പ്രവാസികള്‍ക്ക് വിദേശത്തുനിന്ന് വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കണം: വേള്‍ഡ് മലയാളി കൗണ്‍സില്‍

പ്രവാസികള്‍ക്ക് വിദേശത്തുനിന്ന് വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കണമെന്ന ആവശ്യം ഉന്നയിച്ച് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ഡോ. പി. ബി. ബോസ്, ഇന്ത്യ റീജിയന്‍ ചെയര്‍മാന്‍ അഡ്വ. കെ. വി. സാബു എന്നിവര്‍ ന്യൂഡല്‍ഹില്‍ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് രാം മാധവുമായി കൂടികാഴ്ച്ച നടത്തുന്നു.
കൊച്ചി : പ്രവാസി ഇന്ത്യക്കാരുടെ വോട്ടവകാശം കൂടുതല്‍ പ്രായോഗികമാക്കാന്‍ വിദേശത്തുനിന്ന് വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കണമെന്ന ആവശ്യമടക്കം അവര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് വേള്‍ഡ് മലയാളി കൗണ്‍സില്‍ നേതാക്കള്‍ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് രാം മാധവുമായി ന്യൂഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ഡോ. പി. ബി. ബോസ്, ഇന്ത്യ റീജിയന്‍ ചെയര്‍മാന്‍ അഡ്വ. കെ. വി. സാബു എന്നിവരാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്. വോട്ടര്‍പട്ടികയില്‍ പേരുള്ള പ്രവാസികള്‍ക്ക് സ്വന്തം മണ്ഡലത്തിലെ ബൂത്തില്‍ നേരിട്ടെത്താതെ വോട്ട് ചെയ്യാന്‍ ഇലക്ട്രോണിക് പോസ്റ്റല്‍ ബാലറ്റ്, എംബസി, കോണ്‍സുലേറ്റ് അധിഷ്ഠിത വോട്ടിങ് അല്ലെങ്കില്‍ മറ്റു സുരക്ഷിത സാങ്കേതിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. ഇതിനുപുറമേ വിദേശത്ത് പ്രതിസന്ധിയിലാകുന്ന ഇന്ത്യക്കാര്‍ക്ക് വേഗത്തിലുള്ള കോണ്‍സുലാര്‍ സഹായം, ഏകീകൃത പരാതി പരിഹാര സംവിധാനം, വിദേശ തൊഴില്‍ തട്ടിപ്പുകള്‍ തടയല്‍, സുരക്ഷിത റിക്രൂട്ട്മെന്റ്, നാട്ടിലെ സ്വത്ത്-നിക്ഷേപ നിയമപ്രശ്‌നങ്ങള്‍ക്ക് സമയബന്ധിത പരിഹാരം, പ്രവാസി തൊഴിലാളികള്‍ക്കുള്ള ഇന്‍ഷുറന്‍സും സാമൂഹിക സുരക്ഷയും, മടങ്ങിയെത്തുന്നവര്‍ക്ക് പുനരധിവാസവും സംരംഭക സഹായവും, വിദേശത്ത് പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അടിയന്തര സഹായ സംവിധാനം എന്നിവയും ചര്‍ച്ചയായി. എംബസികളെയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെയും പ്രവാസി സംഘടനകളെയും ബന്ധിപ്പിക്കുന്ന ഏകീകൃത ഡിജിറ്റല്‍ സഹായ സംവിധാനം രൂപീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച നേതാക്കള്‍, പ്രവാസികളുടെ ജനാധിപത്യ പങ്കാളിത്തവും സുരക്ഷയും ഉറപ്പാക്കാന്‍ വിശദമായ നിവേദനം കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും വ്യക്തമാക്കി.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു