കോഴിക്കോട്: സംസ്ഥാന വനമഹോത്സവത്തോടനുബന്ധിച്ച് ഗവ.സൈബര്‍ പാര്‍ക്കിന്റെ സഹകരണത്തോടെ സംസ്ഥാന വനം വകുപ്പ് പ്രത്യേക പരിപാടി സംഘടിപ്പിച്ചു. ജൂലൈ ഒന്ന് മുതല്‍ ഏഴ് വരെ നീണ്ടുനില്‍ക്കുന്ന വനമഹോത്സവ ആഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി. ‘ഹരിതാഭമായ നാളേയ്ക്കായി പ്രകൃതിയെ സംരക്ഷിക്കാം’ എന്ന സന്ദേശമാണ് പരിപാടിയുടെ ഭാഗമായി നല്‍കിയത്. ജൈവവൈവിധ്യം നിലനിര്‍ത്തുന്നതിനും സുസ്ഥിരമായ ഭാവി കെട്ടിപ്പടുക്കുന്നതിനുമുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് പരിപാടി.
കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി ഉത്തരമേഖല കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ആര്‍. കീര്‍ത്തി ഐ.എഫ്.എസ് ചടങ്ങില്‍ പങ്കെടുത്ത് വനമഹോത്സവ സന്ദേശം നല്‍കി. സോഷ്യല്‍ ഫോറസ്ട്രി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. എന്‍ ദിവ്യ തുടങ്ങിയവര്‍ സംസാരിച്ചു.
പരിപാടിയുടെ ഭാഗമായി സൈബര്‍ പാര്‍ക്ക് പരിസരത്ത് വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. ആധുനിക സാങ്കേതിക വിദ്യകളുടെ വികസനത്തിനൊപ്പം തന്നെ പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനും മുന്‍കൈ എടുക്കുന്നുണ്ടെന്ന് സൈബര്‍ പാര്‍ക്ക് അധികൃതര്‍ പറഞ്ഞു. ഐടി കമ്പനികളിലെ നിരവധി ജീവനക്കാരും ഐടി രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.

