കൊച്ചി : കുഞ്ഞുങ്ങള്‍ക്ക് സുസ്ഥിരവും ആരോഗ്യകരവുമായ ഭാവി ഉറപ്പാക്കാന്‍ മുലയൂട്ടലിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ പരിപാടികളോടെ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ലോക മുലയൂട്ടല്‍ വാരം ആഘോഷിച്ചു. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ‘സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ പീഡിയാട്രിക്‌സ് ആന്‍ഡ് നിയോനാറ്റോളജി’യുടെ നേതൃത്വത്തില്‍് ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ നോളജ് ഹബ്ബില്‍ സംഘടിപ്പിച്ച ചടങ്ങ് എറണാകുളം ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക ഐഎഎസ് ഉദ്ഘാടനം ചെയ്തു. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യസംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ‘മദര്‍ ആന്‍ഡ് ബേബി ഫ്രണ്ട്‌ലി ഹോസ്പിറ്റല്‍ ഇനിഷ്യേറ്റീവി’ന്റെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. ആഗസ്റ്റ് ഒന്ന് മുതല്‍ ഏഴ് വരെയാണ് ലോക മുലയൂട്ടല്‍ വാരം.
അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കുമായി സാംസ്‌കാരികവും വിനോദപരവുമായ പരിപാടികളും ചടങ്ങിന്റെ ഭാഗമായി നടന്നു. അമ്മമാര്‍ക്കായി സംഘടിപ്പിച്ച റാമ്പ് വോക്ക്, രക്ഷിതാക്കളുടെയും ആസ്റ്റര്‍ ജീവനക്കാരുടെയും വിവിധ കലാപരിപാടികള്‍ക്ക് പുറമെ അമ്മമാര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെക്കുകയും ചെയ്തു. വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ കളക്ടര്‍ വിതരണം ചെയ്തു.
ആസ്റ്റര്‍ മെഡ്‌സിറ്റി സിഇഒ ഡോ. നളന്ദ ജയദേവ്, സിഒഒ ഡോ. ഷുഹൈബ് ഖാദര്‍, ഡോ. ജോര്‍ജ്ജ് ജോസ്, ഡോ. ജീസണ്‍ സി ഉണ്ണി, ഡോ. ഷേര്‍ളി മാത്തന്‍, ചീഫ് നഴ്‌സിംഗ് ഓഫീസര്‍ എന്നിവര്‍ സംസാരിച്ചു.

