കൊച്ചി: കേരളത്തിലെ ഹൈന്ദവ സമൂഹം നിലനില്‍ക്കണമെങ്കില്‍ ഹിന്ദു യുവതിയുവാക്കള്‍ വെല്ലുവിളികളെ നേരിട്ട് ധര്‍മ്മത്തിന്റെ അടിസ്ഥാനത്തില്‍ സംഘടിച്ച് വിജയം വരിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് അഖില ഭാരതീയ ജോയിന്റ് ജനറല്‍ സെക്രട്ടറി സ്ഥാണുമാലയന്‍. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളില്‍ നടന്ന ദുര്‍ഗാവാഹിനി ശൗര്യ പ്രശിക്ഷണ്‍ വര്‍ഗിന്റെ സമാപന പൊതുപരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ബോധവല്‍ക്കരണത്തിലൂടെയും പരിശീലനത്തിലൂടെയും സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതാണ് സ്ത്രീ ശാക്തീകരണംകൊണ്ട് അര്‍ത്ഥമാക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ത്വക്ക് രോഗ വിദഗ്ധ ഡോ. നന്ദിനി നായര്‍ പറഞ്ഞു. ശാക്തീകരണത്തിന്റെ അടിസ്ഥാനം വിദ്യാഭ്യാസമാണ്. പെണ്‍കുട്ടികള്‍ നന്നായി പഠിച്ച് ജോലി നേടി സ്വയംപര്യാപ്തത കൈവരിക്കണം. കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് സ്ത്രീയും പുരുഷനും ഒരുപോലെ ജോലി ചെയ്യേണ്ട കാലഘട്ടമാണിതെന്നും, സ്ത്രീ പൂജിക്കപ്പെടുന്നിടത്ത് ദേവതകള്‍ കുടികൊള്ളുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സമാപനത്തോടനുബന്ധിച്ച് പദസഞ്ചലനവും ശാരീരിക് പ്രദര്‍ശനവും നടന്നു. വിശ്വഹിന്ദു പരിഷത്ത് കേരള സംസ്ഥാന സംഘടനാ സെക്രട്ടറി കെ.ആര്‍. കണ്ണന്‍, ദുര്‍ഗാവാഹിനി സംസ്ഥാന സംയോജിക നീതു ജനാര്‍ദ്ദനന്‍, ട്രഷറര്‍ വി. ശ്രീകുമാര്‍, സംസ്ഥാന ജോയിന്റ് സെക്രട്ടറി അഭിനു സുരേഷ്, എറണാകുളം വിഭാഗ് സെക്രട്ടറി വി. സജീവ്, കൊച്ചി മഹാനഗരം ജില്ലാ സെക്രട്ടറി ജയേഷ്, മാതൃശക്തി സംയോജിക വിജി ബിജു, സഹസംയോജിക ഗംഗാ വിജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


