പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വ്യാജ ഐ.എ.എസുകാരന്‍ :  ഉടന്‍ പുറത്താക്കണമെന്ന് വി.എച്ച്. പി.

പൊതുവിദ്യാഭ്യാസ ഡയറക്ടറായി സര്‍ക്കാര്‍ നിയമിച്ചിരിക്കുന്ന വ്യാജ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ആസിഫ് കെ. യൂസഫിന്റെ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് വി.എച്ച്.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍ വിളയില്‍ എറണാകുളത്തെ വിഎച്ച്പി ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനം നടത്തിയപ്പോള്‍. വി.എച്ച്.പി സംസ്ഥാന ട്രഷറര്‍ വി. ശ്രീകുമാര്‍ സമീപം
പ്രഗത്ഭരായ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ വഹിച്ചിരുന്ന പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പദവിയിലേക്ക്, പ്രൊബേഷന്‍ പോലും പൂര്‍ത്തിയാക്കാത്ത ഒരാളെ മുസ്ലിം ലീഗിന്റെ താല്പര്യപ്രകാരം തിരുകിക്കയറ്റിയത് അഴിമതി സുഗമമാക്കാനാണ്.
കൊച്ചി :  വ്യാജരേഖ ചമച്ചു ഐ.എ.എസ് നേടിയ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ഉടന്‍ പുറത്താക്കണമെന്ന് വിശ്വഹിന്ദുപ പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.അനില്‍ വിളയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 2015 ലെ കേരള കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ ആസിഫ് കെ. യൂസഫ് വ്യാജ ഐ.എ.എസുകാരനാണെന്നും, കഴിഞ്ഞ 10 വര്‍ഷമായി പ്രൊബേഷന്‍ പോലും പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ഇയാളെയാണ് മുസ്ലീംലീഗിന്റെ താല്‍പര്യപ്രകാരം വി.ഡി.സതീശന്‍ സര്‍ക്കാര്‍ ആദ്യ കാബിനറ്റില്‍ തന്നെ പൊതുവിദ്യാഭ്യാസ ഡയറക്ടറാക്കാന്‍ തീരുമാനിച്ചത്. വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന മുസ്ലിം ലീഗിന്റെ അഴിമതി താല്പര്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കാന്‍ വേണ്ടിയാണ് ഈ തന്ത്രപ്രധാന പദവി ഒരൊറ്റ രാത്രികൊണ്ട് ഈ വ്യക്തിക്ക് നല്‍കിയതെന്നും, കള്ളനെ കാവല്‍ ഏല്‍പ്പിക്കുന്നതിന് തുല്യമാണിതെന്നും അദ്ദേഹം ആരോപിച്ചു.പ്രമുഖ വസ്ത്രവ്യാപാര ശൃംഖലയായ ‘സിറ്റി സില്‍ക്‌സ്’ ഉടമ കെ.കെ യൂസഫിന്റെ മകനും ആ സ്ഥാപനത്തിലെ പങ്കാളിയുമായ ആസിഫ് യൂസഫിന്റെയും കുടുംബത്തിന്റെയും സ്വത്തുക്കള്‍ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണക്കനുസരിച്ച് 73,73,84,640 രൂപയാണ് (73 കോടിയിലധികം). ഭീമമായ ലാഭമുള്ള ഈ സ്ഥാപനത്തിന്റെ പാര്‍ട്ണര്‍ കൂടിയായിരുന്നിട്ടും, സിവില്‍ സര്‍വീസിന് അപേക്ഷിച്ച സമയത്ത് താന്‍ ഒബിസി നോണ്‍ക്രീമിലെയര്‍ വിഭാഗക്കാരനാണെന്നും തന്റെ കുടുംബത്തിന്റെ വാര്‍ഷിക വരുമാനം വെറും 1,80,000 രൂപയില്‍ താഴെയാണെന്നും ഇന്‍കംടാക്‌സ് അടയ്ക്കുന്നില്ലെന്നുമാണ് ഇയാള്‍ അവകാശപ്പെട്ടിരുന്നത്. അന്നത്തെ കണയന്നൂര്‍ തഹസില്‍ദാരെ സ്വാധീനിച്ചുണ്ടാക്കിയ വ്യാജ വരുമാന, നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റുകളാണ് ഇയാള്‍ കേന്ദ്ര സര്‍ക്കാരില്‍ ഹാജരാക്കിയത്. ഈ വഞ്ചന ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് അന്നത്തെ കേരള ചീഫ് സെക്രട്ടറിമാരായിരുന്ന ടോം ജോസ്, വിശ്വാസ് മേത്ത എന്നിവര്‍ കേന്ദ്രത്തിന് അയച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ ആസിഫ് യൂസഫ് ഒബിസി നോണ്‍ക്രീമിലെയര്‍ വിഭാഗത്തിന് അര്‍ഹനല്ലെന്നും സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നും വ്യക്തമാക്കുകയും സര്‍ക്കാര്‍ ഇത് റദ്ദാക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാളുടെ ഐ.എ.എസും റദ്ദായിട്ടുള്ളതാണെന്ന് അഡ്വ. അനില്‍ വിളയില്‍ വ്യക്തമാക്കി.

ഈ നടപടിക്കെതിരെ ആസിഫ് യൂസഫ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും, കഴിഞ്ഞ നാല് വര്‍ഷമായി സര്‍ക്കാരിന്റെ ഇരട്ടത്താപ്പും ഒത്തുകളിയും മൂലം 40 തവണയാണ് കേസ് അവധിക്ക് വെച്ച് നീട്ടിക്കൊണ്ടുപോകുന്നത്. പ്രഗത്ഭരായ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ വഹിച്ചിരുന്ന പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പദവിയിലേക്ക്, പ്രൊബേഷന്‍ പോലും പൂര്‍ത്തിയാക്കാത്ത ഒരാളെ മുസ്ലിം ലീഗിന്റെ താല്പര്യപ്രകാരം തിരുകിക്കയറ്റിയത് അഴിമതി സുഗമമാക്കാനാണ്. ഏറ്റവും കൂടുതല്‍ നിയമപരമായ അപ്പീലുകള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനമാണ് വിദ്യാഭ്യാസ വകുപ്പ് എന്നതിലാല്‍, വഞ്ചന നടത്തി പദവിയിലിരിക്കുന്ന വ്യക്തിയില്‍ നിന്ന് എങ്ങനെ നീതിപൂര്‍വ്വമായ തീരുമാനം പ്രതീക്ഷിക്കാനാകും? സര്‍ക്കാര്‍ ഈ തീരുമാനം പുനഃപരിശോധിച്ചില്ലെങ്കില്‍ ശക്തമായ നിയമനടപടികളുമായി വിഎച്ച്പി കോടതിയെ സമീപിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് തന്റെ മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് അഡ്വ. അനില്‍ വിളയില്‍ ഉറപ്പിച്ചു പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വ്യാജരേഖകള്‍ ഹാജരാക്കി ആസൂത്രിതമായിട്ടാണ് വിവാഹം കഴിപ്പിച്ചിരിക്കുന്നത്. താനുള്‍പ്പെടെയുള്ള അഞ്ചുപേരെ പ്രതികളാക്കി കേരള പോലീസ് തയ്യാറാക്കിയിരിക്കുന്ന എഫ്.ഐ.ആറിലെ വിവരങ്ങള്‍ പോലും വലിയ അബദ്ധങ്ങളും അടിസ്ഥാനരഹിതവുമാണെന്നും അദ്ദേഹം വ്യക്തമാക്കി.  വാര്‍ത്താ സമ്മേളനത്തില്‍ വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ട്രഷറര്‍ വി. ശ്രീകുമാറും പങ്കെടുത്തു.

 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു