അനധികൃതമായി നടക്കുന്ന വഴിയോരക്കച്ചവടത്തിനും വാഹനങ്ങളിലെ വ്യാപാരത്തിനുമെതിരെ നിരവധി തവണ പരാതി നല്‍കിയെങ്കിലും നാളിതുവരെ നടപടിയുണ്ടായിട്ടില്ല
കൊച്ചി: ചെറുകിട, ഇടത്തരം വ്യാപാരികളെ പ്രതിസന്ധിയിലാക്കിക്കൊണ്ട് അനധികൃതമായി നടക്കുന്ന വഴിയോരങ്ങളിലെയും വാഹനങ്ങളിലെയും കച്ചവടം അവസാനിപ്പിക്കാന്‍ അധികാരികള്‍ ഇനിയും നടപടിയെടുക്കുന്നില്ലെങ്കില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (കെ.വി.വി.ഇ.എസ്) യൂത്ത് വിംഗ് ശക്തമായ പ്രക്ഷോഭവുമായി രംഗത്തുവരുമെന്ന് ജില്ലാ പ്രസിഡന്റ് പ്രദീപ് ജോസ് പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് എറണാകുളം നിയോജക മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അനധികൃതമായി നടക്കുന്ന വഴിയോരക്കച്ചവടവും വാഹനങ്ങളിലെ വ്യാപാരവും അവസാനിപ്പിക്കണമന്നൊവശ്യപ്പെട്ട് നിരവധി തവണ കൊച്ചി കോര്‍പ്പറേഷനും എറണാകുളം ആര്‍ടിഒയ്ക്കും പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നല്‍കിയതല്ലാതെ നാളിതുവരെ യാതൊരു വിധ നടപടിയും ഉണ്ടായിട്ടില്ല. ഇനിയും ഇതിനെതിരെ നോക്കി നില്‍ക്കാന്‍ കഴിയില്ലെന്നും നടപടിയില്ലെങ്കില്‍ ശക്തമായി പ്രക്ഷോഭം ആരംഭിക്കുമെന്നും പ്രദീപ് ജോസ് പറഞ്ഞു. യൂത്ത് വിംഗ് നിയോജക മണ്ഡലം പ്രസിഡന്റ് ജംഷീര്‍ വാഴയിലില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടെന്‍സന്‍ ജോര്‍ജ് , ട്രഷറര്‍ എ. നടരാജ്, ദീപു ജോസഫ്, ബിനു തേവര, റഷീദ് തേവര, ജോര്‍ജ് ജെയിന്‍ , ഷാജി കത്രിക്കടവ് , ജലീല്‍ ചിറ്റൂര്‍, അലന്‍ ജോസഫ്, സതീഷ് ചേരാനല്ലൂര്‍, ജോജി സേവ്യര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

