ഇന്ത്യന്‍ യുവതാരം സുമിത് ശര്‍മ്മ ബ്ലാസ്റ്റേഴ്‌സില്‍ 

18 വയസ്സുകാരനായ സുമിത് മൂന്ന് വര്‍ഷത്തെ കരാറിലാണ് ക്ലബ്ബില്‍ ചേരുന്നത്. 
മണിപ്പൂരിലെ ക്ലാസിക് ഫുട്‌ബോള്‍ അക്കാദമിയില്‍ കളിച്ചു വളര്‍ന്ന സുമിത്, ഇന്ത്യയുടെ അണ്ടര്‍17, അണ്ടര്‍20 ടീമുകളില്‍ ശ്രദ്ധേയമായ പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ട്.
കൊച്ചി: ഇന്ത്യന്‍ യുവപ്രതിരോധനിര താരം ബ്രഹ്മചാരിമയം സുമിത് ശര്‍മ്മയുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്ബ് കരാര്‍ ഒപ്പിട്ടു. 18 വയസ്സുകാരനായ സുമിത് മൂന്ന് വര്‍ഷത്തെ കരാറിലാണ് ക്ലബ്ബില്‍ ചേരുന്നത്.
മണിപ്പൂരിലെ ക്ലാസിക് ഫുട്‌ബോള്‍ അക്കാദമിയില്‍ കളിച്ചു വളര്‍ന്ന സുമിത്, ഇന്ത്യയുടെ അണ്ടര്‍17, അണ്ടര്‍20 ടീമുകളില്‍ ശ്രദ്ധേയമായ പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ട്. 2024ല്‍ സാഫ് അണ്ടര്‍17 ചാമ്പ്യന്‍ഷിപ്പ് കിരീടം നേടിയ ടീമിലെ അംഗമായിരുന്നു സുമിത്. അതേ ടൂര്‍ണമെന്റില്‍ ഗോള്‍ നേടിയതിലൂടെ പ്രതിരോധത്തിനൊപ്പം ആക്രമണത്തിലും തനിക്ക് സംഭാവന നല്‍കാനാകുമെന്ന് അദ്ദേഹം തെളിയിച്ചു. ഈ വര്‍ഷം ഇന്ത്യയില്‍ നടന്ന സാഫ് അണ്ടര്‍19 ടൂര്‍ണമെന്റില്‍ കിരീടം നേടിയ ഇന്ത്യന്‍ ടീമിലും അദ്ദേഹം അംഗമായിരുന്നു. കൂടാതെ, ഈ വര്‍ഷം ആദ്യം ജോര്‍ദാന്‍, സിറിയ, ഇന്തോനേഷ്യ തുടങ്ങിയ ശക്തരായ എതിരാളികള്‍ക്കെതിരെ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളിലും അണ്ടര്‍20 ടീമിനൊപ്പം സുമിത് ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.

കളിയിലെ പക്വതയും മികച്ച അവബോധവും സുമിത്തിന്റെ സവിശേഷതകളാണ്. അടുത്ത തലമുറയിലെ ഇന്ത്യന്‍ ഫുട്‌ബോള്‍ കളിക്കാരെ കണ്ടെത്തി വളര്‍ത്തിയെടുക്കുക എന്നതാണ്
തങ്ങളുടെ പദ്ധതിയെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ സിഇഒ അഭിക് ചാറ്റര്‍ജി പറഞ്ഞു. സുമിത് മികച്ച ഫുട്‌ബോള്‍ അടിത്തറയുള്ള ഒരു കളിക്കാരനാണ്, ഒപ്പം ഒരു പ്രതിരോധനിര കളിക്കാരന് വേണ്ട കൃത്യമായ ഗുണങ്ങളുമുള്ള ആളാണ്. അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇതിനകം തന്നെ നേതൃത്വഗുണങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശവും അനുയോജ്യമായ അന്തരീക്ഷവും ലഭിച്ചാല്‍, ക്ലബ്ബിനും രാജ്യത്തിനും വേണ്ടി അദ്ദേഹം ഒരു മികച്ച പ്രതിരോധനിര കളിക്കാരനായി വളരുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു ഡിഫെന്‍ഡറിന് വേണ്ട ബുദ്ധിശക്തിയും കഴിവുമുള്ള ഒരു യുവ കളിക്കാരനാണ് സുമിത് എന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ സ്‌പോര്‍ടിംഗ് ഡയറക്ടര്‍ കരോലിസ് സ്‌കിങ്കിസ് പറഞ്ഞു. കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി പോലുള്ള ഒരു വലിയ ക്ലബ്ബില്‍ ചേരാന്‍ കഴിഞ്ഞതില്‍ എനിക്ക് വളരെ ആവേശവും അഭിമാനവും തോന്നുന്നുവെന്ന് സുമിത് ശര്‍മ്മ പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു