പാലക്കാട്: ലോക ഹൃദയദിനത്തോടനുബന്ധിച്ച് ആസ്റ്റർ മെഡ്സിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘സ്പന്ദനം’ മൊബൈൽ മെഡിക്കൽ യൂണിറ്റിന്റെ പര്യടനത്തിന് പാലക്കാട് തുടക്കമായി. പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ വടകര എംപി ഷാഫി പറമ്പിൽ മൊബൈൽ മെഡിക്കൽ യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. ആസ്റ്റർ ഡി.എം ക്വാളിറ്റി കെയറിന്റെ 40,000 സൗജന്യ ഇ.സി.ജി സ്ക്രീനിങ് പദ്ധതിയുടെ ഭാഗമായി ആസ്റ്റർ മെഡ്സിറ്റി നടപ്പാക്കുന്ന ‘സ്പന്ദനം’ പദ്ധതിയിലൂടെ അഞ്ച് ജില്ലകളിലായി 2,500ഓളം സൗജന്യ ഇ.സി.ജി സ്ക്രീനിങ്ങുകൾ, ഡോക്ടർ കൺസൾട്ടേഷൻ, ബി.പി., ബ്ലഡ് ഷുഗർ പരിശോധനകൾ എന്നിവ നടത്തും. പാലക്കാട്ടെ ആദ്യഘട്ട പരിശോധനകൾക്ക് ശേഷം മൊബൈൽ മെഡിക്കൽ യൂണിറ്റ് തൃശ്ശൂർ, എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളിലേക്കും പര്യടനം തുടരും. സാധാരണക്കാരിലേക്ക് ഹൃദയാരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം എത്തിക്കുന്നതിനും ആവശ്യമായ പരിശോധനകൾ സൗജന്യമായി ലഭ്യമാക്കുന്നതിനുമായി ആസ്റ്റർ മെഡ്സിറ്റി ആരംഭിച്ച ‘സ്പന്ദനം’ പദ്ധതി അഭിനന്ദനീയവും അനുകരണീയവുമാണെന്ന് ഷാഫി പറമ്പിൽ എംപി പറഞ്ഞു. സമൂഹത്തോടുള്ള കടമയും ഉത്തരവാദിത്തവും നിർവഹിക്കുന്നതിനൊപ്പം ജനങ്ങളുടെ ഹൃദയാരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ആസ്റ്റർ മെഡ്സിറ്റി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ. ഷുഹൈബ് ഖാദർ പറഞ്ഞു. പാലക്കാട്, തൃശ്ശൂർ, എറണാകുളം, ആലപ്പുഴ, ഇടുക്കി എന്നീ അഞ്ച് ജില്ലകളിലെ വിവിധ പ്രദേശങ്ങളിലൂടെയാണ് മൊബൈൽ മെഡിക്കൽ യൂണിറ്റ് പര്യടനം നടത്തുന്നത്.

