ഈ കാലയളവില്‍ 21.3 ശതമാനം വളര്‍ച്ചയോടെ കമ്പനി 815.15 കോടി രൂപയുടെ വരുമാനം രേഖപ്പെടുത്തി.
കൊച്ചി: മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡ് 2025 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെയും അവസാന പാദത്തിലെയും ഓഡിറ്റ് ചെയ്ത സാമ്പത്തിക ഫലങ്ങള്‍ പ്രഖ്യാപിച്ചു. ഈ കാലയളവില്‍ 21.3 ശതമാനം വളര്‍ച്ചയോടെ കമ്പനി 815.15 കോടി രൂപയുടെ വരുമാനം രേഖപ്പെടുത്തി. 2024 സാമ്പത്തിക വര്‍ഷം ഇത് 671.84 കോടി രൂപയായിരുന്നു. സ്വര്‍ണ്ണ വായ്പ ബിസിനസ്സിലെ തുടര്‍ച്ചയായ വളര്‍ച്ചയെയാണ് ഇത് കാണിക്കുന്നത്.കമ്പനിയുടെ കൈകാര്യം ചെയ്യുന്ന ആസ്തി 17.57 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 4141.60 കോടി രൂപയിലെത്തി. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 3,522.77 കോടി രൂപയായിരുന്നു.
2025 സാമ്പത്തിക വര്‍ഷത്തില്‍ 21 ശതമാനം വര്‍ദ്ധനവോടെ 94.18 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 77.83 കോടി രൂപയായിരുന്നു. മൊത്തം നിഷ്ക്രിയ ആസ്തികള്‍ 0.85 ശതമാനം ആയും അറ്റ നിഷ്ക്രിയ ആസ്തികള്‍ 0.50 ശതമാനം ആയും നിലനിര്‍ത്തി.മുത്തൂറ്റ് മിനിയുടെ മൂലധന പര്യാപ്തതാ അനുപാതം 21.38 ശതമാനം എന്ന ശക്തമായ നിലയില്‍ തുടരുകയും ചെയ്യുന്നു. ഇത് നിയന്ത്രണ ഏജന്‍സികള്‍ നിര്‍ദ്ദേശിക്കുന്ന പരിധിയേക്കാള്‍ വളരെ കൂടുതലാണ്.ഈ കാലയളവില്‍ കമ്പനിയുടെ ദീര്‍ഘകാല വായ്പകള്‍ക്ക് ഐസിആര്‍എ ‘എ’ (സ്റ്റേബിള്‍)’ റേറ്റിംഗ് നല്കി. നേരത്തെ കെയര്‍ റേറ്റിംഗ്സ് ലിമിറ്റഡ് കെയര്‍ എ സ്റ്റേബിള്‍, ഇന്ത്യ റേറ്റിംഗ്സ് ആന്‍ഡ് റിസര്‍ച്ച് പ്രൈവറ്റ് ലിമിറ്റഡ് ഐഎന്‍ഡി എ സ്റ്റേബിള്‍ എന്നീ റേറ്റിംഗുകള്‍ ലഭിച്ചിരുന്നുവെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.

