തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പ്: ട്വന്റി-20 പാര്‍ട്ടി മല്‍സരിക്കുന്നത് ഇന്‍ഡിമുന്നണിക്കെതിരെ : സാബു എം. ജേക്കബ്ബ്

വിലക്കയറ്റം പിടിച്ചു നിറുത്തുമെന്ന് പറഞ്ഞ്് അധികാരത്തിലെത്തിയ പിണറായി വിജയന്‍ സമ്പൂര്‍ണ്ണ പരാജയമാണ്.
കോലഞ്ചേരി:   ‘ഇന്‍ഡി’  മുന്നണിക്കെതിരെയാണ് വരാന്‍ പോകുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ട്വന്റി20 പാര്‍ട്ടി മത്സരിക്കുന്നതെന്ന് പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ്. പാര്‍ട്ടിയുടെ സംസ്ഥാന ഇലക്ഷന്‍ കണ്‍വെന്‍ഷന്‍ കോലഞ്ചേരിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  വിലക്കയറ്റം പിടിച്ചു നിറുത്തുമെന്ന് പറഞ്ഞ്് അധികാരത്തിലെത്തിയ പിണറായി വിജയന്‍ സമ്പൂര്‍ണ്ണ പരാജയമാണ്. വിലക്കയറ്റം പിടിച്ചുനിറുത്തുന്നതിന് പകരം കിഴക്കമ്പലത്തെ ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റ് പൂട്ടിക്കുകയാണ് ചെയ്തത്. ഇപ്പോള്‍ ശബരിമലയിലെ സ്വര്‍ണ്ണം കടത്തിക്കൊണ്ടുപോയിരിക്കുന്നു. അയ്യപ്പസ്വാമി തന്നെ ഇപ്പോള്‍ സുരക്ഷിതനല്ലാത്ത സാഹചര്യമാണിപ്പോള്‍ കേരളത്തില്‍.  അഴിമതി നടത്താതെ ഭരണം നടത്തുന്ന  ട്വന്റി 20 പഞ്ചായത്തുകളില്‍ 80 തവണയാണ് പിണറായിയുടെ വിജിലന്‍സ് കയറിയിറങ്ങിയത്. അഴിമതി ഇല്ലാതെ ഭരിച്ചാല്‍ ഓരോ പഞ്ചായത്തിലും ഒരു വര്‍ഷം രണ്ട് മുതല്‍ മൂന്ന് കോടി രൂപ വരെ മിച്ചം വരും. കിഴക്കമ്പലത്ത് പത്ത് വര്‍ഷവും മറ്റ് പഞ്ചായത്തുകളില്‍ അഞ്ച് വര്‍ഷവും ഭരിച്ചുകഴിഞ്ഞപ്പോള്‍ 50 കോടി  രൂപ പഞ്ചായത്തുകളില്‍ മിച്ചം വന്നിട്ടുണ്ട്.
വരാന്‍പോകുന്ന തിരഞ്ഞെടുപ്പില്‍ ഒമ്പത് ജില്ലകളിലായി 60 പഞ്ചായത്തിലും മൂന്ന് മുനിസിപ്പാലിറ്റികളിലും, കൊച്ചി കോര്‍പ്പറേഷനിലും മത്സരിക്കും. 1600 സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ടാകും. കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലെയും മുഴുവന്‍ സീറ്റിലും ട്വന്റി20 വിജയിക്കും. അധികാരത്തില്‍ വരുന്ന എല്ലാ പഞ്ചായത്തിലും 24 മണിക്കൂറിലും പ്രവര്‍ത്തിക്കുന്ന സൗജന്യ ആംബുലന്‍സ് സര്‍വ്വീസ് ആരംഭിക്കും. സഞ്ചരിക്കുന്ന ആശുപത്രിയും തുടങ്ങും. പൂട്ടിക്കിടക്കുന്ന ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റ് ഡിസംബര്‍ 20 ന് തുറക്കും. ആരോഗ്യ സുരക്ഷാ മെഡിക്കല്‍ സ്റ്റോറിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കും. ഒറ്റയ്ക്ക് മത്സരിക്കുന്ന ട്വന്റി 20 യെ പരാജയപ്പെടുത്താന്‍ ഇടത് വലത് മുന്നണികളിലെ 22 പാര്‍ട്ടികളുടെ കൂട്ടായ്മയായ ഇന്‍ഡി മുന്നണി പ്രചരിപ്പിക്കുന്ന ഏത് രാഷ്ട്രീയ കളികളും നേരിടാന്‍ പാര്‍ട്ടി തയ്യാറാണെന്നും സാബു ജേക്കബ് പറഞ്ഞു.  കണ്‍വെന്‍ഷനില്‍ സംസ്ഥാന നേതാക്കളായ പി.വൈ അബ്രാഹം, വി.ഗോപകുമാര്‍, ജോര്‍ജ് പോള്‍, ചാര്‍ളി പോള്‍, ജിബി എബ്രാഹം, ജിന്റോ ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു