എം.ആര്‍.ഷാജിയെ എം.സി.ആര്‍ ഗ്രൂപ്പ്  ആദരിച്ചു

വാഹനാപകടത്തില്‍പ്പെട്ട് വസ്ത്രം കീറിപ്പോയ സ്‌കൂട്ടര്‍യാത്രികയുടെ നഗ്നത മറയ്ക്കാന്‍ സ്വന്തം ഉടുമുണ്ട് ഉരിഞ്ഞ് നല്‍കി മാതൃകാ പ്രവര്‍ത്തനം കാഴ്ച്ചവച്ച തൃപ്പൂണിത്തുറയിലെ ചായ വില്‍പ്പനക്കാരന്‍ എം.ആര്‍.ഷാജിയുടെ നന്മ പ്രവര്‍ത്തിയെ അഭിനന്ദിക്കാന്‍ കൂടിയ യോഗത്തില്‍ എം.സി.ആര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.സി.റോബിന്‍ എം.ആര്‍.ഷാജിക്ക് ഒരുലക്ഷം രൂപയുടെ ചെക്ക് സമ്മാനിക്കുന്നു. അക്ഷയ് ഷാജി, മിന്നലെ നസീര്‍ എന്നിവര്‍ സമീപം.  

തൃപ്പൂണിത്തുറ: കഴിഞ്ഞ ചൊവ്വാഴ്ച്ച (16.06.2026) ഉച്ചയ്ക്ക് തൃപ്പൂണിത്തുറ സ്റ്റാച്ച്യൂ ജംഗ്ഷനില്‍ നടന്ന അകപടത്തെത്തുടര്‍ന്ന് വിവസ്ത്രയായ സ്‌കൂട്ടര്‍ യാത്രികയ്ക്ക് സ്വന്തം ഉടുമുണ്ട് ഉരിഞ്ഞ് നല്‍കിയ ചായവില്‍പ്പനക്കാരന്‍ എം.ആര്‍.ഷാജിയെയും, കുടുംബാംഗങ്ങളെയും ദക്ഷിണേന്ത്യയിലെ പ്രമുഖ വസ്ത്ര നിര്‍മ്മാതാക്കളായ എം.സി.ആര്‍ ഗ്രൂപ്പ് ആദരിച്ചു. തൃപ്പൂണിത്തുറ എന്‍.എം.റോയല്‍ പാലസ് ഹോട്ടലില്‍ സംഘടിപ്പിച്ച ചടങ്ങില്‍ എം.സി.ആര്‍.ഗ്രൂപ്പ് ചെയര്‍മാന്‍ എം.സി.റോബിന്‍ ഒരു ലക്ഷം രൂപയുടെ ചെക്ക് നല്‍കിയാണ് എം.ആര്‍.ഷാജിയെ ആദരിച്ചത്. ഓരോ ദിവസവും പലതരത്തിലുള്ള വിപത്തുകളും, അപകടങ്ങളും സമൂഹത്തില്‍ സംഭവിക്കുന്ന വാര്‍ത്തകള്‍ക്കിടയില്‍  ഷാജിയെപ്പോലുള്ളവരുടെ നന്മ പ്രവര്‍ത്തികള്‍ മനുഷ്യത്വം മരിച്ചിട്ടില്ലെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

മനുഷ്യത്വപരവും സമയോജിതവുമായ ഇടപെടലിലൂടെ അപകടത്തില്‍പ്പെട്ട സ്ത്രീയുടെ നഗ്നത മറച്ച് അവരുടെ ആത്മാഭിമാനം സംരക്ഷിച്ച ഷാജിയെ നേരില്‍ കണ്ട് ആദരിക്കണമെന്ന് തന്റെ അമ്മ ഏലിയാമ്മയാണ് നിര്‍ദ്ദേശം നല്‍കിയതെന്ന് ചടങ്ങില്‍ എം.സി.റോബിന്‍ പറഞ്ഞു. ഇതുപോലുളള അനേകം ഷാജിമാരുള്ളതാണ് കേരളത്തെ  ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എം.ആര്‍.ഷാജിയുടെ അമ്മ പത്മാക്ഷി രവി,ഭാര്യ അമ്പിളി ഷാജി, മക്കളായ അതുല്‍, അവന്തിക, ഷാജിയുടെ നന്മപ്രവര്‍ത്തിയെ പൊതുസമൂഹത്തില്‍ എത്തിച്ച മാധ്യമ പ്രവര്‍ത്തകന്‍ അമല്‍ ജയന്‍ എന്നിവരെയും എം.സി.റോബിന്‍ അഭിനന്ദിച്ചു. ചടങ്ങില്‍ ബ്രൈറ്റ് കമ്മ്യുണിക്കേഷന്‍സ് സി.ഇ.ഒ. അക്ഷയ് ഷാജി, പിന്നണി ഗായകന്‍ മിന്നലെ നസീര്‍, സംഗീത സംവിധായകന്‍ ബാലമുരളി എന്നിവരും പ്രസംഗിച്ചു.


Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു