കേരളം ഇനി യുഡിഎഫ് കൈകളില്‍

എക്കാലവും ചുവപ്പുകോട്ടയായി നിലയുറപ്പിച്ചിരുന്ന കണ്ണൂരിലെ തളിപ്പറമ്പിലും പയ്യന്നൂരിലും വരെ ഇക്കുറി യുഡിഎഫ് ആദ്യമായി വിജയക്കൊടി കാട്ടി .

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ വന്‍ വിജയവുമായി യുഡിഎഫ്. മൂന്നാം തവണയും തുടര്‍ ഭരണം പ്രതീക്ഷിച്ച സിപിഎമ്മിനും എല്‍ഡിഎഫിനും കനത്ത തിരിച്ചടി നല്‍കിക്കൊണ്ടാണ് ഇടത് കോട്ടകളിലടക്കം കടന്നുകയറി യുഡിഎഫ് കേരളത്തിന്റെ ഭരണം പിടിച്ചത്. മൂന്ന് സീറ്റില്‍ ബിജെപിയും വിജയിച്ചു. ചുവപ്പ് കോട്ടകല്‍ അടക്കം തേരോട്ടം നടത്തിയ യുഡിഎഫ് 140 സീറ്റില്‍ 102സീറ്റുകള്‍ നേടിയാണ് കഴിഞ്ഞ 10 വര്‍ഷത്തെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് ഭരണത്തിന് വിരാമമിട്ടത്. വെറും 35 സീറ്റുകളില്‍ മാത്രമായി എല്‍ഡിഎഫ് ഒതുങ്ങി. എക്കാലവും ചുവപ്പുകോട്ടയായി നിലയുറപ്പിച്ചിരുന്ന കണ്ണൂരിലെ തളിപ്പറമ്പിലും പയ്യന്നൂരിലും വരെ ഇക്കുറി യുഡിഎഫ് ആദ്യമായി വിജയക്കൊടി കാട്ടി. സിപിഎമ്മുമായി കലഹിച്ച് പാര്‍ട്ടി വിട്ട് അമ്പലപ്പുഴയില്‍ യുഡിഎഫ് പിന്തുണയോടെ ജനകീയ സ്വതന്ത്രനായി മല്‍സരിച്ച മുന്‍ മന്ത്രി ജി സുധാകരന്റെയും യുഡിഎഫ് സ്വതന്ത്രരായി കണ്ണൂരിലെ തളിപ്പറമ്പില്‍ മല്‍സരിച്ച ടി. കെ ഗോവിന്ദന്‍ മാസ്റ്ററുടെയും പയ്യന്നൂരില്‍ മല്‍സരിച്ച വി. കുഞ്ഞികൃഷ്ണന്റെയും മിന്നുന്ന വിജയം സിപിഎമ്മിന് കനത്ത പ്രഹരമാണ് സമ്മാനിച്ചത്. എല്‍ഡിഎഫ് സര്‍ക്കാരിലെ മന്ത്രിമാര്‍ കൂട്ടത്തോടെ പരാജയപ്പെടുന്ന കാഴ്ചയാണ് ഈ തിരഞ്ഞെടുപ്പില്‍ കണ്ടത്. വി. ശിവന്‍കുട്ടി, വി. എന്‍ വാസവന്‍, പി രാജീവ്, എം.ബി രാജേഷ്, വീണാ ജോര്‍ജ്ജ്, കെ.ബി ഗണേഷ് കുമാര്‍, ആര്‍ ബിന്ദു, റോഷി അഗസ്റ്റിന്‍, ചിഞ്ചുറാണി, കടന്നപ്പള്ളി രാമചന്ദ്രന്‍, വി. അബ്ദുറഹ്മാന്‍, ഒ.ആര്‍ കേളു, എ.കെ ശശീന്ദ്രന്‍ എന്നിങ്ങനെ 13 മന്ത്രിമാരാണ് ഇക്കുറി പരാജയപ്പെട്ടത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ചപ്പോള്‍ കഴിഞ്ഞ രണ്ടുതവണ എല്‍ഡിഎഫ് സര്‍ക്കാരിനെ നയിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ട്ടിയുടെ കുത്തകയായ ധര്‍മ്മടത്ത് നിന്നും നന്നേ വിയര്‍ത്താണ് വിജയിച്ചത്. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളില്‍ സമ്പൂര്‍ണ്ണ വിജയമാണ് യുഡിഎഫ് നേടിയത്. നേമം, കഴക്കൂട്ടം, ചാത്തന്നൂര്‍ എന്നിവടങ്ങളില്‍ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ബിജെപി വിജയിച്ചത്. നേമത്ത് മന്ത്രി വി ശിവന്‍കുട്ടിയ പരാജയപ്പെടുത്തി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും, കഴക്കൂട്ടത്ത് സിറ്റിംഗ് എം.എല്‍.എയും മുന്‍ മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രനെ മുന്‍ കേന്ദ്രമന്ത്രിയും ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റുമായിരുന്ന വി മുരളീധരനും പരാജയപ്പെടുത്തിയപ്പോള്‍ ചാത്തന്നൂരില്‍ ബിജെപിയിലെ ബി ബി ഗോപകുമാറാണ് സിപിഎമ്മിലെ അഡ്വ. ആര്‍ രാജേന്ദ്രനെ പരാജയപ്പെടുത്തി തിളക്കമാര്‍ന്ന വിജയം നേടിയത്. യുഡിഎഫിന്റെ ഭാഗമായിരുന്ന കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് മല്‍സരിച്ച ഏഴു സീറ്റിലും മികച്ച വിജയം നേടിയപ്പോള്‍ എല്‍ഡിഎഫിന്റെ ഭാഗമായിരുന്ന കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് സമ്പൂര്‍ണ്ണ പരാജയമാണ് ഏറ്റുവാങ്ങിയത്. മാണി ഗ്രൂപ്പ് ചെയര്‍മാന്‍ ജോസ് കെ. മാണി, മുന്‍ മന്ത്രി റോഷി അഗസ്റ്റിന്‍ എന്നിവരുള്‍പ്പെടെ മല്‍സരിച്ച മുഴുവന്‍ മാണിഗ്രൂപ്പ് സ്ഥാനാര്‍ഥികളും പരാജയപ്പെട്ടു. ജോസ് കെ മാണി രണ്ടാം തവണയാണ് പാലായില്‍ മാണി സി കാപ്പനോട് പരാജയം ഏറ്റുവാങ്ങിയത്. സിപി ഐ ഇത്തവണ 24 സീറ്റിലാണ് മല്‍സരിച്ചത് ഇതില്‍ എട്ട് സീറ്റില്‍ മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്. നാലു മന്ത്രിമാരില്‍ മൂന്നു പേര്‍ വിജയിച്ചപ്പോള്‍ ഒരാള്‍ പരാജയപ്പെട്ടു. കെ. രാജന്‍, ജി.ആര്‍ അനില്‍, പി പ്രസാദ് എന്നിവരാണ് വിജയിച്ച സിപി ഐ മന്ത്രിമാര്‍. ചിഞ്ചു റാണിയാണ് പരാജയപ്പെട്ട സി.പി.ഐ മന്ത്രി. യുഡിഎഫില്‍ 63 സീറ്റുകളുമായി കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി 22 സീറ്റുകളുമായി മുസ്ലിം ലീഗാണ് രണ്ടാമത്തെ വലിയ കക്ഷി. എല്‍ഡിഎഫില്‍ 26 സീറ്റുകളുമായി സിപിഎം തന്നെയാണ് ഏറ്റവും വലിയ കക്ഷി.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു