വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറിയും ഇ ഐ സി ഡയറക്ടറുമായ നിതിന്‍ കുമാര്‍ യാദവ് ഐ എ എസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
കൊച്ചി: കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിലുള്ള എക്സ്പോര്‍ട്ട് ഇന്സ്പെക്ഷന് കൗണ്‍സിലിന്റെ (ഇ ഐ സി ) നിയന്ത്രണത്തിലുള്ള കൊച്ചി എക്സ്പോര്‍ട്ട് ഇന്സ്പെക്ഷന് ഏജന്‍സിയില്‍ ( ഇ ഐ എ) അത്യന്താധുനിക മൈക്രോബയോളജി ലബോറട്ടറി പ്രവര്‍ത്തനമാരംഭിച്ചു.വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറിയും ഇ ഐ സി ഡയറക്ടറുമായ നിതിന്‍ കുമാര്‍ യാദവ് ഐ എ എസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ ശക്തിപ്പെടുത്തുന്നതിലും കയറ്റുമതിയുടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതിലും ഈ സൗകര്യം പ്രധാന പങ്ക് വഹിക്കും. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ഉയര്‍ന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍, നമ്മുടെ അടിസ്ഥാന സൗകര്യങ്ങള്‍, പ്രത്യേകിച്ച് ലബോറട്ടറി സംവിധാനങ്ങള്‍, തുടര്‍ച്ചയായി നവീകരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.കയറ്റുമതി, ഇറക്കുമതി, ആഭ്യന്തര വിപണി എന്നിവയുമായി ബന്ധപ്പെട്ട് ഭക്ഷ്യ വസ്തുക്കളുടെ വിശദമായ മൈക്രോബയോളജി വിശകലനം നടത്താന്‍ നൂതന സാങ്കേതിക സംവിധാനങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്.
ഈ മേഖലയില്‍ സാങ്കേതിക വൈദഗ്ദ്ധ്യം നേടിയവരെ, പ്രത്യേകിച്ച് കേരളം, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ദ്ധ പ്രൊഫഷണലുകളെ വളര്‍ത്തിയെടുക്കുന്നതിന് ഒരു സാങ്കേതിക പരിശീലന കേന്ദ്രവും സ്ഥാപിച്ചിട്ടുണ്ട്. നിലവിലുള്ള ആധുനിക സൗകര്യങ്ങള്‍ക്കു പുറമേ മംഗലാപുരത്തും, അഹമ്മദാബാദിലും പ്രവര്‍ത്തനക്ഷമമാകുന്ന പുതിയ ലബോറട്ടറി, ഫരീദാബാദില്‍ മറ്റൊരു ടെസ്റ്റിങ് കേന്ദ്രം എന്നിവയുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനം നടന്നുകൊണ്ടിരിക്കുന്നതായും യാദവ് എടുത്തുപറഞ്ഞു.യൂറോപ്യന്‍ യൂണിയന് അടുത്തിടെ കയറ്റുമതിക്കായി 102 മത്സ്യബന്ധന സ്ഥാപനങ്ങളുടെ പട്ടിക പുറത്തിറക്കിയിട്ടുണ്ട്. അതില്‍ 18 എണ്ണം നമ്മുടെ മേഖലയില്‍ നിന്നുള്ളതാണ്: ഇത് ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതിയെ ഗണ്യമായി വര്‍ദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.ലബോറട്ടറി ഇതിനകം ദേശീയ അംഗീകാരം നേടിക്കഴിഞ്ഞതായി ഇ.ഐ.സി.യുടെ അഡീഷണല്‍ ഡയറക്ടര്‍ ഡോ. ജെ.എസ്. റെഡ്ഡി പറഞ്ഞു. പരിസ്ഥിതി മന്ത്രാലയം ഇതിനെ ജനിതകമാറ്റം വരുത്തിയ സസ്യങ്ങളുടെ യും സസ്യ ഉത്പന്നങ്ങളുടെയും (ജി.എം.ഒ) പരിശോധനയ്ക്കുള്ള ദേശീയ റഫറല്‍ ലബോറട്ടറിയായി പ്രഖ്യാപിച്ചിട്ടുണ്ട്, അദ്ദേഹം പറഞ്ഞു.

