Society Today
Breaking News

കൊച്ചി: മഴക്കാലമായതിനാല്‍ പകര്‍ച്ചപ്പനികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഡെങ്കിപ്പനി, ഇന്‍ഫഌവന്‍സ, എലിപ്പനി, സിക എന്നിവയ്‌ക്കെതിരേ ജാഗ്രത വേണം. നീണ്ടുനില്‍ക്കുന്ന പനി പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ ആരംഭത്തിലേ ചികിത്സ തേടണം. സ്വയം ചികിത്സ പാടില്ല. എല്ലാ പ്രധാന ആശുപത്രികളിലും പനി ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സാ പ്രോട്ടോകോള്‍ ലഭ്യമാക്കിയിട്ടുണ്ട്. ജീവനക്കാര്‍ക്ക് പരിശീലന പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അവശ്യ മരുന്നുകള്‍ കെ.എം.എസ്.സി.എല്‍. മുഖേന ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ ആശുപത്രികളും മരുന്ന് ലഭ്യതയും സുരക്ഷാ സാമഗ്രികളുടെ ലഭ്യതയും ഉറപ്പ് വരുത്തണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.ആരോഗ്യ വകുപ്പ് ആരോഗ്യ ജാഗ്രതാ കാമ്പയിന്റെ ഭാഗമായി 'മാരിയില്ലാ മഴക്കാലം' എന്ന പേരില്‍ പ്രത്യേക കാമ്പയിന്‍ ആരംഭിച്ചു. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് ഊര്‍ജിതമായി നടത്തിയിരുന്നു. ശുചീകരണത്തില്‍ നിരന്തരമായ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. വീടും പരിസരവും സ്ഥാപനങ്ങളും വൃത്തിയായി സൂക്ഷിക്കണം. ഇതിലൂടെ ഡെങ്കിപ്പനി, സിക പോലുള്ള കൊതുകുജന്യ രോഗങ്ങള്‍ പ്രതിരോധിക്കാം.

കൊതുകിന്റെ ഉറവിട നശീകരണം അതുകൊണ്ടുതന്നെ ഉറപ്പാക്കേണ്ടതാണ്. വീടും പരിസരവും ആഴ്ചയിലൊരിക്കല്‍ വൃത്തിയാക്കണം. വീടിന്റെ അകത്തെ ചെടിച്ചട്ടികള്‍, ഫ്രിഡ്ജിന്റെ ട്രേ തുടങ്ങി പ്രത്യേകം ശ്രദ്ധിക്കണം.ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ, സിക തുടങ്ങിയ കൊതുകുജന്യ രോഗങ്ങള്‍ വരാതിരിക്കാന്‍ കൊതുകിന്റെ ഉറവിട നശീകരണം വളരെ പ്രധാനമാണ്. മാലിന്യങ്ങള്‍ വലിച്ചെറിയരുത്. പാഴ് വസ്തുക്കളില്‍ മഴവെള്ളം കെട്ടിനില്‍ക്കാതെ നോക്കണം. സ്‌കൂളുകള്‍, സ്ഥാപനങ്ങള്‍, തോട്ടങ്ങള്‍, നിര്‍മ്മാണ സ്ഥലങ്ങള്‍, ആക്രിക്കടകള്‍ എന്നിവിടങ്ങളില്‍ വെള്ളം കെട്ടി കിടക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ആക്രി സാധനങ്ങള്‍ മഴനനയാതിരിക്കാന്‍ മേല്‍ക്കൂര ഉണ്ടായിരിക്കണം. നിര്‍മ്മാണ സ്ഥലങ്ങളിലെ ടാങ്കുകളിലും മറ്റുമുള്ള വെള്ളം അടച്ച് സൂക്ഷിക്കണം. ആരോഗ്യ പ്രവര്‍ത്തകരും ആശാ പ്രവര്‍ത്തകരും ഇക്കാര്യം ഉറപ്പ് വരുത്തണം.രോഗം ബാധിച്ചാല്‍ ശ്രദ്ധിക്കാതിരുന്നാല്‍ എലിപ്പനി ഗുരുതരമാകും. അതിനാല്‍ മണ്ണിലും വെള്ളത്തിലും ഇറങ്ങുന്നവര്‍, ജോലി ചെയ്യുന്നവര്‍, കളിക്കുന്നവര്‍, തൊഴിലുറപ്പ് ജോലിക്കാര്‍ എന്നിവര്‍ എലിപ്പനി ബാധിക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം.

ഹൈ റിസ്‌ക് ജോലി ചെയ്യുന്നവര്‍ ഗ്ലൗസും കാലുറയും ഉപയോഗിക്കണം. എലിപ്പനിയെ പ്രതിരോധിക്കാന്‍ മണ്ണിലും, ചെളിയിലും, കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ ഉപദേശ പ്രകാരം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ ആഴ്ചയിലൊരിക്കല്‍ കഴിക്കണം. ആരോഗ്യ കേന്ദ്രങ്ങള്‍ വഴി ഡോക്‌സിസൈക്ലിന്‍ സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്. ഏത് പനിയും എലിപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.മഴക്കാലത്ത് ബാധിക്കുന്ന പ്രധാന രോഗമാണ് വയറിളക്ക രോഗങ്ങള്‍. ഭക്ഷണവും വെള്ളവും തുറന്ന് വയ്ക്കരുത്. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നത് ഏറ്റവും നല്ലത്. കിണര്‍ തുടങ്ങിയ ജല സ്‌ത്രോതസുകളില്‍ മലിന ജലം കലരാതെ സംരക്ഷിക്കണം. ക്ലോറിനേഷന്‍ കൃത്യമായി ചെയ്യണം. വെള്ളം എപ്പോഴും മൂടിവയ്ക്കുക. എല്ലാവരും ഒരുപോലെ ശ്രദ്ധിച്ചാല്‍ നമ്മുടേയും പ്രിയപ്പെട്ടവരുടേയും ആരോഗ്യം സംരക്ഷിക്കാമെന്നും മന്ത്രി വ്യക്തമാക്കി.


 

Top