Society Today
Breaking News

കൊച്ചി: ഇത് ഡോ.സി.കെ ബാലന്‍.ആതുര സേവന രംഗത്ത് ഈ പേര് കേള്‍ക്കാത്തവരും അദ്ദേഹത്തിന്റെ കരുതലും സ്‌നേഹവും അറിയാത്തവരും വളരെ വിരളമായിരിക്കും. 84ാം വയസിലും കര്‍മ്മ നിരതന്‍, ഊര്‍ജ്ജസ്വലന്‍. ഒരു ഡോക്ടര്‍ എങ്ങനെയായിരിക്കണമെന്നതിന്റെ ഉത്തരമ ഉദാഹരണമാണ് ഡോ.സി.കെ ബാലന്‍ എന്ന ബാലന്‍ ഡോക്ടര്‍. അതു കൊണ്ടു തന്നെയാണ്  ആയിരം പൗര്‍ണ്ണമികള്‍ ദര്‍ശിച്ച് ശതാഭിഷിക്തനായ ഡോ.സി.കെ ബാലന്റെ  ജന്മദിനം അദ്ദേഹം ഇപ്പോള്‍ ജോലിയ ചെയ്യുന്ന കടവന്ത്ര ഇന്ദിരാഗാന്ധി   ആശുപത്രിയിലെ ഭരണസമിതിയും ജീവനക്കാരും ഡോക്ടര്‍മാരും.എം.എല്‍.എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ഒത്തു ചേര്‍ന്ന് ആഘോഷിച്ചത്. രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ രോഗികള്‍ക്ക് ഏതു സമയത്തും ബാലന്‍ ഡോക്ടറെ സന്ദര്‍ശിക്കാനും ചികില്‍സ തേടാനും ഒരു തടസവുമില്ല. രോഗികളോടുള്ള കരുതലും സ്‌നേഹവുമാണ് ഡോ.സി.കെ ബാലന്റെ  മുഖമുദ്രയെന്ന്് എറണാകുളം കടവന്ത്ര ഇന്ദിരാഗാന്ധി ആശുപത്രി പ്രസിഡന്റ് എം.ഒ ജോണ്‍, സെക്രട്ടറി അജയ് തറയില്‍ എന്നിവര്‍ പറഞ്ഞു.

1939 ജൂണ്‍ 28 ന്  എറണാകുളത്തെ പ്രമുഖമായ ചെമ്പകശ്ശേരി തറവാട്ടില്‍ കൊച്ചിട്ട്യാതിയുടെയും കല്യാണിയുടെയും എട്ടു മക്കളില്‍ ഒരാളായിട്ടാണ് ഡോ.സി കെ ബാലന്റെ ജനനം. എറണാകുളം എസ്.ആര്‍.വി സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം  60 ല്‍ മഹാരാജാസ് കോളജില്‍ നിന്നും ബിഎസ് സിയും 62 ല്‍ എറണാകുളം ലോ കോളില്‍ നിന്നു് ബിഎല്‍(ബാച്ചിലര്‍ ഓഫ് ലോ)യും നേടി. ശേഷം അന്നത്തെ അഡ്വക്കേറ്റ് ജനറലായിരുന്ന അഡ്വ.കെ വി സൂര്യനാരായണ അയ്യരുടെ  കൂടെ പ്രാക്ടീസ് ചെയ്തു. ഇതിനു ശേഷമാണ് ആതുര സേവനമാണ് തനിക്ക് ഏറ്റവും ഇണങ്ങുന്നതെന്ന് സി കെ ബാലന്‍ തിരിച്ചറിയുന്നത്. തുടര്‍ന്ന് കോട്ടയം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ എംബിബിഎസിനു ചേര്‍ന്ന് 1968 ല്‍ പാസായി. 74 ല്‍  പാട്‌ന ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ നിന്നും  എംഡി( ജനറല്‍ മെഡിസിന്‍)യും കരസ്ഥമാക്കി. ഇതിനിടയില്‍ എറണാകുളം ലൂര്‍ദ്ദ് ആശുപത്രിയില്‍ 1961 മുതല്‍ 71 വരെയും 74 മുതല്‍ 75 വരെയും 77 മുതല്‍ 78 വരെയും മദ്രാസ് മെഡിക്കല്‍ കോളജില്‍(സീനിയര്‍ ഹൗസ് സര്‍ജന്‍സി71 മുതല്‍ 72 വരെ) വരെയും സേവനം ചെയ്തിരുന്നു.75 മുതല്‍ മൂവാറ്റുപുഴ ശാന്തിനികേതന്‍ ആശുപത്രിയില്‍ ചീഫ് ഫിസിഷ്യനായും 77 വരെ  ചേര്‍ത്തല ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍  ചീഫ് മെഡിക്കല്‍ ഓഫിസര്‍ ആന്റ് ചീഫ് ഫിസിഷ്യന്‍ എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചു.

ഇതിനു ശേഷമാണ് 78 ല്‍ കൊച്ചിന്‍ കോഓപ്പറേറ്റീവ് ആശുപത്രി( ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി)യില്‍ ഫിസിഷ്യനായി ഡോ.സി.കെ ബാലന്‍ ജോയിന്‍ ചെയ്യുന്നത്. 71 ല്‍ ഈ ആശുപത്രി സഹകരണ സംഘം രൂപീകരിക്കുന്നതില്‍ ഡോ.പി.കെ ഈപ്പന്‍, ഡോ.പുന്നൂസ്, ഡോ.സുബ്രമഹ്ണ്യന്‍ എന്നിവര്‍ക്കൊപ്പം  ഡോ.സി കെ ബാലനും നിര്‍ണ്ണായക പങ്കുവഹിക്കുകയും ഒന്നാം നമ്പര്‍ അംഗമായി ചേരുകയും ചെയ്തിരുന്നു. അന്നു മുതല്‍ ഇപ്പോഴും  ആശുപത്രി സഹകരണ സംഘത്തിന്റെയും ആശുപത്രിയുടെയും പ്രവര്‍ത്തന്നങ്ങളില്‍ മുന്‍നിരയില്‍ നിന്നുകൊണ്ടു തന്നെ അദ്ദേഹം  പ്രവര്‍ത്തിക്കുകയും മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുകയും ചെയ്യുന്നു. ആശുപത്രി സഹകരണ സംഘത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ സ്ഥാനം പല തവണ അലങ്കരിച്ചിട്ടുള്ള ഡോ.സി.കെ ബാലന്‍ ഇപ്പോഴത്തെ ഡയറക്ടര്‍ ബോര്‍ഡിലും അംഗമാണ്.കൊച്ചിന്‍ കോളജ് റിട്ട.പ്രൊഫസര്‍ ചന്ദ്രികയാണ് ഡോ.സി.കെ ബാലന്റെ ഭാര്യ.മക്കള്‍: ഡോ.ബിനു(സൈക്ക്യാട്രിസ്റ്റ്,ദുബൈ) നിഷാന്ത് (മാനേജിംഗ് ഡയറക്ടര്‍ പരവോക്‌സ് ഓട്ടോമോട്ടീവ്).

Top