പുരസ്‌കാര നിറവില്‍ കെഫോണ്‍

കേരളത്തിലുടനീളം ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിനും കെഫോണ്‍ നടത്തുന്ന ഇടപെടലുകളാണ് പുരസ്‌കാരത്തിന് വഴിയൊരുക്കിയത്.

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്‌വര്‍ക്ക് ലിമിറ്റഡിന് (കെഫോണ്‍) രാജ്യാന്തര അംഗീകാരം. ഏഷ്യന്‍ ടെലികോം മാഗസിന്‍ സംഘടിപ്പിച്ച ‘ഏഷ്യന്‍ ടെലികോം അവാര്‍ഡ്‌സ് 2026’ല്‍ ‘ബ്രോഡ്ബാന്‍ഡ് ടെലികോം കമ്പനി ഓഫ് ദി ഇയര്‍’ പുരസ്‌കാരത്തിനാണ് കെഫോണ്‍ അര്‍ഹമായത്.
ഏഷ്യയിലെ ടെലികോം മേഖലയിലെ നൂതനമായ മാറ്റങ്ങളെയും മികച്ച സേവനങ്ങളെയും ആദരിക്കുന്നതിനായി ഏഷ്യയിലെ മുന്‍നിര അന്താരാഷ്ട്ര മൊബൈല്‍ വാര്‍ത്താവിനിമയ പ്രസിദ്ധീകരണമായ ഏഷ്യന്‍ ടെലികോം നല്‍കുന്നതാണ് ഈ പുരസ്‌കാരം. കേരളത്തിലുടനീളം ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിനും കെഫോണ്‍ നടത്തുന്ന ഇടപെടലുകളാണ് പുരസ്‌കാരത്തിന് വഴിയൊരുക്കിയത്.
ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ സംസ്ഥാനത്ത് കെഫോണ്‍ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. പദ്ധതിയിലൂടെ സംസ്ഥാനത്തുടനീളം 32,000 കിലോമീറ്റര്‍ ഫൈബര്‍ ഒപ്റ്റിക് കേബിള്‍ ശൃംഖല പൂര്‍ത്തിയാക്കുകയും, ജില്ലാതല ഇന്റര്‍നെറ്റ് ഗേറ്റ്‌വേകളായി പ്രവര്‍ത്തിക്കുന്ന 375 പോയിന്റ് ഓഫ് പ്രസന്‍സ് സെന്ററുകള്‍ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്.. കൊച്ചിയിലെ അത്യാധുനിക നെറ്റ്‌വര്‍ക്ക് ഓപ്പറേഷന്‍ സെന്റര്‍  വഴി തടസ്സമില്ലാത്ത സേവനമാണ് ഉറപ്പാക്കുന്നത്.  ഡിജിറ്റല്‍ വിടവ് നികത്തി സാധാരണക്കാര്‍ക്ക് മിതമായ നിരക്കില്‍ അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്ന് കെഫോണ്‍ മാനേജിങ് ഡയറക്ടര്‍ ഡോ. സന്തോഷ് ബാബു പറഞ്ഞു.  സാങ്കേതികവിദ്യയിലൂടെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനമാണ്  ലക്ഷ്യം. നിലവില്‍ 1.5 ലക്ഷത്തിലധികം കണക്ഷനുകള്‍ പദ്ധതിയിലൂടെ നല്‍കിക്കഴിഞ്ഞു. വീടുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലേക്ക് അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കുന്നതിലൂടെ കേരളത്തിന്റെ സാമൂഹിക സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കാണ് കെഫോണ്‍ വഹിക്കുന്നത്.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു