മത്തിയുടെ ലഭ്യതയും വളര്‍ച്ചയും പ്രധാനമായും പാരിസ്ഥിതിക മാറ്റങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ഇവയുടെ ലഭ്യതയില്‍ തകര്‍ച്ച നേരിടാതിരിക്കാന്‍ സുസ്ഥിരമായ മത്സ്യബന്ധന രീതികള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.
കൊച്ചി: കേരള തീരത്ത് മത്തി കുഞ്ഞുങ്ങള്‍ ധാരാളമായി പ്രത്യക്ഷപ്പെടുന്ന സാഹചര്യത്തില്‍, പിടിക്കാവുന്ന നിയമപരമായ വലിപ്പമായ (എം എല്‍ എസ്) 10 സെ.മീ താഴെയുള്ള കുഞ്ഞുങ്ങളെ പിടിക്കുന്നത് കര്‍ശനമായി ഒഴിവാക്കണമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). അനുകൂലമായ മഴയില്‍ കടലോപരിതലം കൂടുതല്‍ ഉല്‍പാദനക്ഷമമായതാണ് മത്തി വന്‍തോതില്‍ കേരള തീരത്ത് ലഭ്യമാകാന്‍ കാരണമെന്ന് അടുത്തിടെ സിഎംഎംഎഫ്ആര്‍ഐ പഠനം വ്യക്തമാക്കിയിരുന്നു. എണ്ണത്തില്‍ വര്‍ധനവുണ്ടായതോടെ ഭക്ഷ്യലഭ്യതയില്‍ ക്രമേണ കുറവുണ്ടാവുകയും അത് വളര്‍ച്ചയെ ബാധിച്ചതായും പഠനം കണ്ടെത്തിയിരുന്നു.എന്നാല്‍, മത്തിയുടെ വളര്‍ച്ചയുമായി ബന്ധപ്പെട്ട് സിഎംഎഫ്ആര്‍ഐയുടെ പഠനം തെറ്റായി വിലയിരുത്തപ്പെടുന്നത് ശ്രദ്ധയില്‍ പെട്ടതായും മത്തി ഇനി വളരില്ല എന്ന രീതിയിലുളള വ്യാഖ്യാനങ്ങള്‍ ഒട്ടും ശരിയല്ലെന്നും സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ ഗ്രിന്‍സണ്‍ ജോര്‍ജ് പറഞ്ഞു.
ചെറുമത്സ്യബന്ധനം ഒരു തരത്തിലും പ്രോത്സാഹിപ്പിക്കരുത്. തീരക്കടലുകള്‍ ഇപ്പോഴും ഉയര്‍ന്ന ഉല്‍പ്പാദനക്ഷമമാണെന്നതിനാല്‍ ചെറുമത്തികള്‍ ധാരാളമായി കാണപ്പെടുന്നുണ്ട്. ഇതിനെ സുസ്ഥിരമായി പ്രയോജനപ്പെടുത്താന്‍ എം എല്‍ എസ് പ്രകാരമുള്ള നിയന്ത്രിത മത്സ്യബന്ധനമാണ് വേണ്ടത്. സുസ്ഥിരത ഉറപ്പാക്കാനും മത്സ്യത്തൊഴിലാളികളുടെ ഉപജീവനം സംരക്ഷിക്കാനും ഇതാവശ്യമാണ് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ പറഞ്ഞു.
മത്തിയുടെ ലഭ്യതയും വളര്‍ച്ചയും പ്രധാനമായും പാരിസ്ഥിതിക മാറ്റങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ഇവയുടെ ലഭ്യതയില്‍ തകര്‍ച്ച നേരിടാതിരിക്കാന്‍ സുസ്ഥിരമായ മത്സ്യബന്ധന രീതികള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. മത്തിയുടെ പ്രജനനത്തിനും കുഞ്ഞുങ്ങളുടെ വളര്‍ച്ചയ്ക്കും ഇത് നിര്‍ണായകമാണെന്നും സിഎംഎഫ്ആര്‍ഐ ഗവേഷകര്‍ ചൂണ്ടിക്കാട്ടി. തീരെ ചെറിയ മത്തി പിടിക്കുന്നത് മത്തി ലഭ്യതയെ ദോഷകരമായി ബാധിക്കാന്‍ കാരണമാകുമെന്ന് പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ യു ഗംഗ പറഞ്ഞു.

