ഗാർമെന്റ്സ് പ്രീമിയർ ലീഗ് (ജിപിഎൽ) 7-ാം പതിപ്പ് നവംബർ 10 മുതൽ ഗോവയിൽ നടക്കും

കൂള്‍ കളേഴ്‌സ് ഗാര്‍മെന്റ്‌സ് പ്രീമിയര്‍ ലീഗ് 2026 നവംബര്‍ 10 മുതല്‍ 14 വരെ ഗോവയില്‍

കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ ഗാർമെന്റ്സ് ക്രിക്കറ്റ് ലീഗായ കൂൾ കളേഴ്‌സ് ഗാർമെന്റ്സ് പ്രീമിയർ ലീഗിന്റെ (ജിപിഎൽ) ഏഴാം പതിപ്പ് 2026 നവംബർ 10 മുതൽ 14 വരെ ഗോവയിലെ മഡ്‌ഗോവ ക്രിക്കറ്റ് ക്ലബ്ബിൽ വെച്ച് നടക്കുമെന്ന് സംഘാടകർ കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആകെ 12 ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണ്ണമെന്റിന്റെ ജേഴ്‌സി പ്രകാശനം കൊച്ചി അവന്യൂ റീജന്റ് ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ ഭാരവാഹികൾ നിർവ്വഹിച്ചു. കൂൾ കളേഴ്‌സ് പ്രധാന സ്‌പോൺസറാകുന്ന ഈ കായിക മാമാങ്കത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രമുഖ വസ്ത്ര ബ്രാൻഡുകളുടെ പ്രതിനിധികൾ, കേരളത്തിലെ വസ്ത്രവ്യാപാരികൾ, വിതരണക്കാർ ഉൾപ്പെടെ 300-ലേറെ പേർ പങ്കാളികളാകുമെന്ന് പ്രസിഡന്റ് വി. എച്ച്. എം. അഹമ്മദുള്ള, സെക്രട്ടറി സാബി ജോൺ, ട്രഷറർ ജിനോയി വർഗ്ഗീസ്, കൺവീനർ ജുനൈദ്, മുജീബ് റഹ്‌മാൻ, കെ. എം. റ്റി. മാലിക് എന്നിവർ വ്യക്തമാക്കി. തൃപ്പൂണിത്തുറ കേന്ദ്രമായി പ്രവർത്തിക്കുന്ന ഗാർമെന്റ് ക്രിക്കറ്റ് അസോസിയേഷൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ 2016-ൽ തൃപ്പൂണിത്തുറ പാലസ് ഓവൽ ഗ്രൗണ്ടിലാണ് ഈ മത്സരത്തിന് തുടക്കമിട്ടത്. തുടർന്നുള്ള വർഷങ്ങളിൽ വയനാട്, തൊടുപുഴ, ഗോവ, ബാംഗ്ലൂർ തുടങ്ങിയ സ്ഥലങ്ങളിലെ പ്രമുഖ ഗ്രൗണ്ടുകളിലും വിജയകരമായി ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. ടെക്‌സ്‌റ്റൈൽ, ഗാർമെന്റ്‌സ് മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ മാനസികവും ശാരീരികവും തൊഴിൽപരവുമായ ഉന്നമനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ട്രസ്റ്റ്, ടൂർണ്ണമെന്റിൽ നിന്ന് ലഭിക്കുന്ന വരുമാനം വിവിധ സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾക്കായാണ് വിനിയോഗിക്കുന്നത്.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു