വൻകുടലിലെ ക്യാൻസർ; പൊതുജന അവബോധം കുറവെന്ന് സർവേ റിപ്പോർട്ട്

കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ നടത്തിയ പത്രസമ്മേളനത്തിൽ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം നഗരവാസികളിൽ 61.5 ശതമാനം പേർ ഇറെഗുലർ ബവൽ മൂവ്മെൻ്റ് അനുഭവിക്കുന്നതായി കണ്ടെത്തി.

കോഴിക്കോട്: വൻകുടലിലെ ക്യാൻസറിനെ കുറിച്ച് പൊതുജനങ്ങളിൽ അവബോധം കുറവാണെന്ന് സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നു. ലോക വൻകുടൽ ക്യാൻസർ മാസത്തോടനുബന്ധിച്ച് മെർക്ക് സ്പെഷ്യാലിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് രാജ്യവ്യാപകമായി നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ. 14 ഇന്ത്യൻ നഗരങ്ങളിലായി നടത്തിയ ജീവിതശൈലി, ദഹനാരോഗ്യ അവബോധ പഠനത്തിൽ കോഴിക്കോട് നിവാസികളിൽ വെറും 19.9 ശതമാനം പേർക്ക് മാത്രമാണ് വൻകുടൽ ക്യാൻസറിന്റെ ലക്ഷണങ്ങൾ ഗുരുതരമാണെന്ന ബോധ്യമുള്ളത്. കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ നടത്തിയ പത്രസമ്മേളനത്തിൽ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം നഗരവാസികളിൽ 61.5 ശതമാനം പേർ ഇറെഗുലർ ബവൽ മൂവ്മെൻ്റ് അനുഭവിക്കുന്നതായി കണ്ടെത്തി. ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് 45.6 ശതമാനം പേർ വീട്ടുവൈദ്യങ്ങളെ ആശ്രയിക്കുമ്പോൾ മലത്തിൽ രക്തം കണ്ടാലും 24.6 ശതമാനം പേർ സ്വയം ചികിത്സ നടത്തുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മെഡിക്കൽ ഓങ്കോളജി വിഭാഗം മേധാവി ഡോ. കെ. വി. ഗംഗാധരൻ, സീനിയർ കൺസൾട്ടന്റുമാരായ ഡോ. ശ്രീലേഷ് കെ.പി, ഡോ. അരുൺ ചന്ദ്രശേഖരൻ എന്നിവർ വാർത്താസമ്മേളനത്തിൽ വിവരങ്ങൾ വിശദീകരിച്ചു.കൊൽക്കത്ത, അഹമ്മദാബാദ്, ബാംഗ്ലൂർ, കോഴിക്കോട്, ചണ്ഡീഗഡ്, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, ഇൻഡോർ, ജയ്പൂർ, കൊച്ചി, ലഖ്‌നൗ, മുംബൈ, പൂനെ എന്നിവയുൾപ്പെടെ 14 നഗരങ്ങളിലായി 25 മുതൽ 65 വയസ്സ് വരെയുള്ള 10,198 പേരിൽ നിന്നാണ് വിവരങ്ങൾ ശേഖരിച്ചത്. മലവിസർജ്ജന ശീലത്തിലെ മാറ്റങ്ങൾ, മലത്തിൽ രക്തം, വയറുവേദന, ക്ഷീണം, വിശദീകരിക്കാനാകാത്ത ശരീരഭാരം കുറയൽ തുടങ്ങിയ ലക്ഷണങ്ങൾ അവഗണിക്കരുതെന്നും തുടക്കത്തിൽ കണ്ടെത്തിയാൽ പൂർണ്ണമായും ചികിത്സിച്ച് ഭേദമാക്കാനാകുന്ന രോഗമാണെന്നും ഡോ. കെ. വി. ഗംഗാധരൻ അറിയിച്ചു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു