക് അത് നയിച്ചേക്കാം.രക്തസമ്മര്‍ദ്ദം പെട്ടെന്ന് കുറഞ്ഞു കഴിഞ്ഞാല്‍ വീഴാനുള്ള സാധ്യത പ്രായമായവരില്‍ ഏറെയായതിനാല്‍, വളരെ ക്രമാതീതമായ ഉയര്‍ന്ന ബിപി അല്ലെങ്കില്‍ മറ്റ് അവയവങ്ങള്‍ക്കൊന്നും കേടു പാടുകളൊന്നും ഇല്ലെങ്കില്‍ ബിപി രണ്ട് മൂന്ന് ആഴ്ചയ്ക്കുള്ളില്‍ പതിയെ കുറയ്ക്കുകയാണ് അഭികാമ്യം.

ശ്രദ്ധിക്കേണ്ട വഴികള്‍

ചിട്ടയായ ഭക്ഷണക്രമങ്ങള്‍, ചെറിയ രീതിയിലുള്ള വ്യായാമങ്ങള്‍, ചിട്ടയായ ബി പി പരിശോധന മുതലായവ വഴിയും ബിപി നിയന്ത്രിക്കാന്‍ സാധിക്കും. അതുപോലെതന്നെ അടുത്ത് തന്നെയുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ പോയി കൃത്യമായ ഇടവേളകളില്‍ ബിപി പരിശോധിക്കുകയും ചെയ്യുക. ഡോക്ടര്‍മാരും മറ്റ് ഹോസ്പിറ്റല്‍ സ്ഥാപനങ്ങളും നല്‍കുന്ന പഥ്യാഹാരപരമായ നിയന്ത്രണങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ബോധവല്‍ക്കരണ ക്ലാസുകളില്‍ പങ്കെടുക്കുക.
കൃത്യനിഷ്ഠമായ ജീവിതശൈലിയും, ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന ചെക്കപ്പുകളും കൃത്യമായി ചെയ്ത് ബി പി നിയന്ത്രിക്കാന്‍ സാധിക്കുന്നു.ആരോഗ്യമുള്ള ശരീരത്തിന് വേണ്ടത് ആരോഗ്യമുള്ള മനസ്സാണ്. മാനസിക സമ്മര്‍ദ്ദങ്ങള്‍ ഒന്നുമില്ലാത്ത ആരോഗ്യകരമായ ഒരു ജീവിതമാണ് നാം നയിക്കേണ്ടത്.

വിവരങ്ങള്‍ക്ക് കടപ്പാട് : ഡോ. ജാബിര്‍ എംപി, സീനിയര്‍ സ്‌പെഷ്യലിസ്‌റ്, ഇന്റെണല്‍ മെഡിസിന്‍, ആസ്റ്റര്‍ മിംസ്, കോഴിക്കോട്

Top