15-June-2023 -
By. health desk
കൊച്ചി: രക്തദാനത്തിന്റെ മഹത്വം വിളിച്ചോതി ലോക രക്തദാന ദിനാചരണം സംഘടിപ്പിച്ച് ഐ.എം.എ കൊച്ചി ബ്ലഡ് ബാങ്ക്.
കേരളത്തിന്റെ രക്തദാന മേഖലയില്‍ നിര്‍ണ്ണായക ദൗത്യവുമായി നിലകൊള്ളുന്ന ആധുനിക രീതിയിലുള്ള ഐ.എം.എ കൊച്ചി ബ്ലഡ് ബ്ലാങ്ക് 40ാം വര്‍ഷത്തിലേക്ക് പ്രവേശിച്ചു. 1984 ല്‍ സര്‍ക്കാര്‍ ഇതര മേഖലയില്‍ സ്ഥാപിതമായ ഐ.എം.എ കൊച്ചി ബ്ലഡ് ബാങ്ക് ഇന്ന് 24 മണിക്കൂറും പ്രവര്‍ത്തിച്ചുകൊണ്ട് കൊച്ചിയിലും സമീപ ജില്ലകളിലും കൂടാതെ ലക്ഷദ്വീപിലുമടക്കം 110 ലധികം ആശുപത്രികളുടെ ആശ്രയകേന്ദ്രമാണ്. രക്തദാനത്തിന്റെ ആവശ്യകത നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നത് മുന്‍ നിര്‍ത്തി ഭാരത് പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡ്(ബി.പി.സി.എല്‍) സി.എസ്.ആര്.ഫണ്ടിന്റെ സഹായത്തോടെ ഐ.എം.എ കൊച്ചി ബ്ലഡ് ബാങ്ക് ആധുനികവല്ക്കരിച്ചുകൊണ്ടിരിക്കുകയാണെന്ന് ഐ.എം.എ കൊച്ചി ബ്ലഡ് ബാങ്ക് സെക്രട്ടറി ഡോ.ജുനൈദ് റഹ്മാന് പറഞ്ഞു.
ബ്ലഡ് ബാങ്കിന്റെ നവീകരണത്തിനായി ബിപിസിഎല്‍ സിഎസ്ആര്‍ ഫണ്ടില്‍ നിന്ന് അനുവദിച്ച 70 ലക്ഷം രൂപ വിനിയോഗിച്ച് ഡീപ് ഫ്രീസറുകള്‍, ബ്ലഡ് ബാങ്ക് റെഫ്രിജറേറ്ററുകള്‍, ബ്ലഡ് കളക്ഷന്‍ മോണിറ്റര്‍, ട്യൂബ് സീലര്‍, സെന്‍ട്രിഫ്യൂജ്, പ്ലേറ്റ്ലെറ്റ് ഇന്‍കുബേറ്ററുകള്‍ തുടങ്ങിയ അവശ്യ ഉപകരണങ്ങള്‍ മാറ്റിസ്ഥാപിച്ചതായി ഡോ.ജുനൈദ് റഹ്മാന് പറഞ്ഞു. നവീകരണത്തോടെ ബ്ലഡ് ബാങ്ക് വഴി വിതരണം ചെയ്യുന്ന രക്തത്തിന്റെ ഗുണനിലവാരം മികച്ച രീതിയില്‍ നിലനിര്‍ത്താന്‍ സാധിക്കുന്നുണ്ട്. ഇത് രക്തദാനത്തിലും വിതരണത്തിലും 30 ശതമാനത്തിലധികം വര്‍ധനവുണ്ടാക്കാന്‍ സഹായിച്ചുവെന്നും ഡോ.ജുനൈദ് റഹ്മാന് പറഞ്ഞു. കുറഞ്ഞ നിരക്കിലാണ് ഐ.എം.എ കൊച്ചി ബ്ലഡ് ബാങ്കില്‍ നിന്നും രക്തയൂണിറ്റുകള് വിതരണം ചെയ്യുന്നത്. കൂടാതെ സംസ്ഥാനത്തുടനീളമുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ പാവപ്പെട്ടവര്‍ക്കും നിര്‍ധനരായ രോഗികള്‍ക്കും 10% രക്തവും ഘടകങ്ങളും സൗജന്യമായി വിതരണം ചെയ്യുന്നു.
ഒപ്പം തലസീമിയ, ഹീമോഫീലിയ രോഗികള്‍ക്കും രക്ത ഘടകങ്ങള്‍ സൗജന്യമായിട്ടാണ് നല്‍കുന്നതെന്നും ഡോ.ജുനൈദ് റഹ്മാന് പറഞ്ഞു. നാറ്റ്(Nucleic Acid amplification Testing ) പരിശോധന നടത്തി ഏറ്റവും സുരക്ഷിതമായ രക്തമാണ് ഐ.എം.എ കൊച്ചി ബ്ലഡ് ബാങ്ക് വഴി വിതരണം ചെയ്യുന്നത്.സന്നദ്ധരായ രക്തദാതാക്കളില്‍ നിന്നും ഒരോവര്‍ഷം ഏകദേശം 18000 യൂണിറ്റ് രക്തം ശേഖരിക്കുന്നുന്നുണ്ട്. കഴിഞ്ഞ 37 വര്‍ഷമായി പ്രതിവര്‍ഷം 38000 യൂണിറ്റിലധികം രക്ത ഘടകങ്ങള്‍ ഇവിടെ നിന്നും വിതരണം ചെയ്തു വരുന്നുണ്ടെന്നും ഡോ.ജുനൈദ് റഹ്മാന് പറഞ്ഞു. ഐ.എം.എ കൊച്ചി ബ്ലഡ് ബ്ലാങ്കിന്റെ കീഴില്‍ വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ മാസം തോറും 18 ഓളം രക്തദാന ക്യാമ്പുകള്‍ നടത്താറുണ്ട്. ഒപ്പം ദാതാക്കള്‍ക്ക് കൗണ്‍സിലിംഗ് അടക്കം നല്‍കാറുമുണ്ട്. അപൂര്‍വ രക്തഗ്രൂപ്പുകളുള്പ്പെടെ ഓരോ മാസവും ശരാശരി 2500 രക്ത യൂണിറ്റുകള്‍ വിവിധ ആശുപത്രികളിലേക്ക് ഐ.എം.എ കൊച്ചി ബ്ലഡ് ബാങ്കില്‍ നിന്നും വിതരണം ചെയ്യുന്നുണ്ടെന്നും ഡോ.ജുനൈദ് റഹ്മാന് പറഞ്ഞു.