Society Today
Breaking News

തിരുവനന്തപുരം: തലയ്‌ക്കേറ്റ ഗുരുതരമായ പരുക്കിനെത്തുടര്‍ന്ന് കണ്ണിന്റെ കാഴ്ചപോലും നഷ്ടപ്പെടാവുന്ന അപകടാവസ്ഥയിലായിരുന്ന 26കാരനെ സാധാരണ ജീവിതത്തിലേക്ക് മടക്കികൊണ്ടുവന്ന് കിംസ്‌ഹെല്‍ത്ത് തിരുവനന്തപുരം. കരോട്ടിഡ് കാവേര്‍നസ് ഫിസ്റ്റുല (ഇഇഎ) എന്നറിയപ്പെടുന്ന ഈ അപൂര്‍വ രോഗാവസ്ഥയില്‍, തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുന്ന കരോറ്റിഡ് ആര്‍ട്ടറീസ് എന്ന രക്തക്കുഴലുകളും കണ്ണിന്റെ പിറകിലെ ഞരമ്പുകളും തമ്മില്‍ അസാധാരണമായി കൂടിച്ചേരുകയും സ്‌ട്രോക്കിന് വരെ കാരണമായേക്കാം. ന്യൂറോ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സന്തോഷ് ജോസഫിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് കരോട്ടിഡ്  കാവേര്‍നസ് ഫിസ്റ്റുല (സിസിഎഫ്) എംബോളൈസേഷന്‍ എന്ന അപൂര്‍വമായ ചികിത്സാരീതിയിലൂടെ അപകടകരമായ ഈ സാഹചര്യത്തില്‍ നിന്ന് രോഗിയെ രക്ഷിച്ചെടുത്തത്.

തലയിലേക്കും തലച്ചോറിലേക്കും രക്തം എത്തിക്കുന്ന രക്തക്കുഴലുകളാണ് കരോറ്റിഡ് ആര്‍ട്ടറീസ്. തലയ്ക്ക് ഗുരുതരമായ പരിക്കേല്‍ക്കുന്ന അത്യപൂര്‍വ സന്ദര്‍ഭങ്ങളില്‍, കരോറ്റിഡ് ആര്‍ട്ടറീസും കണ്ണിന് പുറകിലെ ഞരമ്പുകളും തമ്മില്‍ അസാധാരണമായി കൂടിച്ചേരുന്നു. ഇത് അമിത രക്തസ്രാവത്തിലേക്ക് നയിക്കുകയും സിരകളുടെ ശരിയായ ഡ്രെയിനേജ് തടസ്സപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ കണ്ണിലെ രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും അത് തടിപ്പിനും കണ്ണിലെ ചുവപ്പിനും കാരണമാകുന്നു. കൃത്യമായ ചികിത്സ ലഭിക്കാതിരുന്നാല്‍ ഈ അവസ്ഥ കാഴ്ച നഷ്ടപ്പെടുന്നതിലേക്കും ചില അവസരങ്ങളില്‍ സ്‌ട്രോക്കിന് വരെ കാരണമാകുമെന്ന്് ഡോ. സന്തോഷ് ജോസഫ് പറഞ്ഞു.കരോട്ടിഡ് കാവേര്‍നസ് ഫിസ്റ്റുള അഥവാ സിസിഎഫ് എംബോളൈസേഷനിലൂടെ കരോറ്റിഡ് ആര്‍ട്ടറീസ് രക്തക്കുഴലുകളും ഞരമ്പുകളും ചേരുന്നത് പ്ലാറ്റിനം കോയിലുകള്‍ ഉപയോഗിച്ച് തടയും. അതുവഴി രക്തയോട്ടം പൂര്‍വസ്ഥിതിയിലാകും. രാജ്യത്ത് തന്നെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ മാത്രമാണ് ഈ ചികിത്സാരീതി നിലവിലുള്ളത്.

കൃത്യസമയത്ത് അനിവാര്യമായ ഇടപ്പെടല്‍ നടത്താന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും ഡോ. സന്തോഷ് ജോസഫ് പറഞ്ഞു. രോഗിയില്‍ സാധരണ രക്തയോട്ടം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞു. പ്ലാറ്റിനം കോയിലുകള്‍ സ്ഥാപിക്കുന്നത് പോലെയുള്ള നൂതന സാങ്കേതിക വിദ്യകളുടെ ഉപയോഗം നമ്മുടെ ആരോഗ്യ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് വഴിതെളിക്കുന്നത്. ഇത്തരം ഇടപ്പെടലുകളിലൂടെ ആശുപത്രി വാസം കുറയ്ക്കുന്നതിനും എത്രയും വേഗത്തില്‍ രോഗമുക്തി നേടാനും സാധാരണ ജീവിതത്തിലേക്ക് മടങ്ങാനും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ന്യൂറോ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗം അസ്സോസിയേറ്റ് കണ്‍സള്‍ട്ടന്റ് ഡോ. ദിനേശ് ബാബു, ന്യൂറോഅനസ്‌തേഷ്യ വിഭാഗം  അസ്സോസിയേറ്റ് കണ്‍സള്‍ട്ടന്റ് ഡോ. ജയന്ത് ആര്‍ ശേഷന്‍ എന്നിവരും ഒരു മണിക്കൂര്‍ നീണ്ടുനിന്ന എംബോളൈസേഷന്റെ ഭാഗമായി.

Top