മൂലധനം സമാഹരിക്കുന്നതിലൂടെ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുന്നതായി ഏജന്‍സി വിലയിരുത്തിയതായി ബാങ്ക് അധികൃതര്‍ അറിയിച്ചു.
കൊച്ചി: സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ക്രെഡിറ്റ് റേറ്റിംഗ് ഉയര്‍ത്തി ഇന്ത്യ റേറ്റിംഗ്‌സ് ആന്‍ഡ് റിസര്‍ച്ച്. ബേസല്‍ III ടൈര്‍ 2 ഡെപ്റ്റ് (Basel III tier 2 debt) റേറ്റിംഗ് IND A+ സ്‌റ്റേബിള്‍ റേറ്റിംഗില്‍നിന്നും ‘IND AA-/ സ്‌റ്റേബിള്‍’ റേറ്റിംഗായി ഉയര്‍ത്തിയത് . മൂലധനം സമാഹരിക്കുന്നതിലൂടെ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുന്നതായി ഏജന്‍സി വിലയിരുത്തിയതായി ബാങ്ക് അധികൃതര്‍ അറിയിച്ചു. നിഷ്‌ക്രിയ ആസ്തികളുടെ അനുപാതം കുറയ്ക്കുന്നതും ആസ്തി ഗുണമേന്മ മെച്ചപ്പെടുന്നതും പ്രത്യേകം പ്രതിപാദിച്ചിട്ടുള്ള അക്കൗണ്ടുകളിന്മേലുള്ള (എസ്എംഎ) നിയന്ത്രണവും പരിഗണിച്ചാണ് ക്രെഡിറ്റ് റേറ്റിംഗ് ഉയര്‍ത്തിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മുതല്‍ നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദംവരെ ഈ മേഖലകളിലെല്ലാം മികച്ച പ്രകടനമാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് നടത്തിയത്. റീട്ടെയില്‍ നിക്ഷേപ മേഖലയിലും വായ്പ നിക്ഷേപ അനുപാതത്തിലും ബാങ്ക് മികവ് പുലര്‍ത്തി. വായ്പ വിതരണത്തെ ശക്തിപ്പെടുത്തുന്നതില്‍ ഈ മേഖലകളില്‍ നടത്തിയ പ്രകടനം നിര്‍ണായകമായതായും ഏജന്‍സി വിലയിരുത്തി. പുതുതലമുറ ബാങ്കിങ് സേവനങ്ങള്‍ കാര്യക്ഷമമായി നല്‍കുന്ന സൗത്ത് ഇന്ത്യന്‍ ബാങ്കിന് രാജ്യമൊട്ടാകെ 948 ബ്രാഞ്ചുകളിലായി 80 ലക്ഷം സജീവ ഉപഭോക്താക്കളുണ്ടെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.

