നാദ വിസ്മയം ആശാ ഭോസ്‌ലെ അന്തരിച്ചു

എട്ടു പതിറ്റാാണ്ടുകളായി നീണ്ടു നിന്ന കരിയറില്‍  ഒമ്പതു ഭാഷകളിലായി പതിനായിരത്തിലേറെ ഗാനങ്ങള്‍ക്കാണ് ആശാ ഭോസ്ലെ ശബ്ദം നല്‍കിയത്. സുജാത എന്ന മലയാള ചിത്രത്തിലും ആശാ ഭോസ്‌ലെ ഗാനം ആലപിച്ചിരുന്നു.
മുംബൈ:  ലോകസംഗീതത്തിലെ നാദ വിസ്മയം ആശാ ഭോസ്‌ലെ അന്തരിച്ചു.92 വയസായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഗായിക ലതാമങ്കേഷ്‌ക്കറുടെ സഹോദരിയാണ് ആശാ ഭോസ്‌ലെ.എട്ടു പതിറ്റാാണ്ടുകളായി നീണ്ടു നിന്ന കരിയറില്‍  ഒമ്പതു ഭാഷകളിലായി പതിനായിരത്തിലേറെ ഗാനങ്ങള്‍ക്കാണ് ആശാ ഭോസ്ലെ ശബ്ദം നല്‍കിയത്. സുജാത എന്ന മലയാള ചിത്രത്തിലും ആശാ ഭോസ്‌ലെ ഗാനം ആലപിച്ചിരുന്നു. രണ്ട് തവണ ദേശീയ പുരസ്‌ക്കാരം സ്വന്തമാക്കിയ ആശാ ഭോസ്‌ലെയ്ക്ക് പതിനേഴിലധികം തവണ മഹാരാഷ്ട്ര സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്, ഐഐഎഫ്എ ആവര്‍ഡുകള്‍, ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് എന്നിങ്ങനെ നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. രണ്ട് ഗ്രാമി നോമിനേഷനുകള്‍ക്ക് പുറമേ 2000 ല്‍ ദാദാസാഹിബ് ഫാല്‍ക്കേ അവാര്‍ഡ് ലഭിച്ചു. 2008 ല്‍ രാജ്യം പത്മവിഭൂഷണ്‍ നല്‍കി ആശാ ഭോസ്‌ലെയെ ആദരിച്ചു. 2015 ല്‍ ബിബിസി പ്രസിദ്ധീകരിച്ച പ്രചോദനാത്മകമായ 100 സ്ത്രീകളുടെ പട്ടികയിലും ആശാ ഭോസ്‌ലെ ഇടം പിടിച്ചിരുന്നു. സംഗീത ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ക്ക് ശബ്ദം നല്‍കിയ കലാകാരിയായി 2011 ല്‍ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കാര്‍ഡ് ആശാ ഭോസ്‌ലെയെ ആദരിച്ചു.

മറാഠി നാടക വേദിയിലെ നടനും ഗായകനുമായിരുന്ന ദീനാ നാഥ് മങ്കേഷ്‌ക്കറുടെയും ശുദ്ധമാതിയുടെയും മകളായി ഇന്‍ഡോറിലായിരുന്നു ആശാ ഭോസ്‌ലെ ജനിച്ചത്. പിതാവ് ദീനാ നാഥ് മങ്കേഷ്‌ക്കറിന്റെ ശിക്ഷണത്തിലാണ് ലതയും ആശയും സംഗീതത്തിന്റെ ആദ്യാക്ഷരങ്ങള്‍ പഠിച്ചത്. 1943 ല്‍ മജാ ബാല്‍ എന്ന മറാത്തി ചിത്രത്തിനു വേണ്ടി ഗാനമാലപിച്ചുകൊണ്ടാണ് ആശാ ഭോസ്‌ലെ പിന്നണി ഗാന രംഗത്തേയ്ക്ക് കാലെടുത്തുവെച്ചത്. 1956 ല്‍ ഒ.പി നയ്യാറിന്റെ സംഗീത സംവിധാനത്തില്‍ സി ഐ ഡി എന്ന ചിത്രത്തില്‍ പാടിയതോടെയാണ് ആശയുടെ സംഗീത ജീവിതം വഴിത്തിരിവിലെത്തിയത്. പിന്നീടങ്ങോട്ട് നിരവധി ഭാഷകളിലായി നിരവധി സംഗീത സംവിധായകര്‍ക്കൊപ്പം  നിരവധി ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടു. 90 കളോടെ സിനിമാ രംഗത്ത് നിന്നും മെല്ലെ പിന്‍വാങ്ങിയെങ്കിലും 62ാം വയസില്‍ എ ആര്‍ റഹ്മാന്‍ വീണ്ടും ആശാ ഭോസ്‌ലെയെ മടക്കിക്കൊണ്ടുവന്നു. 1995 ല്‍  രംഗീല എന്ന ചിത്രത്തില്‍ നടി ഊര്‍മ്മിള മണ്ടോദ്ക്കറിനുവേണ്ടി എ. ആര്‍ റഹ്മാന്റെ സംഗീത സംവിധാനത്തില്‍  ആശാ ഭോസ്‌ലെ ആലപിച്ച ‘ തന്‍ഹാ തന്‍ഹാ ‘,  ‘ രംഗീലാ രേ ‘  തുടങ്ങിയ ഗാനങ്ങള്‍ ഇന്ത്യന്‍ സംഗീതത്തില്‍ ഭാഷാ വ്യത്യാസമില്ലാതെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരുന്നു. തുടര്‍ന്ന്  താല്‍, ലഗാന്‍, ദൗഡ്, ഇരുവര്‍ തുടങ്ങി എ.ആര്‍ റഹ്മാന്റെ ചിത്രങ്ങളില്‍ ആശാ ഭോസ്ലെ പാടി. സിനിമാ ഗാനങ്ങള്‍ കൂടാതെ നിരവധി ആല്‍ബങ്ങള്‍, കച്ചേരികള്‍, ഗസലുകള്‍ ഉള്‍പ്പെടെയുള്ള സംഗീത മേഖലകളിലും ആശാ ഭോസ്‌ലെ തന്റെ പ്രതിഭ തെളിയിച്ചിരുന്നു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു