കാല്‍ നൂറ്റാണ്ട് പിന്നിട്ട് വണ്ടര്‍ലാ 

പുതിയതായി ബന്‍ജീ ജംപിങ്ങ് ടവറും, ഗ്രാന്‍ഡ് നൈറ്റ് കാര്‍ണിവലും
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ അമ്യൂസ്‌മെന്റ് പാര്‍ക്ക് ശൃംഖലയായ വണ്ടര്‍ലാ ഹോളിഡേയ്‌സ് ലിമിറ്റഡ് കാല്‍ നൂറ്റാണ്ട് പുര്‍ത്തിയാക്കി.കൊച്ചിയിലെ വണ്ടര്‍ലാ പാര്‍ക്കില്‍ നടന്ന ഇരുപത്തിയഞ്ചാം വാര്‍ഷിക ആഘോഷ ചടങ്ങില്‍
കുന്നത്തുനാട് എംഎല്‍എ അഡ്വ. പി വി ശ്രീനിജിന്‍,ചലച്ചിത്രതാരവും സംവിധായകനുമായ ബേസില്‍ ജോസഫ്, ചലച്ചിത്രതാരം മഹിമ നമ്പ്യാര്‍,വണ്ടര്‍ലായുടെ സ്ഥാപകന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി,എക്‌സിക്യൂട്ടീവ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അരുണ്‍ കെ. ചിറ്റിലപ്പിള്ളി, കമ്പനിയുടെ സിഒഒ ധീരന്‍ ചൗധരി, കൊച്ചി പാര്‍ക്കിന്റെ ഹെഡ് കെ.യു നിതീഷ്, അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം വി പി രവികുമാര്‍ എന്നിവര്‍ ഉള്‍പ്പെടെ ചടങ്ങില്‍ പങ്കെടുത്തു.

ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന  നിലയിലാണ് ആഘോഷപരിപാടികള്‍ വിഭാവനം ചെയ്തിട്ടുള്ളത്. നൈറ്റ് കാര്‍ണിവലാണ് അതില്‍ പ്രധാനം. മെയ് 1 മുതല്‍ 4 വരെയുള്ള ദിവസങ്ങളില്‍ പ്രകാശവിന്യാസങ്ങളുടെയും വിനോദത്തിന്റെയും ഒരു കേളികൊട്ടിനാണ് വണ്ടര്‍ലാ ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങുന്നത്. ഫയര്‍ ഷോ, ജഗഌങ്, മാജിക് എന്നിങ്ങനെ നിരവധി പരിപാടികള്‍ നടത്തുമെന്ന് വണ്ടര്‍ലാ ഹോളിഡേയ്‌സ് ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാനും മാനേജിങ് ഡയറക്ടറും ആയ അരുണ്‍ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു. ഏപ്രില്‍ 26ന്, ”തരംഗം” എന്ന പേരില്‍ ഒരു മെഗാ ആനിവേഴ്‌സറി സംഗീതപരിപാടിയും നടക്കും. വേടന്‍, മസാല കോഫീ, ഗബ്രി, ശങ്ക ട്രൈബ് തുടങ്ങിയ പ്രശസ്ത ബാന്‍ഡുകളും ഗായകരും പങ്കെടുക്കും.സാഹസികതയ്ക്ക് പിറകെ പോകുന്നവരെ ത്രില്ലടിപ്പിക്കാന്‍ കേരളത്തിലെ ആദ്യത്ത ”യഥാര്‍ത്ഥ” ബന്‍ജീ ജംപിങ്ങ് ടവറും ഒട്ടും വൈകാതെ കൊച്ചിയിലെ വണ്ടര്‍ലയില്‍ പ്രവര്‍ത്തനം തുടങ്ങും. ഇന്ദ്യ ബന്‍ജീ ഗ്രൂപ്പുമായി സഹകരിച്ചാണ് ടവറിന്റെ നിര്‍മാണം. വണ്ടര്‍ലയുടെ ഏറ്റവും വലിയ പ്രോജക്ടുകളില്‍ ഒന്നാണ് ചെന്നൈയിലെ പുതിയ പാര്‍ക്ക്. 2025 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ ചെന്നൈ പാര്‍ക്ക് ഉദ്ഘാടനം ചെയ്യാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

ആഘോഷങ്ങളുടെ ഭാഗമായി വണ്ടര്‍ലയില്‍ എത്തുന്ന അതിഥികള്‍ക്കും നിരവധി സമ്മാനങ്ങള്‍ സ്വന്തമാക്കാനുള്ള അവസരമുണ്ട്. ലക്കി ഡ്രോയില്‍ വിജയികളാകുന്നവരെ സ്മാര്‍ട്ട് ടിവികള്‍ ഉള്‍പ്പെടെയുള്ള സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. എല്ലാ ദിവസവും പൂളിനരികെ ഡിജെ പാര്‍ട്ടിയും ഉണ്ടാകും. കൂടാതെ, ഓണ്‍ലൈനായി ബുക്ക് ചെയ്യുന്ന ഓരോ ടിക്കറ്റിനും ഒപ്പം ഒരു ടിക്കറ്റ് സൗജന്യമായി ലഭിക്കും. ഓരോ ദിവസവും ആദ്യം ബുക്ക് ചെയ്യുന്ന 250 പേര്‍ക്കാണ് സൗജന്യ ടിക്കറ്റ് ലഭിക്കുക.വണ്ടര്‍ലായുടെ 25 വര്‍ഷം നീണ്ട ചരിത്രം വിളിച്ചറിയിക്കുന്ന ഒരു പ്രത്യേക ഇന്‍സ്റ്റലേഷനും സജ്ജമാക്കിയിട്ടുണ്ട്.സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ”വണ്ടര്‍ ലാബ്‌സ്” എന്ന പദ്ധതി കൂടുതല്‍ വിശാലമാക്കാനും മാനേജ്‌മെന്റ് തീരുമാനിച്ചിട്ടുണ്ട്. 25 സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്‌കൂളുകളില്‍ സയന്‍സ് ലാബുകള്‍ സ്ഥാപിക്കും. പദ്ധതിയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന സ്‌കൂളുകളില്‍ നിന്ന് ആപ്‌ളിക്കേഷനുകള്‍ ക്ഷണിച്ചിട്ടുണ്ട്.
വണ്ടര്‍ലായുടെ എല്ലാ പാര്‍ക്കുകളിലും ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള ഓഫറുകള്‍ ലഭ്യമാണ്. ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു